/sathyam/media/media_files/2025/03/18/NVDYTnGTzNjOCgbCeiyz.jpg)
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരള വികസനം സംബന്ധിച്ച രേഖയിൽ പ്രതിനിധികൾ എതിർപ്പുകളും ആശങ്കയും രേഖപ്പെടുത്തിയിരുന്നതായി സ്ഥിരീകരിച്ച് പാർട്ടിയുടെ ദേശിയ മുഖപത്രമായ പിപ്പീൾസ് ഡെമോക്രസി.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തെ കുറിച്ചുളള റിപ്പോർട്ടിലാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിൽ എതിർപ്പ് ഉയർന്നതായി സ്ഥിരീകരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിനിടെ മലയാള മാധ്യമങ്ങൾ വിയോജിപ്പുണ്ടെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാന നേതൃത്വം അത് നിഷേധിച്ചിരുന്നു.
കേന്ദ്ര നേതാക്കളും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയെപ്പറ്റി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. ആദ്യം രേഖ അവതരിപ്പിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
എന്നാൽ പ്രാഥമിക ഉൽപ്പാദന മേഖലകളായ കൃഷി,മത്സ്യബന്ധനം, കൃഷി അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ സംരക്ഷിക്കണമെന്നും രേഖയിന്മേലുളള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പ്രതിനിധികൾ ആവശ്യപ്പെട്ടതായി ദേശിയ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി സ്ഥിരീകരിക്കുകയാണ്.
രേഖയിലെ നിർദ്ദേശങ്ങളോട് പൊതുവേ യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കൃഷി, മത്സ്യബന്ധനം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ പ്രാഥമിക ഉൽപാദന മേഖലകളെ സംരക്ഷിക്കണമെന്നും, തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുളള സമാശ്വാസ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടതായാണ് പീപ്പിൾ ഡെമോക്രസിയിൽ പറയുന്നത്.
രേഖയിലെ നിർദ്ദേശങ്ങൾക്കെതിരായ വലതുപക്ഷ അജണ്ട ഉയർത്തിക്കാട്ടിയ പ്രതിനിധികൾ രേഖയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് പൊതുജന വിശ്വാസം ആർജിക്കണമെന്നും ആവശ്യപ്പെട്ടതായി പിപ്പീൾ ഡെമോക്രസിയിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
രേഖയിൽ പറയുന്ന കാര്യങ്ങൾ വെറും നിർദ്ദേശങ്ങൾ മാത്രമാണെന്നും തീരുമാനങ്ങളല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.
നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പ് നൽകിയതായും പീപ്പിൾ ഡെമോക്രസിയിലെ കുറിപ്പിൽ പറയുന്നുണ്ട്.
രേഖയിലെ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സമൂഹത്തിലെ താഴെക്കിടയിലുളളവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നതായി പീപ്പിൾ ഡെമോക്രസി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഏഴ് വനിതകൾ അടക്കം മൊത്തം 27 പ്രതിനിധികളാണ് നവകേരള രേഖയിന്മേലുളള ചർച്ചയിൽ പങ്കെടുത്തു.
കൊല്ലം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപോർട്ടിൻെറ വിശദാംശങ്ങളിലേക്കും പീപ്പിൾ ഡെമോക്രസിയിലെ റിപ്പോർട്ട് വെളിച്ചം വീശുന്നുണ്ട്.
കേരളത്തിലെ പാർട്ടി അംഗങ്ങളുടെ എണ്ണം പൊതുവിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും അതിൽ ഉൽകണ്ഠാകുലമായ ചില പ്രവണതകൾ ഉണ്ടെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും അംഗത്വത്തിൽ ഉണ്ടായ കുറവിലാണ് സംഘടനാ റിപ്പോർട്ട് ഉൽകണ്ഠ രേഖപ്പെടുത്തുന്നത്.
സ്വത്വ രാഷ്ട്രീയത്തിന്റെയും സമുദായിക ധ്രൂവീകരണത്തിന്റെയും ഫലമാണ് മുസ്ലിം ദളിത് മെംബർഷിപ്പിലുണ്ടായ കുറവിന് കാരണമെന്നാണ് സംഘടനാ റിപ്പോർട്ടിലെ നിരീക്ഷണം.
രാഷ്ട്രീയ പ്രചരണം രാഷ്ട്രീയവൽക്കരണം എന്നിവയുടെ കുറവാണ് യുവജന - വിദ്യാർത്ഥി വിഭാഗത്തിന്റെ അംഗത്വം കുറയാൻ കാരണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നതായി പീപ്പിൾ ഡെമോക്രസിയിലുണ്ട്.
വനിതാ മെംബർഷിപ്പ് പൊതുവിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും കൊൽക്കത്താ പ്ലീനം തീരുമാനിച്ച 25ശതമാനം എന്ന ലക്ഷ്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ലെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്.