/sathyam/media/media_files/2025/03/13/WFLSZkJBhvEbbsKL10f0.jpg)
തിരുവനന്തപുരം: കേരളാ പ്രദേശ് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരന് നേരെ പാർട്ടിയുടെ സൈബർ പോരാളികളുടെ ആക്രമണം.
കോൺഗ്രസ് പ്രവർത്തകർ രക്തസാക്ഷിയാക്കിയ സഹോദകരൻ ജി.ഭുവനേശ്വരനെ മറന്നാണ് സുധാകരൻ സെമിനാറിന് പോയതെന്നാണ് സി.പി.എം സൈബർ പേജുകളിൽ ഉയരുന്ന വിമർശനം.
ജി.സുധാകരന്റെ ജന്മനാടായ കരിമുളയ്ക്കലിന് അടുത്തുളള പ്രദേശമായ ചുനക്കരയിലുളള സി.പി.എം സൈബർ പോരാളി എഴുതിയ പോസ്റ്റ് അതേപടി പകർത്തിയിരിക്കുന്നതാണ് മിക്ക പേജുകളിലും കാണുന്നത്.
അതുകൊണ്ടുതന്നെ അടുത്തിടെയായി പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ജി.സുധാകരനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണമാണെന്ന് വ്യക്തമാണ്.
എന്നാൽ സഹോദരനെ കൊലപ്പെടുത്തിയവരുടെ പരിപാടിയിൽ പങ്കെടുത്തതിന് സുധാകരനെ അധിക്ഷേപിക്കുന്ന സൈബർ പോരാളികൾ എസ്.എഫ്.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ എ.ബി.വി.പി പ്രവർത്തകൻ പിന്നീട് പാർട്ടിയിൽ അംഗമായതും തൃശൂർ ജില്ലയിൽ നിന്ന് പലതവണ എം.എൽ.എയായതും സൗകര്യ പൂർവം മറക്കുകയാണെന്ന് ജി.സുധാകരനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
പട്ടാമ്പി കോളജിലെ വിദ്യാർത്ഥിയായിരുന്ന സെയ്താലി എന്ന എസ്.എഫ്.ഐ പ്രവർത്തകനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ എ.ബി.വി.പി പ്രവർത്തകനാണ് പുതിയ പേരിൽ സി.പി.എമ്മിൽ എത്തിയത്.
ഈ ചോദ്യം ജി.സുധാകരൻ വരും ദിവസങ്ങളിൽ ഉന്നയിക്കാനും സാധ്യതയുണ്ട്.
കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിൽ ജി സുധാകരനെതിരായ രൂക്ഷ വിമർശനങ്ങൾ ആവർത്തിക്കാൻ തുടങ്ങിയത്.
''കെ.പി.സി.സിയുടെ പരിപാടിക്ക് ഇറങ്ങുമ്പോൾ സാർ ഒന്ന് വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞു നോക്കണമായിരുന്നു. അവിടെ മാലയിട്ട് തൂക്കിയ ഒരു ഫോട്ടോ കാണാം സ: ജി ഭൂവനേശ്വരന്റെത്. കോൺഗ്രസിന്റെ കുട്ടി ക്രിമിനൽ സംഘം തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിയതാണ് സാർ ഭൂവനേശ്വരനെ.
ഒരു നേരത്തേക്കെങ്കിലും സാറിനു ആ ചുടു രക്തത്തെ മറക്കാൻ കഴിഞ്ഞിരിക്കുന്നു. ഇനി മുതൽ സാർ മനോരമയുടെ സീമന്ത പുത്രനാകും..
ചാനലുകളുടെ ലൈവുകളിൽ മിന്നി തിളങ്ങി നിൽക്കാം കാരണം സി.പി.ഐ.എമ്മിനെതിരെ കിട്ടുന്ന അവസരങ്ങൾക്കൊക്കെ നിലവിൽ നല്ല ഡിമാൻഡ് ആണ് കേരളത്തിൽ.
അത് ചരിത്രത്തിലും അത് അങ്ങനെയാണ്. പക്ഷെ ആ ഡിമാണ്ടുകൾ പൊടുന്നനെ ആർക്ക് വേണ്ടാത്തവരരായി മാറുന്നത് ചരിത്രത്തിൽ നാം കണ്ടിട്ടുണ്ട്.
കെ ആർ ഗൗരി, എം വി ആർ, സിന്ധു ജോയി, അൻവറിൽ എത്തി നിൽക്കുന്ന ചരിത്രം. ആരോടാണ് സാർ നിങ്ങളീ ചക്കളത്തി പോരാട്ടം നടത്തുന്നത്.
നിങ്ങളെ ജീവിത കാലം മുഴുവൻ എം.എൽ.എ ആക്കിയ പാർട്ടിയോടോ? രണ്ട് തവണ മന്ത്രി ആക്കിയ പാർട്ടിയോടോ? വേരോടെ അറുത്തു വീണ കോൺഗ്രസിന് കുറച്ചു നേരെത്തെക്കെങ്കിലും ജീവൻ കൊടുക്കാൻ താങ്കൾ ആരാണ് സാർ?
