/sathyam/media/media_files/2025/03/17/YF5KQnj44N1fgULLTwLo.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുളള അടുപ്പമെന്ന പേരിൽ രാഷ്ട്രീയ വിവാദമായി പരിണമിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുളള കൂടിക്കാഴ്ചയുടെ പിന്നിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അനൗദ്യോഗിത കൂടിക്കാഴ്ചയെന്ന് സർക്കാർ വാർത്താക്കുറിപ്പ് വിശേഷിപ്പിച്ച സംഭവത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മധ്യസ്ഥനായെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശദീകരണത്തിന് മുതിർന്നത്.
കേന്ദ്ര ധനമന്ത്രിയുമായുളള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് പാലം ഇട്ടത് ഗവർണർ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
നിർമലാ സീതാരാമന് നൽകിയ പ്രഭാത ഭക്ഷണ വിരുന്നിലേക്ക് ഗവർണറെ താനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
കേന്ദ്ര ധനമന്ത്രാലയത്തിന് ഒപ്പം കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കൂടി മന്ത്രിയായ നിർമലാ സീതാരാമനുമായി ഗവർണറുടെ മധ്യസ്ഥതയിൽ എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്നായിരുന്നു നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചക്കിടയിൽ രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനം.
കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ കൂടി ചുമതലയുളള മന്ത്രി എന്ന രമേശ് ചെന്നിത്തലയുടെ ഊന്നൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തെപ്പറ്റിയുളള പരോക്ഷ സൂചനയാണ്.
എന്നാൽ അത് തുറന്നുപറയാൻ രമേശ് ചെന്നിത്തല ധൈര്യപ്പെട്ടില്ല.'' എന്ത് അനൗദ്യോഗിക സന്ദർശനമാണ് ഗവർണറുടെ സാന്നിധ്യത്തിൽ നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയത്. ഗവർണർ നല്ല മനുഷ്യനാണ്. പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയമുണ്ട്.
ഗവർണറുടെ മധ്യസ്ഥതയിൽ എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണം. ധനവകുപ്പിൻ്റെയും കോർപ്പറേറ്റ്കാര്യ വകുപ്പിൻ്റെയും ചുമതലയുള്ള നിർമല സീതാരാമനുമായി എന്താണ് ചർച്ച ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സലാണ് നടന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ ബിജെപിയുമായി എൽ.ഡി.എഫിന് ധാരണ ഉണ്ടായിരുന്നു.'' രമേശ് ചെന്നിത്തല അഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചക്കിടെ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വിമർശനത്തിന്റെ മുന മനസിലാക്കിയെങ്കിലും പ്രകോപിതനാകാതെ സൗമ്യമായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ വിമർശനങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി ഗവർണറുടെ മധ്യസ്ഥതയുണ്ടെന്ന ആരോപണം തളളിക്കളഞ്ഞു.
ഗവർണർ എം.പിമാർക്ക് നൽകിയ വിരുന്നിൽ തന്നെ നേരത്തെതന്നെ ക്ഷണിച്ചിരുന്നു. അന്ന് എത്താൻ സൗകര്യപ്പെട്ടേക്കില്ലെന്ന് മറുപടി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പാർട്ടി യോഗത്തിനായി ഡൽഹിയിലേക്ക് പോയപ്പോൾ ഗവർണറും ആ വിമാനത്തിലുണ്ടായിരുന്നു.
വിരുന്നിൽ പങ്കെടുക്കുന്നകാര്യം ഗവർണർ വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ പങ്കെടുക്കാമെന്ന് അറിയിച്ചു. അടുത്ത ദിവസം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഭാത വിരുന്നിന് വരുന്നുണ്ടെന്നും പങ്കെടുക്കാനാകുമോയെന്ന് താനും അഭ്യർത്ഥിച്ചു.
അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഗവർണർ ഇട്ട പാലത്തിലൂടെയല്ല നിർമലാ സീതാരാമനെ കണ്ടത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് മാത്രമായിരുന്നു. ഔദ്യോഗികമായ ഒരു കൂടിക്കാഴ്ചയേ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ഒരാഴ്ച മുൻപ് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ പ്രഭാത വിരുന്നും കൂടിക്കാഴ്ചയും.ആരോപണത്തിന്റെ കരിമ്പുക ഉയർത്തി പ്രതിപക്ഷം സർക്കാരിന് അവഹേളിക്കുകയാണെന്നും ഇനിയെങ്കിലും തെറ്റ് തിരുത്തി മാപ്പ് പറയാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.