Advertisment

എം.ജി. ആറും എൻ.ടി.ആറും സിനിമയിൽ അഭിനയിച്ചു കൊണ്ട് ഭരണം നടത്തിയവർ; സുരേഷ് ഗോപി സിനിമയുടെ പേരിൽ മന്ത്രിപദം വേണ്ടെന്നു വയ്ക്കാൻ തയ്യാറായത് ക്യാബിനറ്റ് പദം കിട്ടാത്തതിനാൽ തന്നെ !  ടൂറിസം, പെട്രോളിയം വകുപ്പുകൾ നൽകി സുരേഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ച് കേന്ദ്രം; 10 വകുപ്പുകളുടെ നിയന്ത്രണം തേടിയ സുരേഷിന് വിനയായത് സ്വന്തം നാവു തന്നെ

സ്ഥാനമേറ്റ് 24 മണിക്കൂറിനകം അപ്രീതി പ്രകടമാക്കിയ സുരേഷിന് ഉടൻ ക്യാബിനറ്റ് പദവി നൽകിയേക്കുമെന്ന് സൂചനയുണ്ട്. മോദിയുമായും അമിത് ഷായുമായും സുരേഷ് ചർച്ച നടത്തിയിരുന്നു

New Update
suresh gopi-6

തിരുവനന്തപുരം: പത്ത് വകുപ്പുകളുടെ സ്വാധീനം തനിക്കുണ്ടാവണമെന്നും കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും പ്രതിനിധിയാണെന്നുമൊക്കെ മന്ത്രി സ്ഥാനം കിട്ടുംമുൻപേ തുറന്നടിച്ചതാണ് സുരേഷ് ഗോപിക്ക് വിനയായതെന്നാണ് വിലയിരുത്തൽ. ക്യാബിനറ്റ് പദവി കിട്ടാതായതോടെയാണ് ലഭിച്ച മന്ത്രിപദം വേണ്ടെന്നു വയ്ക്കാൻ സുരേഷ് തയ്യാറായത്. എം.ജി. ആറും എൻ.ടി.ആറും സിനിമയിൽ അഭിനയിച്ചു കൊണ്ട് ഭരണം നടത്തിയവരാണെന്നിരിക്കെ, സുരേഷ് ഗോപി സിനിമയുടെ പേരിൽ മന്ത്രിപദം വേണ്ടെന്നു വയ്ക്കാൻ തയ്യാറായത് ക്യാബിനറ്റ് പദം കിട്ടാത്തതിനാൽ തന്നെയാണ്. ടൂറിസം, പെട്രോളിയം വകുപ്പുകൾ നൽകി സുരേഷിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം.

Advertisment

സുരേഷ് ഗോപി അഭിനയിക്കുന്ന ഒരു സിനിമയുടെയും ചിത്രീകരണം ആരംഭിച്ചിട്ടില്ല. മമ്മൂട്ടിയുടെ സിനിമാ കമ്പനി അടക്കം പ്രൊഡക്ഷൻ കമ്പനികളുമായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കിട്ടിയ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവിയിൽ ഇരുന്നുകൊണ്ടു തന്നെ തന്റെ സിനിമകൾ പൂർത്തിയാക്കാൻ സുരേഷിന് കഴിയും. സുരേഷിന്റെ ഈ ഇച്ഛ കൂടി മനസിലാക്കിയാവണം കേന്ദ്രം ഈ പദവി നൽകിയത്. എന്നാൽ ക്യാബിനറ്റ് പദവി കിട്ടാതായതോടെ സത്യപ്രതിജ്ഞ കഴിഞ്ഞ് 24 മണിക്കൂറിനകം പദവി ഒഴിയാൻ സുരേഷ് താത്പര്യം പരസ്യമായി അറിയിക്കുകയായിരുന്നു.


ആറ് സിനിമകൾ അഭിനയിക്കാൻ എഗ്രിമെന്റ് ഒപ്പിട്ടു എന്നാണ് സുരേഷ് പറയുന്നത്. എന്നാൽ തൃശൂരിൽ മത്സരിച്ച് ജയിച്ചത് മുഴുവൻ സമയവും അവിടുത്തെ ജനനായകനായും ജനപ്രതിനിധിയായും അവിടെ ഉണ്ടാവും എന്ന ഉറപ്പ് നൽകിയാണ്.


 എം.പി സ്ഥാനം അത്തരത്തിൽ നടത്തേണ്ട പദവിയാണ്. സുരേഷിന്റെ അപക്വമായ ടി.വി അഭിമുഖ പരാമർശം ഇന്റലിജൻസ് ബ്യൂറോ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 10 വകുപ്പുകളിലെ സ്വാധീനവും തമിഴ്നാടിന്റെ പ്രതിനിധിയും പോലുള്ള അതിരുവിട്ട പരാമർശം പരിഗണിച്ചാണ് സുരേഷിന് ഇപ്പോൾ ക്യാബിനറ്റ് പദവി നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്. പ്രവർത്തനം വിലയിരുത്തി ഭാവിയിൽ ക്യാബിനറ്റ് പദവി നൽകിയാലും അൽഭുതപ്പെടാനില്ല.

തൃശൂരിൽ വിജയിച്ച് കേരളത്തിൽ ബിജെപിക്കായി ചരിത്രമെഴുതിയ തനിക്ക് മാത്രമായിരിക്കും കേരളത്തിൽ നിന്ന് മന്ത്രി സ്ഥാനം കിട്ടുക എന്ന് സുരേഷ് ധരിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജോർജ്ജ് കുര്യന് ക‌ൂടി മന്ത്രി സ്ഥാനം നൽകിയതോടെ സുരേഷ് ഇടയുകയായിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ദില്ലിയിൽ നിൽക്കാതെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സുരേഷ്. അമിത് ഷാ വിളിച്ചിട്ടും ഫോണെടുത്തില്ല. പിന്നീട് നരേന്ദ്ര മോദി വിളിച്ചാണ് ഉടൻ ദില്ലിയിലെത്താൻ ആവശ്യപ്പെട്ടത്. എന്നിട്ടും ടിക്കറ്റ് ഇല്ല എന്നതടക്കം കാരണം പറഞ്ഞ് സുരേഷ് ഉഴപ്പാൻ ശ്രമിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തിരുവനന്തപുരത്ത് നിന്ന് ദില്ലിക്കുള്ള വിസ്താര വിമാനത്തിൽ സുരേഷിനും അമ്മയ്ക്കും ഭാര്യയ്ക്കും 3 സീറ്റ് ശരിയാക്കിയത്. ഇതെല്ലാം സുരേഷിന്റെ അപ്രീതി തുറന്നു കാട്ടുന്നതാണ്.

സ്ഥാനമേറ്റ് 24 മണിക്കൂറിനകം അപ്രീതി പ്രകടമാക്കിയ സുരേഷിന് ഉടൻ ക്യാബിനറ്റ് പദവി നൽകിയേക്കുമെന്ന് സൂചനയുണ്ട്. മോദിയുമായും അമിത് ഷായുമായും സുരേഷ് ചർച്ച നടത്തിയിരുന്നു. അതിനു ശേഷം സുരേഷ് സന്തുഷ്ടനാണ്. ടൂറിസം, പെട്രോളിയം വകുപ്പുകൾ നൽകിയതിലും സുരേഷ് സന്തുഷ്ടനാണെന്നാണ് വിവരം. ഒരു വകുപ്പിന്റെ സ്വതന്ത്ര ചുമതല കൂടി സുരേഷിന് നൽകാനും ഇടയുണ്ട്.

Advertisment