തിരുവനന്തപുരം: പതിനായിരം കോടി കൂടി കടമെടുക്കാൻ സുപ്രീംകോടതിയിൽ കേസിനു പോയെങ്കിലും ഫലമില്ലാതായതോടെ, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവും. ശമ്പളത്തിനും പെൻഷനും കൊടുക്കാൻ പോലും പണമില്ലാതെ വലയുകയാണ് സംസ്ഥാനം. ഇതിനിടയിലാണ് കടമെടുത്ത് വികസന പ്രവർത്തനങ്ങളടക്കം നടത്താനുള്ള ശ്രമം പാളിയത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു മാസം കടന്നുകിട്ടാൻ 3000 കോടി രൂപ അധികം കണ്ടെത്തേണ്ടിവരും. കടമെടുക്കാനുള്ള ശ്രമം പാളിയത് ശമ്പളവിതരണത്തെ അടക്കം ബാധിക്കാനിടയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
ധനപ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപയുടെ കടമെടുക്കലിനുകൂടി കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന കേരളത്തിന്റെ സ്യൂട്ട് ഹർജിയിലെ നിർണായക വിഷയങ്ങൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതോടെയാണ് ഉടനടി കടമെടുക്കാമെന്ന സംസ്ഥാനത്തിന്റെ ആഗ്രഹം പാളിയത്. കേരളത്തിന്റെ അധിക കടമെടുക്കൽ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.
കോടതി ഇടപെടലിലൂടെ 13608 കോടിയുടെ അധിക വായ്പാനുമതി കേന്ദ്രം നൽകിയ സാഹചര്യത്തിൽ ഇനിയും പതിനായിരം കോടി കടമെടുപ്പ് അനുവദിക്കാനാവില്ലെന്ന കേന്ദ്രവാദം കോടതി അംഗീകരിക്കുകയായിരുന്നു.
അധിക വായ്പയെടുക്കലിന് അനുമതി നൽകിയാൽ അടുത്ത സാമ്പത്തികവർഷത്തിൽ ആ തുക കുറയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഇത് കേരളത്തിന് ഗുണം ചെയ്യില്ല. ഇപ്പോൾ പണം കിട്ടിയാലും അടുത്ത സാമ്പത്തിക വർഷത്തെ വിഹിതത്തിൽ കുറച്ചാൽ അപ്പോൾ കടുത്ത പ്രതിസന്ധിയുണ്ടാവും.
മൊത്ത ആഭ്യന്തരഉൽപാദനത്തിന്റെ മൂന്നു ശതമാനമാണ് വായ്പയെടുക്കാൻ കഴിയുന്നത് 36000 കോടിയാണ് അങ്ങനെ കിട്ടുന്നത്. രണ്ടു ഘട്ടമായേ ലഭിക്കൂ. ഡിസംബർ വരേയ്ക്കുള്ള വായ്പ ആദ്യമേ വേണമെങ്കിൽ വാങ്ങാം. സെപ്തംബർ വരെ പിടിച്ചു നിൽക്കുന്നത് ഈ വായ്പ കൊണ്ടായിരിക്കും. വിവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്രം വെട്ടിക്കുറച്ചാൽ സ്ഥിതി പരുങ്ങലിലാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കണക്കുകൾ ഇങ്ങനെ:
11284 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മാസവരുമാനം. പ്രതിമാസ ചെലവിന് 14674 കോടി കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോൾ. പ്രതിമാസം ശരാശരി 3390 കോടി വായ്പയെടുത്താലേ ചെലവുകൾ കഴിക്കാനാവൂ എന്നതാണ് സ്ഥിതി. വിവിധ മാർഗങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കുകയല്ലാതെ സംസ്ഥാനത്തിന് ഇനി പിടിച്ചുനിൽക്കാനാവില്ല.
അങ്ങനെ വരുമ്പോൾ സേവന ഫീസുകളും നികുതികളുമെല്ലാം വർദ്ധിപ്പിക്കേണ്ടി വരും. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ ഗ്രാന്റ് നേടിയെടുക്കാനും ശ്രമമുണ്ടാവണമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.