/sathyam/media/media_files/2025/03/11/GP39xn6azGyIU8w3JvFJ.jpg)
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം അവസാനിച്ചിട്ടും സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും അവസരം ലഭിക്കാത്തവരുടെ പ്രതിഷേധ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല. ഇത്തവണ പതിവിലും കൂടുതൽ പരാതികളാണ് ഉയർന്നത്.
പല സ്ഥാനങ്ങളും പ്രതീക്ഷിച്ചവർക്കും വാഗ്ദാനം ചെയ്യപ്പെട്ടവർക്കും അത് ലഭിക്കാതെ പോയത് പല കാരണങ്ങൾ കൊണ്ടാണ്. അതിൽ തിരഞ്ഞെടുപ്പ് തോൽവി മുതൽ സംഘടനാ പ്രശ്‌നങ്ങൾ വരെയുണ്ട്.
ചില നേതാക്കളുടെ കണ്ണിൽ കരടായവർക്കും ചിലരുടെ വഴിയിൽ തടസങ്ങളായവർക്കും പദവി നഷ്ടമായിട്ടുണ്ട്. ഇത്തരത്തിൽ നേതാക്കളുടെ അമർഷവും അടിമുടി പ്രശ്‌നങ്ങളുമായാണ് തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് സിപി.എം കടക്കുന്നത്.
പതറിയ പദ്മകുമാർ
സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചെങ്കിലും ഏറ്റവും ആദ്യം പരസ്യ വിമർശനവുമായി രംഗത്തെത്തിയത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലയിലെ സമുന്നത നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പദ്മകുമാറാണ്. തന്നെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും തഴഞ്ഞ നടപടി അദ്ദേഹത്തിന് അപ്രതീക്ഷിതമായിരുന്നു.
പാർട്ടി പ്രവർത്തനത്തിൽ 52 വർഷത്തെ ബാക്കിപത്രം ചതിവ്, വഞ്ചന അവഹേളനം എന്ന് ധ്വനിപ്പിക്കുന്ന വിധമായിരുമായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്.
വളരെ സീനിയറായ തന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല തീരെ ചെറിയ കാലയളവിൽ പാർട്ടിയിൽ പ്രവർത്തിച്ച മന്ത്രി വീണ ജോർജ്ജിന് സ്ഥിരം ക്ഷണിതാവെന്ന പദവി നൽകിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
എക്കാലത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്തനായിരുന്നു അദ്ദേഹം. വി.എസ്- പിണറായി ദ്വന്ദങ്ങളുടെ വിഭാഗീയ പോരിൽ എന്നും പിണറായിക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹത്തെയാണ് ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ അരിഞ്ഞു വീഴ്ത്തിയത്.
ജില്ലാ സമ്മേളനത്തിന് മുമ്പ് മുതിർന്ന രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി ഹർഷകുമാറും പദ്മകുമാറും തമ്മിൽ ജില്ലാ കമ്മിറ്റിയിൽ നടന്ന കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കയ്യാങ്കളിയിലേക്ക് എത്തിയത് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനുള്ള ഒരു കാരണമായി കരുതപ്പെടുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് പദ്മകുമാറിനെ അനുനയിപ്പിക്കാൻ എത്തിയ സി.പി.എം പത്തനംതിട്ട ജില്ലാസെക്രട്ടറി രാജു ഏബ്രഹാമിനൊപ്പം ഹർഷകുമാറും അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ച നടത്തിയത്.
ഇതിന് പുറമേ ലോക്സഭാ തെരെഞ്ഞെടുപ്പിൽ തോമസ് ഐസക്കിൻറെ തോൽവിയിലേക്കും ചിലർ വിരൽ ചൂണ്ടുന്നുണ്ട്.
ജില്ലയിലെ അഞ്ച് സീറ്റുകളും എൽ.ഡി.എഫ് ജയിച്ചിട്ടും പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവി വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.
രണ്ട് തവണ മത്സരിച്ച വീണ ജോർജ് മണ്ഡലം ഒഴിയുമ്പോൾ സീറ്റ് തനിക്ക് ഉറപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സ്ഥാനമായിരുന്നു സംസ്ഥാന കമ്മിറ്റിയിലെ അംഗത്വം. അത് കൈവിട്ടതോടെയാണ് പദ്മകുമാർ പരസ്യവിമർശനം നടത്തിയതെന്നും കരുതപ്പെടുന്നു.
