പൂരം കലക്കലും അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങൾ ഏറെ. എങ്കിലും എം. ആർ. അജിത് കുമാറിന് സർക്കാരിന്റെ പൂർണ പിന്തുണ. പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള പട്ടികയിൽ എം. ആർ. അജിത് കുമാറും. വിവാദങ്ങൾ എന്തായാലും എം. ആർ. അജിത് കുമാറിനെന്നും പിണറായി സർക്കാരിന്റെ പിന്തുണ

സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാൻ പോലും മുഖ്യമന്ത്രി  പിണറായി വിജയൻ കൂട്ടാക്കിയില്ല. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
m r ajithkumar ips pinarayi

തിരുവനന്തപുരം: പൂരം കലക്കലും അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ എ.ഡി.ജി.പി എം. ആർ. അജിത് കുമാറിന് ഒപ്പം തന്നെ. 

Advertisment

സംസ്ഥാനെത്തെ പുതിയ പോലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള പട്ടികയിൽ അജിത് കുമാറിനെയും ഉൾപ്പെടുത്തിെ കൊണ്ടാണ് സർക്കാർ ഒപ്പം ഉണ്ടെന്ന പരസ്യ വാചകം അന്വർത്ഥമാക്കിയത്. 


പൂരം കലക്കലിനെ കുറിച്ച് പ്രഖ്യാപിച്ച ത്രിതല അന്വേഷണവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനെത്തെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും നടക്കുമ്പോഴാണ് അജിത് കുമാറിനെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള പട്ടികയിൽ ഉൾപ്പെടുത്തി പ്രതിബദ്ധത അറിയിച്ചത്. 


എം.ആർ അജിത് കുമാർ ഉൾപ്പെടെ 6 മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന പട്ടികയാണ് കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥൻ.

വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം  എസ് പി ജി അഡീഷണൽ ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത്, എഡിപി മനോജ് എബ്രഹാം, ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ രവത ചന്ദ്രശേഖർ  എന്നിവരാണ് ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ കൂടാതെ പട്ടികയിൽ ഉള്ളത്. 


സംസ്ഥാനം നൽകുന്ന പേരുകളിൽ നിന്നാണ് കേന്ദ്രസർക്കാർ പോലീസ് മേധാവിയായി പരിഗണിക്കേണ്ടവരുടെ  ചുരുക്കപ്പട്ടിക  തയ്യാറാക്കുന്നത്. 


പിണറായി സർക്കാർ അധികാരം ഏറ്റ ശേഷം ഇതര സംസ്ഥാനക്കാരായ ഐപിഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുള്ളത്. 

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ ടി പി സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സുപ്രീം കോടതിയിൽ പോയി നടപടി റദ്ദാക്കിച്ച സെൻകുമാർ പോലീസ് മേധാവി സ്ഥാനത്തിരുന്നാണ് വിരമിച്ചത്. 


എന്നാൽ സെൻകുമാറിനു ശേഷം പിന്നീട് ഇങ്ങോട്ട് ഇതുവരെ മലയാളിയായ ഒരു ഉദ്യോഗസ്ഥനെയും സംസ്ഥാന പോലീസ് മേധാവിസ്ഥാനത്ത് നിയമിച്ചിട്ടില്ല, സെൻകുമാറിനു ശേഷം ലോക്നാഥ് ബഹറ ആയിരുന്നു സംസ്ഥാന പോലീസ് മേധാവി. 


ബഹ്റക്ക് ശേഷം അനിൽ കാന്തിനെയും പോലീസ് മേധാവിയായി നിയമിച്ചു. സിപിഎമ്മിന്റെ ആജ്ഞാനിവർത്തികളായി പ്രവർത്തിച്ച ടോമിൻ ജെ തച്ചങ്കരി അടക്കമുള്ളവരെ തഴഞ്ഞാണ് ഇപ്പോഴത്തെ പോലീസ് മേധാവിയായ ഡോ. ഷേഖ് ദർവേഷ് സാഹിബിനെ നിയമിച്ചത്. 

അനിൽ കാന്തിന് എന്നപോലെ സർവ്വേ സാഹിബിനും നിയമന കാലാവധി നീട്ടി നൽകിയിരുന്നു. ഇതോടെ കെ പത്മകുമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവി ആകാൻ കഴിയാതെ വന്നു. 


സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന ടി കെ വിനോദ് കുമാർ സ്വയം വിരമിക്കൽ നടത്തി സർവീസ് വിട്ടു. ഇപ്പോൾ ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ നിയമനത്തിന് സർക്കാർ നടപടി തുടങ്ങിയത്. 


പുതിയ പട്ടികയിൽ ആറു ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും എഡിജിപി എം ആർ അജിത് കുമാറിനോടാണ് സംസ്ഥാന സർക്കാരിന് താല്പര്യമെന്നത് സുവിദിതമാണ്. എല്ലാ ആരോപണങ്ങളും ഉയർന്നിട്ടും അജിത് കുമാറിനെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 

സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാൻ പോലും മുഖ്യമന്ത്രി  പിണറായി വിജയൻ കൂട്ടാക്കിയില്ല. 

ഭരണ മുന്നണിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഘട്ടത്തിലാണ് എഡിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സർക്കാർ മാറ്റിയത്.

Advertisment