കെ.ഇ ഇസ്മയിലിനെതിരായ നടപടിയിൽ മയപ്പെട്ട് സി.പി.ഐ നേതൃത്വം. പാർട്ടയിൽ നിന്ന് പുറത്താക്കൽ നടപടി വേണ്ടെന്ന് വിലയിരുത്തൽ. പി.രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണമാണ് പാർട്ടി നടപടിക്ക് പിന്നിൽ. സംസ്ഥാന എക്സിക്യൂട്ടിവ് കെ.ഇ.ഇസ്മയിലിന്റെ വിശദീകരണം തേടും. നടപടി പരസ്യ ശാസനയോ, താക്കീതോ. അല്ലാതെ വേറൊന്നും നടക്കില്ല

ദേശിയ എക്സിക്യൂട്ടിവിലെ മുൻ അംഗവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടയിൽ നിന്ന് പുറത്താക്കാനാണ് കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടിവിലെ ധാരണയെങ്കിലും കടുത്ത നടപടി വേണ്ടെന്നാണ് ഇപ്പോഴത്തെ ധാരണ. 

New Update
ISMAIL BINOY

തിരുവനന്തപുരം: മുൻ എം.എൽ.എ പി.രാജുവിന്റെ നിര്യാണത്തിന് പിന്നാലെ പിന്നാലെ പാർട്ടിയെ സംശയത്തിലാക്കുന്ന പ്രതികരണം നടത്തിയ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരായ നടപടി സി.പി.ഐ മയപ്പെടുത്തും.

Advertisment

ദേശിയ എക്സിക്യൂട്ടിവിലെ മുൻ അംഗവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടയിൽ നിന്ന് പുറത്താക്കാനാണ് കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടിവിലെ ധാരണയെങ്കിലും കടുത്ത നടപടി വേണ്ടെന്നാണ് ഇപ്പോഴത്തെ ധാരണ. 


നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കെ.ഇ.ഇസ്മയിലിന്റെ വിശദീകരണം പരിശോധിച്ച് അദ്ദേഹത്തെ പരസ്യമായി ശാസിക്കാനോ താക്കീത് ചെയ്യാനോ മാത്രമേ സാധ്യതയുളളു. 


പി.രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിന്റെ പേരിൽ ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ എറണാകുളത്തെ സി.പി.ഐ നേതൃത്വവും കടുത്ത നടപടിക്ക് അനുകൂലമല്ല.

സാമൂഹിക മാധ്യമങ്ങളിലൂടയും മാധ്യമങ്ങളിലൂടെയും  പ്രതികരിച്ച് പാർട്ടിയെ വെട്ടിലാക്കിയെന്ന കാരണം പറഞ്ഞ് ഇസ്മയിലിനെ പുറത്താക്കിയാൽ ഇപ്പോൾ നേരിട്ടതിനേക്കാൾ വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം.


നടപടി എടുത്ത് പുറത്താക്കിയാൽ പിന്നെ ഇസ്മയിൽ സ്വതന്ത്രനായി മാറും. പാർട്ടിയുമായുളള ബന്ധം വിഛേദിക്കപ്പെട്ടാൽ പിന്നെ പ്രതികരണങ്ങൾക്ക് ഒരു തടസവുമില്ല. 


ദീർഘ കാലം സി.പി.ഐയുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും പാർട്ടിയെ അക്ഷരാർത്ഥത്തിൽ നിയന്ത്രിക്കുകയും ചെയ്തിരുന്ന ഇസ്മയിലിന് ഞെട്ടിക്കുന്ന തരത്തിലുളള പല വെളിപ്പെടുത്തലുകൾ നടത്താനാകും. 

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടാലും ഇസ്മയിലിൻെറ വെളിപ്പെടുത്തലുകൾക്ക് പാർട്ടി പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും വിശ്വാസ്യത ലഭിക്കുകയും ചെയ്യും. 


അതുകൊണ്ട് ഇസ്മയിലിനെ പുറത്താക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം സി.പി.ഐ നേതാക്കളുടെ മുന്നറിയിപ്പ്. 


നേതാക്കളിൽ പലരും ഈ അഭിപ്രായം സംസ്ഥാന സെക്രട്ടറിയേയും ഇസ്മയിലിനെ പുറത്താക്കാൻ കച്ചകെട്ടിയിറിങ്ങിയിരിക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീറിനെയും അറിയിച്ചിട്ടുണ്ട്. 

ഇതോടെയാണ് ഇസ്മയിലിനെ പുറത്താക്കിയേ തീരുവെന്ന നിലപാടിൽ നിന്ന് നേതൃത്വം പിന്നോട്ട് പോയത്.


ഇസ്മയിലിനെ നടപടി എടുത്ത് പുറത്താക്കിയിൽ മുസ്ലിം ന്യൂനപക്ഷ പിന്തുണയിൽ ഇടിവ് ഉണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.പാർട്ടിയുടെ ന്യൂനപക്ഷ മുഖം ആയിരുന്ന ഇസ്മയിലിന് സമുദായത്തിൽ വലിയ സ്വാധീനമുണ്ട്.


പി.രാജുവിന്റെ മരണത്തിന് പിന്നാലെ പാർട്ടിയെ സംശയത്തിലാക്കുന്ന പ്രതികരണങ്ങളുടെ പേരിലാണ് കെ.ഇ.ഇസ്മയലിനോട് വിശദീകരണം തേടാൻ സി.പി.ഐ തീരുമാനിച്ചത്. 

ഈമാസം 7ന് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവാണ് പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകാൻ തീരുമാനിച്ചത്. 


മറുപടി ലഭിച്ചാൽ അടുത്ത സംസ്ഥാന എക്സിക്യൂട്ടീവിൽ തന്നെ നടപടി എടുക്കാൻ ധാരണയിൽ എത്തിയ ശേഷമാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. 


പി രാജുവിന്റെ നിര്യാണത്തിന് പിന്നാലെ പാർട്ടിയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം ചൂണ്ടിക്കാട്ടി സി.പി.ഐ എറണാകുളം ജില്ലാ കൗൺസിൽ കെ.ഇ.ഇസ്മയിലന് എതിരെ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

പി രാജൂവിനെതിരായ പാർട്ടിയുടെ അച്ചടക്ക  നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയിരുന്നതായി, ഇസ്മയിൽ മാധ്യമങ്ങളോട് പറഞ്ഞതാണ് എറണാകുളം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്. 


ജില്ലാ നേതൃത്വത്തിൻെറ നടപടികളോടുളള പ്രതിഷേധ സൂചകമായി പി.രാജുവിന്റെ ഭൗതിക ശരീരം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല.


ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന് നാണംകെട്ട് നിൽക്കുമ്പോഴാണ് പി.രാജുവിന്റെ ബന്ധുക്കളുടെ ആക്ഷേപങ്ങൾ ശരിവെച്ച് കൊണ്ട് ഇസ്മയിൽ ആദ്യം ഫേസ് ബുക്കിലും പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചത്. 

ഇസ്മയിലിന്റെ പ്രതികരണം  സി.പി.ഐക്ക് വലിയ തോതിൽ ക്ഷീണമുണ്ടാക്കി.എന്നാൽ അതിന്റെ പേരിൽ ഇസ്മയിലിനെ പുറത്താക്കിയാൽ അതിനേക്കാൾ വലിയ തിരിച്ചടി വരുമെന്ന ആശങ്കയാണ് നേതാക്കളെ കടുത്ത നടപടിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

Advertisment