കുതറിയ കടകംപള്ളി
ആനാവൂർ നാഗപ്പൻ പാർട്ടി സംസ്ഥാന സെക്രട്ടേറയറ്റിൽ നിന്നും പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പുറത്ത് പോകുമ്പോൾ സ്വാഭാവികമായും തനിക്ക് സെക്രട്ടേറിയറ്റിൽ അംഗത്വം ലഭിക്കുമെന്നായിരുന്നു കടകംപള്ളിയുടെ വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല.
പകരം സംസ്ഥാന കമ്മിറ്റിയിലേക്ക് വാമനപുരം എം.എൽ.എ ഡി.കെ മുരളിയാണ് എത്തിയത്. ഇതോടെ നിലവിൽ തലസ്ഥാന ജില്ലയ്ക്ക് സെക്രട്ടേറിയറ്റിൽ പ്രാതിനിധ്യമില്ലാത്ത അവസ്ഥയായി. കടകംപള്ളിയെ ഒഴിവാക്കിയതിന് പിന്നിൽ സോഷ്യൽ എൻജിനിയറിംഗ് കാരണങ്ങളും പറയപ്പെടുന്നുണ്ട്.
നിലവിൽ സെക്രട്ടേറിയറ്റിൽ എത്തിയ സി.കെ മോഹനൻ (എറണാകുളം), എം.വി ജയരാജൻ (കണ്ണൂർ), കെ.കെ ശൈലജ (കണ്ണൂർ) എന്നീ മൂന്ന് പേരും ഈഴവ വിഭാഗത്തിൽ നിന്നുള്ളവരാണ്.
അതോടെ കടകംപള്ളിയുടെ ആദ്യ സാധ്യത അടഞ്ഞു. ഏരിയ സേമ്മളനം നടക്കുന്നതിനിടെ പാർട്ടിവിട്ട് പുറത്ത് പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി കടകംപള്ളിയുടെ അടുത്തയാളായിരുന്നു.
നിലവിലെ ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ നിലയുറപ്പിച്ചിരുന്ന മധുവിന് കടകംപള്ളിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ജോയിക്ക് ലഭിക്കുന്ന മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ കടകംപള്ളിയുടെ സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
മുമ്പ് പിണറായി പക്ഷത്ത് നിലയുറപ്പിച്ചതാണ് കടകംപള്ളിക്ക് ജില്ലാ സെക്രട്ടറിയായി നറുക്ക് വീണത്. അതിന് ശേഷം മന്ത്രിസ്ഥാനവും ലഭിച്ചു. എന്നാൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ ചില പരാമർശങ്ങളിൽ കടകംപള്ളിയും പെട്ടിരുന്നു.
ഇതും കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമേ പല സദാചാര വിഷയങ്ങളിലും ചില ഓഡിയോ അടക്കം പ്രചരിച്ചിരുന്നു. ഇതെല്ലാം പാർട്ടി കണക്കിലെടുത്തതാവാമെന്നും കരുതപ്പെടുന്നു.
കരുത്ത് ചോർന്ന് പി.ജയരാജൻ
നിരവധി കാരണങ്ങളാണ് പി.ജയരാജന് സെക്രട്ടേറിയറ്റ് അംഗത്വം നിഷേധിക്കാൻ കാരണമായത്. പി.വി അൻവറെന്ന ഇടത് സ്വതന്ത്ര്യ എം.എൽ.എ പാർട്ടി സമ്മളനങ്ങൾ തുടങ്ങും മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ജയരാജന്റെ അനുഗ്രഹാശിസ്സുകളോടെയാണെന്ന തരത്തിൽ അന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
പാർട്ടിയിൽ ഉയരുന്ന അനഭിലഷണീയ പ്രവണതകൾ തിരുത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയ അൻവർ മുഖ്യമന്ത്രിയുമായി തെറ്റിയതോടെ പാർട്ടിക്ക് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.
ആത്യന്തികമായി പി.ശശിയെ വരിഞ്ഞുമുറക്കാനുള്ള രാഷ്ട്രീയ തുറുപ്പായി അൻവർ മാറിയപ്പോഴാണ് പ്രശ്‌നങ്ങളുടെ ഗതി മാറിയത്.