താങ്കളെ ജി സുധാകരൻ ആക്കിയ പാർടിയെയും, കേരളത്തെയും മുചൂടും നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന ബിജെപി ക്കൊപ്പം ചേർന്ന് നിൽക്കുന്ന കോൺഗ്രസിനുള്ള വടി കൊടുത്തപ്പോൾ താങ്കളുടെ മൂല്യം ഉയർന്നെന്ന് സാറിനു തോനുന്നുന്നുണ്ടോ? നല്ല കമ്മ്യൂണിസ്റ്റ് ആയി എന്ന് സാറിനു തോന്നുന്നുണ്ടോ?
പാർട്ടി അല്ല സാറാണ് ശരി എന്ന് സാറിനു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ സാറിനു തെറ്റി സാർ. ധീരജ് എന്ന കുഞ്ഞിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയപ്പോൾ ഇരന്നു വാങ്ങിയ മരണം എന്ന് കുരച്ചു നടന്നവൻ നടത്തുന്ന പരിപാടിയിൽ പോയി വീമ്പു പറയാൻ താങ്കൾക്ക് ലജ്ജയില്ലേ സാർ?
സാർ അല്ല ശരി! സാറിനെ വല്ല്യ മന്ത്രിയും എം.എൽ.എയുമൊക്കെ ആക്കിയത് പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്തത്തിനു അല്ല സാർ, പുന്നപ്രയിലും വയലാറിലും രക്തം ചീന്തിയവർ പടുത്തുയർത്തിയ പാർട്ടിയിലെ കേവലം ഒരു കേഡർ ആയത് കൊണ്ട് മാത്രമാണ് സാർ.
കേവലം കമ്മിറ്റിയിൽ നിന്നും മാറിയാൽ കമ്മ്യൂണിസ്റ്റ് മൂല്യമൊക്കെ വലിയ ചുടുകാട്ടിൽ കത്തിച്ചു കളയാൻ ഉള്ളതാണോ സാർ. നേതൃത്വത്തിലിരിക്കുമ്പോൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയെ കുറിച്ച് എത്ര തവണ വാചാലനായിട്ടുണ്ടാകും അത് നേതൃത്വത്തിലിരിക്കുമ്പോൾ മാത്രം മതി എന്നാണോ?
അതൊക്കെ കേട്ടു നിന്ന എത്ര നിഷ്കളങ്കർ ഇപ്പോൾ താങ്കളെ നോക്കി ചിരിക്കുന്നുണ്ടാകും. തൽക്കാലം ആ ചിരികളുടെ കൂടെ കൂടാനെ നിവൃത്തിയുള്ളൂ സാർ.
ഏതായാലും താങ്കൾക്ക് ഒരു ഭാഗ്യം ലഭിച്ചു അതിൽ സാറിനു സന്തോഷിക്കാൻ വകയുണ്ട്. അതൊരു ചരിത്രപരമായ ഭാഗ്യമാണ്.എ.കെ.ജി രോഗശയ്യയിൽ കിടക്കുമ്പോഴും കോൺഗ്രസുകാർ വിളിച്ചത് കാലൻ വന്നു വിളിച്ചാലും പോവാത്തതെന്തേ കോവാലാ എന്നാണ്.!
സാധാരണ മരിച്ചു കഴിഞ്ഞാൽ മാത്രമേ മനോരമയും കോൺഗ്രസും കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രശംസിക്കാറുള്ളു സാറിനു അത് നേരത്തെ ലഭിച്ചു. പക്ഷെ അതിനു മുമ്പ് ജി സുധാകാരൻ എന്ന കമ്മ്യൂണിസ്റ്റ്, സഖാക്കളുടെ മനസുകളിൽ അകാല ചരമം പ്രാപിക്കും എന്നാണ് തോന്നുന്നത്.
സഖാവ് ഭുവനേശ്വരന്റെ പാർട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി സാർ ഒരുപാട് നല്ല പിള്ള ചമഞ്ഞു.
പുച്ഛമാണ് സാർ പരമ പുച്ഛം 👍'' ഇതാണ് ജി.സുധാകരനെതിരെ ചുനക്കര സ്വദേശി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.ഇതാണ് പിന്നീട് എല്ലാ സി.പി.എം സൈബർ പോരാളികളും ഏറ്റുപിടിച്ചത്.
75 വയസ് പ്രായത്തിന്റെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ഇടക്കിടെ പാർട്ടി നേതൃത്വത്തെ വിമർശിക്കാറുളള ജി. സുധാകരൻ,സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചും രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തിൻെറ ഭാഗമായി മൊഴിയും വഴിയും - ആശയ സാഗരസംഗമം എന്ന പേരിൽ കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തത്.
ഇന്നലെ നടന്ന സെമിനാറിൽ പാർട്ടിക്ക് എതിരെ ഒന്നും പറയുകയോ വിമശിക്കുകയോ ചെയ്തില്ലെങ്കിലും ഇന്ന് രാവിലെ മുതൽ സി.പി.എം സൈബർ പോരാളികൾ ജി.സുധാകരനെതിരെ വ്യാപക ആക്രമണം തുടങ്ങുകയായിരുന്നു.
എറണാകുളം ജില്ലയിലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ നേതാവ് ഉൾപ്പെടെ സുധാകരനെതിരായ വിമർശനം നടത്തിയവരിലുണ്ട്.
കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട സഹോദരൻ ജി.ഭുവനേശ്വരനെ മറന്നു എന്നതാണ് സൈബർ പോരാളികൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. പന്തളം എൻ.എസ്.എസ് കോളജിൽ കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരൻ വധിക്കപ്പെട്ടത്.