കസേരയാണ് പ്രശ്‌നം ! കുമരകത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ 'മൂകാഭിനയം'. ഉദ്ഘാടനത്തിനു എത്തിയിട്ട് ഒന്നും മിണ്ടാതെ മടക്കം. അതൃപ്തരായി ബി.ജെ.പി. പ്രവര്‍ത്തകര്‍

കുമരകത്ത് എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയില്‍ അതൃപ്തരായി ബി.ജെ.പി. പ്രവര്‍ത്തകര്‍

New Update
sg kumarakom

കോട്ടയം: കുമരകത്ത് എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയില്‍ അതൃപ്തരായി ബി.ജെ.പി. പ്രവര്‍ത്തകര്‍. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം കുമരകം ചന്തക്കവലയില്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനായാണു  കേന്ദ്ര മന്ത്രി എത്തിയത്.

Advertisment

ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, സംസ്ഥാനകമ്മറ്റിയംഗം ബി. രാധാകൃഷ്ണമേനോന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു. കുമരകത്ത് എത്തിയ സുരേഷ് ഗോപിക്കു ഹൃദ്യമായ സ്വീകരണമാണു  പ്രവര്‍ത്തകര്‍ നല്‍കിയത്. സന്തോഷത്തോടെ അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു.


തുടര്‍ന്നു വേദിയിലേക്ക്. വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. ഇതിനിടെ വേദിയില്‍ ഒരുക്കിയിരുന്ന കസേരയുടെ അടുത്തേക്ക് എത്തിയ അദ്ദേഹം കസേരയുടെ വിരിപ്പ് ഊരി മാറ്റി നോക്കി. അത്ര പുതിയ കസേരയായിരുന്നില്ല ഉണ്ടായിരുന്നത്. ഇതോടെ കസേര നീക്കിയിട്ടു.


sg kumarakom 1

കേന്ദ്രമന്ത്രിയുടെ അതൃപ്തി കണ്ടതോടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ ഭയപ്പെട്ടു. ഇതോടെ നേതാക്കൾ ക്ഷമ ചോദിച്ചെത്തി. പക്ഷേ, സുരേഷ് ഗോപിയാകട്ടേ ഒന്നും സംസാരിക്കാതെ ക്ഷമ ചോദിക്കാന്‍ എത്തിയ നേതാക്കളോട് പ്രശ്‌നമൊന്നുമില്ലെന്ന് ആഗ്യം കാട്ടി. 

പിന്നീട് വേദിയില്‍ ഇരിക്കാന്‍ തയ്യാറാകാതെ മെമ്പര്‍ഷിപ്പ്‌ വിതരണത്തിലേക്ക് അദ്ദേഹം കടന്നു. ഉടന്‍ തന്നെ മടങ്ങുകയും ചെയ്തു. കേന്ദ്ര മന്ത്രി പ്രസംഗിക്കുന്നതും കാത്തു തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ക്കു നിരാശ സമ്മാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

കുമരകത്ത് എത്തുന്നതിനു മുന്‍പു കേന്ദ്രമന്ത്രി മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനെത്തിയപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞു ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്തു മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ വാഹനം കാത്ത് അഞ്ചു മിനിറ്റോളം നില്‍ക്കേണ്ടി വന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പടിഞ്ഞാറെ നടയില്‍ കാത്തുനില്‍ക്കുകയായിരുന്നു.


അഞ്ചു മിനിറ്റു കഴിഞ്ഞിട്ടും വണ്ടി കാണാതെ വന്നതോടെ അവിടെയുണ്ടായിരുന്ന ഓട്ടോയില്‍ കയറി സുരേഷ് ഗോപി കുമരകത്തേക്കു പോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയെക്കണ്ട് ഓട്ടോക്കാരന്‍ പരിഭ്രമിച്ചെങ്കിലും വണ്ടി മുന്നോട്ടെടുക്കാന്‍ നിര്‍ദേശം നല്‍കി.


 രണ്ടു കിലോ മീറ്റര്‍ ഓട്ടോയില്‍ പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്നില്‍ എത്തിയപ്പോഴേക്കും വിവരം അറിഞ്ഞു വാഹനം വ്യൂഹം എത്തി. ഗണ്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തില്‍ കുമരകത്തേക്കു എത്തുകയായിരുന്നു.

Advertisment