ശശിക്ക് വേണ്ടി മുഖ്യമന്ത്രി തന്നെ കളത്തിലിറങ്ങിയതോടെ നിൽക്കക്കള്ളിയില്ലാതെ അൻവർ വീണു. അതോടെ പ്രശ്‌നങ്ങൾ അടങ്ങിയെങ്കിലും ഇതിന് പിന്നിൽ ആരാണെന്ന് അറിയാനുള്ള ജില്ലയിലെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണത്തിൽ പി.ജയരാജൻ തെളിഞ്ഞു വന്നുവെന്നും ചില കേന്ദ്രങ്ങൾ പറയുന്നു.
കണ്ണൂരിലെ മുതിർന്ന സി.പി.എം നേതാക്കളിൽ പ്രമുഖനാണ് പി.ജയരാജൻ. പല ഘട്ടങ്ങളിലും പിണറായി വിജയനുമായി കൈകോർത്ത ജയരാജൻ പിന്നീട് അദ്ദേഹവുമായി തെറ്റിയിരുന്നു.
തുടർന്നുണ്ടായ വ്യക്തി പൂജ വിവാദമടക്കം അദ്ദേഹത്തെ ഒതുക്കാനുള്ള ആയുധമായി പാർട്ടിക്കകത്തും പുറത്തുമുള്ള ശത്രുക്കൾ ഉപയോഗപ്പെടുത്തി.
തന്നെ ഒഴിവാക്കി സെക്രട്ടേറിയറ്റ് അംഗങ്ങളെ നിശ്ചയിച്ച് കൊണ്ട് അവതരിപ്പിച്ച പാനലിനെ കമ്മിറ്റിയിൽ ജയരാജൻ ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടുകൾ ഇതുവരെ അദ്ദേഹം നിഷേധിച്ചിട്ടില്ല. പി.പി ദിവ്യയുടെ വിഷയമടക്കം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയ കാര്യങ്ങൾ കണ്ണൂരിൽ അരങ്ങേറുകയും ചെയ്തിരുന്നു.
ഇതിന് പുറമേയാണ് പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ എം.വി ജയരാജൻ, കെ.കെ ശൈലജ എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത്. ഒരു ജില്ലയിൽ നിന്നും ഒന്നിലധികം പേർ ഉൾപ്പെട്ടതോടെ സ്വാഭാവികമായും പി.ജയരാജന്റെ സാധ്യത മങ്ങി.
എന്നാൽ അതിന്റെ പ്രതിഷേധം ഇപ്പോഴും ജില്ലയിൽ പ്രകടമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ എത്തിയ എം. പ്രകാശൻ കണ്ണൂരിൽ ജില്ലാ സെക്രട്ടറിയാവാനാണ് സാധ്യത. അതോടെ ടി.വി രാജേഷിന്റെ സാധ്യതകൾക്കും മങ്ങലേറ്റിട്ടുണ്ട്.
മോഹഭംഗവുമായി എം.ബി രാജേഷ്
പാലക്കാട്ട് നിന്നുള്ള മന്ത്രികൂടിയായ സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷാണ് സെക്രട്ടേറിയറ്റ് അംഗത്വമോഹം പൊലിഞ്ഞ മറ്റൊരാൾ. അത് നടക്കാത്തതിൽ പല ഉള്ളുകളികളും സംശയിക്കപ്പെടുന്നു.
ചുരുങ്ങിയ കാലയളവിൽ സ്പീക്കർ പദവി കൈകാര്യം ചെയ്ത് വിജയിപ്പിച്ച രാജേഷിനെ കോടയേരിയുടെ മരണത്തോടെയാണ് എക്‌സൈസ് മന്ത്രിപദം തേടിയെത്തിയത്.
അന്നുവരെ എം.വി ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകളാണ് അദ്ദേഹം പാർട്ടി സെക്രട്ടറിയായതോടെ രാജേഷിന് ലഭിച്ചത്. അതിന് മുൻകൈയെടുത്തതും ഗോവിന്ദനാണെന്ന് കരുതപ്പെടുന്നു.
എന്നാൽ പിന്നീട് ഗോവിന്ദനെ വിട്ട് അദ്ദേഹം പിണറായിക്കൊപ്പം നിലയുറപ്പിച്ചു. മുമ്പ് റിയാസ് വിരുദ്ധ ചേരിയിലെ ആളായിരുന്നു രാജേഷെന്നാണ് പാർട്ടിയിൽ അണിയറ സംസാരമുണ്ടായിരുന്നത്.
