/sathyam/media/media_files/2025/01/02/mixcollage-02-jan-2025-05-2.jpg)
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പോകുന്നവർ ഉടുപ്പ് ധരിച്ച് ഉള്ളിൽ കയറാമെന്ന സച്ചിദാനന്ദ സ്വാമിയുടെ പ്രസ്താവനയെ തള്ളി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുന്നു.
പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യയീകരിച്ചത് ശരിയായില്ലെന്ന വിമർശനത്തിലൂടെ ആചാര സംരക്ഷണമെന്ന കാര്യമാണ് സർക്കാരിനെതിരെ അദ്ദേഹം വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നത്.
ശബരിമല സ്ത്രീപ്രവേശന സംബന്ധിച്ചുണ്ടായ സംഭവവികാസങ്ങൾക്കിടെയാണ് ആദ്യമായി ആചാരസംരക്ഷണമെന്ന കാര്യം എൻ.എസ്.എസ് ഉയർത്തിയത്.
ക്ഷേത്രദർശന കാര്യത്തിലും കാലങ്ങളായി പഴക്കമുള്ള ആചാരം പാലിക്കേണ്ടത് തന്നെയാണെന്ന നിലപാടാണ് സർവ്വീസ് സൊസൈറ്റിക്കുള്ളതെന്ന കാര്യമാണ് ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നത്.
ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന യോഗത്തിലാണ് മഠാധിപതി സ്വാമി സച്ചിദാനന്ദ ഇത്തരമൊരു പ്രസ്താവന നടത്തിയത്. പിന്നാലെ പ്രസംഗിച്ച പിണറായി വിജയൻ അത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ശിവഗിരി മഠത്തിന് എന്തധികാരമാണെന്ന ചോദ്യം ഉയർത്തുന്ന സുകുമാരൻ നായർ അതേ വിഷയത്തിൽ പിന്തുണ നൽകിയ സർക്കാരിനെയും രാഷ്ട്രീയമായി പ്രഹരിക്കുകയാണ്.
ഹിന്ദുക്കളുടെ കാര്യത്തിൽ നിരന്തരം ഇടപെട്ട് അഭിപ്രായം പറയുന്ന സർക്കാർ എന്ത് കൊണ്ട് ഇതര മതവിഭാഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന വിമർശനവും അദ്ദേഹമുയർത്തിയത് സർക്കാരിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് സച്ചിദാനന്ദ സ്വാമി വ്യക്തമാക്കിയിട്ടും ഇതിൽ തുടർ പ്രതികരണത്തിന് മുഖ്യമന്ത്രിയോ മന്ത്രിമാരോ സർക്കാർ വൃത്തങ്ങളോ തയ്യാറായിട്ടില്ല.
ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ഉടുപ്പഴിക്കേണ്ടതില്ലെന്ന സ്വാമിയുടെ പ്രസ്താവന ചർച്ചയായതോടെ അങ്ങനെ ഒരു കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ ആചാര സംരക്ഷണത്തിനായി നടത്തിയ എൻ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയും തുടർനടപടികളും സി.പി.എമ്മിനും എൽ.ഡി.എഫിനും ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല.
2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയൊഴികെ എല്ലായിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ച് കയറിയതോടെ സ്ത്രീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിന് നിലപാട് മാറ്റേണ്ടതായും വന്നിരുന്നു.