Advertisment

വായ്പാ പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിന്മേലുളള വിധിയിൽ സംസ്ഥാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; വായ്പ വെട്ടിക്കുറച്ചെന്ന് ആക്ഷേപിക്കുമ്പോഴും അത് ബോധ്യപ്പെടുത്താനായില്ലെന്ന് കോടതി; പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം മുന്നോട്ട് വെച്ച കണക്കുകളും സുപ്രീംകോടതി തളളി; ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിൻെറ വാദവും നിരാകരിച്ച് സുപ്രീംകോടതിയുടെ ഉത്തരവ്

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന് എതിരായ ഹ‍ർജി ഭരണഘടനാ ബഞ്ചിന് വിട്ടതിനെയും നേട്ടമായി പ്രകീർത്തിച്ച് രംഗത്ത് വന്ന ധനമന്ത്രി സുപ്രിം കോടതി ഉത്തരവിൻെറ പൂ‍ർണരൂപം പുറത്തുവന്ന ശേഷം പ്രതികരിച്ചിട്ടില്ല.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
supreme court1.jpg

തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സ‍ർക്കാരിൻെറ നടപടി ചോദ്യം ചെയ്തു കൊണ്ടുളള കേരളത്തിന്റെ ഹര്‍ജിയിന്മേലുളള സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാനത്തിനെതിരെ ഗുരുതരമായ വിമ‍‍ർശനങ്ങൾ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന് ആക്ഷേപം ഉന്നയിക്കുന്ന കേരളത്തിന് അത് കോടതിയെ ബോധ്യപ്പെടുത്താനായില്ല എന്നതാണ് സുപ്രീംകോടതി ഉത്തരവിലെ ഗുരുതരമായ വിമ‍ർശനം. കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്നും ഉത്തരവിൽ

പറയുന്നുണ്ട്. കേരളം അവകാശപ്പെട്ടതിലെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടിയതോടെ സംസ്ഥാന സ‍ർക്കാരിൻെറ വാദങ്ങൾ പൂ‍ർണമായും നിരാകരിക്കപ്പെടുകയാണ്.

Advertisment

വായ്പാ പരിധി വെട്ടിക്കുറച്ചെന്ന് ആരോപിക്കുമ്പോഴും അതുമൂലം കേരളത്തിന് സംഭവിച്ച പരിഹരിക്കാനാവാത്ത നഷ്ടം എന്താണെന്ന് ബോധ്യപ്പെടുത്താനായിട്ടില്ലെന്ന് വിധിന്യായത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. പതിനായിരം കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹ‍ർജി നൽകിയെതെങ്കിലും അത്രയും തുക കടമെടുക്കാനുളള അവകാശം എങ്ങനെയാണ് ഉളളതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിലും കേരളത്തിന് വീഴ്ച സംഭവിച്ചുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


 കേരളത്തിൻെറ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു കൊണ്ടുളള ഉത്തരവിലാണ് ഈ ഗുരുതരമായ വിമ‍ർശനങ്ങൾ ഉളളത്.


ഹർജി ഭരണഘടനാ ബഞ്ചിന് വിട്ട കോടതി തീരുമാനത്തെ സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഉത്തരവിലെ വിമ‍ർശനങ്ങൾ കനത്ത തിരിച്ചടിയാണ്. കേന്ദ്ര സർക്കാർ നിശ്ചയിച്ച വായ്പാ പരിധിയിലും കൂടുതൽ വായ്പയെടുക്കാൻ അവകാശമുണ്ടെന്ന വാദം കോടതി തളളിക്കഞ്ഞിട്ടുണ്ട്. 2017 - 20 കാലത്ത് കേരളം അധികമായി കടമെടുത്തുവെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവെച്ചുകൊടുക്കുകയാണ്. 2023 - 24 സാമ്പത്തിക വര്‍ഷവും കേരളം കടമെടുപ്പ് പരിധി മറികടന്നുവെന്ന കേന്ദ്ര നിരീക്ഷണവും ഉത്തരവിൽ ശരിവെയ്ക്കുന്നുണ്ട്. ഒരു സാമ്പത്തിക വ‍ർഷം പരിധി കവിഞ്ഞ് കടമെടുത്താല്‍ അടുത്ത സാമ്പത്തിക വർഷത്തെ വായ്പാപരിധിയിൽ കുറവ് വരുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്.

കോടതി ഇടപെടലിലൂടെ ഇതിനകം കേരളത്തിന് ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 13,608 കോടി രൂപ വായ്പ എടുക്കാൻ അനുമതി നൽകിയത് പരാമർ‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം പറയുന്നത്. സാമ്പത്തിക വർഷത്തിൻെറ അവസാനം ഇത്രയും തുക വായ്പ എടുക്കാനായത് കേരളത്തിന്  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇടക്കാല ആശ്വാസമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.വായ്പാ പരിധിയുമായി ബന്ധപ്പെട്ട ഹ‍ർജിയിലൂടെ കേരളം ഉന്നയിച്ച വിഷയങ്ങളില്‍ ഭരണഘടനാപരമായ വ്യാഖ്യാനം ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി രണ്ടംഗ ബെഞ്ച്, ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിൻെറ ഘടനയും  അതിലെ അംഗങ്ങളെയും  ചീഫ് ജസ്റ്റിസ് പിന്നീട് തീരുമാനിക്കും.  