എന്നാൽ നിലവിൽ പണറായിക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹത്തെ ഗോവിന്ദൻ നേരിട്ട് തന്നെ അരിഞ്ഞുവീഴ്ത്താനുള്ള സാധ്യതയാണ് കാണുന്നത്.
ഒരു ആരോപണവും ഇല്ലാതിരുന്ന രാജേഷിന് നേർക്ക് നിലവിലെ ബ്രൂവറി വിഷയത്തിൽ ഗൗരവതരമായ ആരോപണങ്ങളാണ് ഉയർന്ന് വന്നത്. അത് കണക്കിലെടുത്തിട്ടുണ്ടാവാമെന്നും കരുതപ്പെടുന്നു.
ഇതിന് പുറമേ പാലക്കാട് മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. കോൺഗ്രസിൽ നിന്നും പിണങ്ങപ്പിരിഞ്ഞ് എത്തിയ പി. സരിൻ ജയിക്കുമെന്ന അമിത ആത്മവിശ്വാസവും നിരർത്ഥകമായതിന്റെ ഉത്തരവാദത്വവും രാജേഷിന്റെ ചുമലിൽ ഉണ്ടായേക്കാം.
ഇതിന് പുറമേ ഇപ്പോഴും സംഘടനാ പ്രശ്‌നങ്ങളും ആഴത്തിലുള്ള വിഭാഗീയതയും ജില്ലയിലെ ചില നേതാക്കൾ രാജേഷിനെതിരെ തിരിയാൻ കാരണമായി.
പകരം സുകന്യയല്ല
കണ്ണൂരിൽ നിന്നുള്ള ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന നേതാവായ എൻ.സുകന്യയ്ക്കും സംസ്ഥാന കമ്മിറ്റിയിൽ ഇടം കിട്ടിയില്ല. മുതിർന്ന നേതാവായ പി.കെ ശ്രീമതി പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പുറത്ത് പോകുമെന്ന് ഉറപ്പിച്ചിരുന്നതോടെ സുകന്യയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കൂടിയായിരുന്ന പി. പി ദിവ്യ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്നു. അവർക്ക് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു.
എന്നാൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണം കേരളത്തിലാകെ ചർച്ചയാവുകയും തുടർപ്രതികരണങ്ങൾ നടക്കുകയും അവർ കേസിൽപ്പെട്ട് പാർട്ടി നടപടിക്ക് വിധേയയാവുകയും ചെയ്തതോടെ സുകന്യയ്ക്ക് സാധ്യത ഏറിയിരുന്നു.
എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്നും ഇടം ലഭിച്ചത് എം. പ്രകാശനാണ്. ദിവ്യയ്ക്ക് പകരക്കാരിയായി സുകന്യ വേണ്ടെന്ന പാർട്ടി തീരുമാനമാവാം നടപ്പായതെന്നും പറയപ്പെടുന്നുണ്ട്.
സി.പി.എമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ ഏറെ പങ്ക് വഹിക്കുന്ന കണ്ണൂർ ജില്ല നേതാക്കളുടെ അഭിപ്രായവ്യത്യാസം കൊണ്ട് ഇപ്പോൾ കുപ്രസിദ്ധമാണ്. ജില്ലയിൽ പാർട്ടിയുടെ അടിത്തറ സുഭദ്രമായത് കൊണ്ട് തന്നെ വിഭാഗീയ പ്രശ്‌നങ്ങൾ കാര്യമായി അവിടെ നിന്നും പുറത്ത് വരാറില്ല.
പക്ഷേ ജില്ലയിലെ പാർട്ടിയിൽ പല തട്ടുകൾ രൂപപ്പെട്ടതോടെ പാർട്ടിക്കുള്ളിൽ വിഭാഗീയത മൂലമുള്ള പ്രശ്‌നങ്ങൾ തിളച്ചുമറിയുന്നുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ അംഗത്വമില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സുകന്യ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പും ചർച്ചയായിരുന്നു.
'ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എൻറെ ഒരു സഖാവാണ്..... ചെഗുവേര' -എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇംഗ്ലീഷിലുള്ള കുറിപ്പ് ചർച്ചയായതോടെ തനിക്ക് പാർട്ടി നടപടിയിൽ വിഷമമില്ലെന്ന വിശദീകരണവും അവർ നടത്തിയിരുന്നു.