/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
തിരുവനന്തപുരം:ഇടത് മുന്നണിയിലെ തിരുത്തൽ ശക്തിയെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് കടുകിടെ വ്യതിചലിക്കാത്തവരെന്നും അവകാശപ്പെടുന്ന സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ ഊറ്റം കൊളളൽ വെറും പാഴ്വാക്കാണെന്ന് വിമർശനം.
ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ച പെരുമാറ്റച്ചട്ടമാണ് പാർട്ടിക്കുളളിൽ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.
വിവിധ തലങ്ങളിലുളള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഹനിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥയാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.
സമ്മേളനങ്ങളിൽ പുതിയ കമ്മിറ്റികളെ നിശ്ചയിക്കുന്നതിന് മത്സരം അനുവദിക്കേണ്ടെന്നാണ് സംസ്ഥാന എക്സിക്യൂട്ടവ് അംഗീകരിച്ച പെരുമാറ്റ ചട്ടത്തിലെ പ്രധാന നിർദ്ദേശം.
സമ്മേളനങ്ങളിൽ പുതിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിന് സമവായത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴി സ്വീകരിക്കണം എന്നാണ് പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്നത്.
പെരുമാറ്റച്ചട്ടത്തിലെ നിർദ്ദേശം വകവെക്കാതെ ഏതെങ്കിലും സമ്മേളനങ്ങൾ മത്സരത്തിലേക്ക് പോയാൽ ആ സമ്മേളനങ്ങൾ അപ്പോൾ തന്നെ നിർത്തിവെക്കും.
പുതിയെ കമ്മിറ്റിയെ നിശ്ചയിക്കാൻ മത്സരം സംഘടിപ്പിക്കുന്നതിൽ വിഭാഗീയതയുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കിയശേഷമേ പിന്നീട് ഈ സമ്മേളനങ്ങൾ പൂർത്തീകരിക്കു.
വിഭാഗീയ ശ്രമങ്ങൾ നടക്കുന്ന കമ്മിറ്റികളിൽ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന നേതൃത്വത്തിനും എതിരെ പാർട്ടി സമ്മേളനങ്ങളിൽ ശക്തമായ പടയൊരുക്കമുണ്ടാകാനുളള സാധ്യത മുന്നിൽകണ്ടാണ് പ്രതിനിധികളുടെ ജനാധിപത്യപരമായ അവകാശം ഹനിക്കുന്ന നിർദ്ദേശങ്ങൾ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ആക്ഷേപം.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ-സംഘടനാ ഇടപെടലുകളിൽ പാർട്ടിക്കുളളിൽ പക്ഷങ്ങൾക്ക് അതീതമായി എല്ലാവർക്കും ഒരുപോലെ വിമർശനമുണ്ട്.
കാനം രാജേന്ദ്രനെ പോലെ രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളിൽ ആധികാരികതയോടെ ഇടപെട്ട നേതാവിൻെറ പിൻഗാമിയായി ബിനോയ് വിശ്വം വന്നത് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ സി.പി.ഐയിലെ ബഹുഭൂരിപക്ഷത്തിനും ഉൾക്കൊളളാനാവുന്നില്ല.
അതു കൊണ്ടുതന്നെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനുളള ശ്രമം ഉണ്ടാകാനാടിയുണ്ട്.
പാർട്ടിക്കുളളിൽ നിറയുന്ന അസംതൃപ്തി തിരിച്ചറിഞ്ഞാണ് സമ്മേളനങ്ങളിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് മത്സരം വിലക്കിയത്.
സമവായത്തിലൂടെ പുതിയ കമ്മിറ്റിയെ കണ്ടെത്തുമ്പോൾ വിമത ശബ്ദം ഉയർത്താനിടയുളളവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ നേതൃത്വത്തിന് എളുപ്പത്തിൽ കഴിയും.
അതാണ് പാർട്ടി സമ്മേളനങ്ങൾ ലോക്കൽ തലം കഴിഞ്ഞ് മണ്ഡലം തലത്തിലേക്ക് എത്തിയപ്പോൾ ധൃതിപിടിച്ച് പെരുമാറ്റചട്ടം കൊണ്ടുവന്നത്.
പാർട്ടി സംസ്ഥാന നേതൃത്വത്തിനും ഭരണത്തിൽ പങ്കാളികളായിരിക്കുന്ന മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയരാനുളള സാധ്യത കണക്കിലെടുത്തുളള പ്രതിരോധനീക്കങ്ങളും നിർദ്ദേശങ്ങളായി പെരുമാറ്റച്ചട്ടത്തിൽ കടന്നുകൂടിയിട്ടുണ്ട്.
അനാരോഗ്യകരമായ ചർച്ചകൾക്ക് വിലക്കേർപ്പെടുത്തുമെന്നാണ് പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നത്. സമ്മേളനങ്ങളിൽ അനാരോഗ്യകരമായ ചർച്ചകൾ സംഘടിപ്പിക്കുകയും അവയൊക്കെ മാധ്യമങ്ങളിലേക്ക് ചോർത്തി കൊടുക്കുകയും ചെയ്യുന്നത് കർശനമായി നിയന്ത്രിക്കണമെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ച പെരുമാറ്റച്ചട്ടം ആവശ്യപ്പെടുന്നത്.
സംഘടനാകാര്യങ്ങൾ സംബന്ധിച്ച കമ്മിറ്റിയാണ് പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പെരുമാറ്റച്ചട്ടം തയാറാക്കിയത്.ഈമാസം 20ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്ത് അന്തിമ രൂപം നൽകുകയായിരുന്നു.