കേരളത്തിന്റെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോ എന്നതടക്കമുളള വിഷയങ്ങളിൽ ഭരണഘടനാ ബെഞ്ച് വിധി പറയും.


വായ്പാ പരിധി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിലെ സംസ്ഥാനത്തിന് എതിരായ വിമർശനങ്ങൾക്ക് തിരഞ്ഞെടുപ്പ് കാലമായതിനാൽ തന്നെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കാരണം ഹർജിയെ തുടക്കം മുതൽ തന്നെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാരും ഇടത് മുന്നണിയും ശ്രമിച്ചുപോരുന്നത്. ധനപരമായി കേരളത്തെ ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ ഞെരുക്കുന്നുവെന്നും അതിനെ ചോദ്യം ചെയ്യാതെ കോൺഗ്രസ് - യു.ഡി.എഫ് എം.പിമാ‍ർ പ്രോത്സാഹിപ്പിക്കുകയാണെന്നുമുളള പ്രചരണമാണ് സർക്കാരും മുന്നണിയും അഴിച്ചുവിട്ടത്.  അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ ഉത്തരവിലെ വിമ‍ർശനങ്ങളെ രാഷ്ട്രീയ വായനക്ക് വിധേയമാക്കുമ്പോൾ സർക്കാരിന് കാര്യങ്ങൾ അത്രകണ്ട് ശുഭകരമല്ല. ഹ‍ർജി ഭരണഘടനാ ബഞ്ചിന് വിട്ടു എന്നതിനപ്പുറം വായ്പാപരിധി വെട്ടിക്കുറച്ചതിന് എതിരായ ഹർ‍ജി കൊണ്ട് കേരളത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല.

 വായ്പാ പരിധി സംബന്ധിച്ച  ഹർ‍ജിയും അതിന്മേലുളള സുപ്രീംകോടതി നിരീക്ഷണങ്ങളും ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടയിൽ സുപ്രീംകോടതി ഉത്തരവിലെ ഈ വിമർശനങ്ങൾ സർക്കാരിനും ഇടത് മുന്നണിക്കും കനത്ത തിരിച്ചടിയാണ്. അർ‍ഹതപ്പെട്ട വായ്പ നിഷേധിക്കുന്നതിന് എതിരായ ഹർജിയെ തുടർന്ന് സാമ്പത്തിക വർഷത്തിൻെറ അവസാനം 13000 കോടി രൂപ വായ്പയെടുക്കാൻ കോടതി അനുമതി നൽകിയപ്പോൾ വലിയ വിജയമായി സംസ്ഥാന സർക്കാരും എൽ.ഡി.എഫ് നേതൃത്വവും ചൂണ്ടിക്കാട്ടിയിരുന്നു.

വായ്പയെടുക്കാൻ കോടതി മുഖാന്തിരം അനുമതി ലഭിച്ചതിന് പിന്നാലെ കുടിശികയായിരുന്ന സാമൂഹ്യ ക്ഷേമപെൻഷൻെറ രണ്ട് ഗ‍ഡു കൂടി നൽകാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു. കേന്ദ്രത്തിൻെറ സമീപനം മൂലമാണ് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാനാകാതെ കുടിശിക ആയതെന്നും വായ്പാനുമതി ലഭിച്ചപ്പോൾ യഥേഷ്ടം തുക അനുവദിക്കുന്നുവെന്നും സമർത്ഥിക്കാനും പ്രചരിപ്പിക്കാനുമാണ് ആ അവസരത്തെ സർക്കാരും മുന്നണിയും ഉപയോഗിച്ചത്.കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദം ഉച്ചത്തിൽ ഉന്നയിക്കാനുളള അവസരമായും അതിനെ ഉപയോഗപ്പെടുത്തി.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന് എതിരായ ഹ‍ർജി ഭരണഘടനാ ബഞ്ചിന് വിട്ടതിനെയും നേട്ടമായി പ്രകീർത്തിച്ച് രംഗത്ത് വന്ന ധനമന്ത്രി സുപ്രിം കോടതി ഉത്തരവിൻെറ പൂ‍ർണരൂപം പുറത്തുവന്ന ശേഷം പ്രതികരിച്ചിട്ടില്ല.

"സുപ്രീംകോടതിയുടെ ഈ ഇടക്കാല വിധി കേരളം പോലെ സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകും എന്നാണ് പ്രതീക്ഷ.ഇത്തരം കാര്യങ്ങൾ ന്യായമായ ആവശ്യങ്ങളായി കാണാൻ രാഷ്ട്രീയ തിമിരം ബാധിച്ച പ്രതിപക്ഷ കക്ഷികൾ തയ്യാറാകുന്നില്ല.മുൻവർഷങ്ങളിലേക്കാൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചവർഷമാണിത്. നിരന്തരമായി കേരളത്തിന് കിട്ടാനുള്ളതെല്ലാം വെട്ടിച്ചുരുക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി, അർഹമായ കാര്യങ്ങൾക്ക് വേണ്ടി എവിടെയും പോകാൻ സർക്കാർ തയ്യാറാണ്''  ഇതായിരുന്നു ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുളള തീരുമാനം വന്നപ്പോഴുളള മന്ത്രിയുടെ പ്രതികരണം                                               

Advertisment