/sathyam/media/media_files/2025/03/28/MMdEAzcyFL8YGStGIflh.jpg)
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ സി.പി.എം നേതാവ് പി.കെ ശ്രീമതിയുടെ മകന് എതിരായുള്ള ആരോപണത്തിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ഖേദപ്രകടനവും ഒടുവിൽ രാഷ്ട്രീയ വിവാദത്തിൽ കലാശിച്ചു.
താൻ കഴിഞ്ഞ ദിവസം നടത്തിയ ഖേദപ്രകടനം ഔദാര്യമെന്ന നിലയിലുള്ള ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ടീച്ചറിന്റെ മകനെപ്പറ്റിയുള്ള ആരോപണം കളവാണെന്ന് കാട്ടി അവർ കോടതിയിൽ കേസ് നൽകിയിരുന്നു.
അത് ഒത്തുതീർപ്പാക്കാമെന്ന് ഗോപാലകൃഷ്ണൻ കൂടി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളുടെ മുമ്പിലായിരുന്നു ബി.ജെ.പി നേതാവിന്റെ മാപ്പപേക്ഷ.
ഇതേ തുടർന്ന് ഖേദപ്രകടനം സൈബർ സഖാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിച്ചതോടെയാണ് പുതിയ ന്യായവാദങ്ങളുമായി ഗോപാലകൃഷ്ണൻ രംഗപ്രവേശം ചെയ്തത്.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ മാതൃകയാകട്ടെ എന്ന് കരുതിയാണ് ഖേദം രേഖപ്പെടുത്തിയത്. മകനെതിരായ ആരോപണത്തിന്റെ പേരിൽ ബന്ധുക്കൾ കളിയാക്കുന്നതടക്കം പറഞ്ഞ് ശ്രീമതി തന്റെ മുന്നിലിരുന്ന് കരഞ്ഞിരുന്നു.
ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടെന്ന് വിശ്വസിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. ഇതൊന്നും മനസിലാക്കാതെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും ഗോപാലകൃഷ്ണൻ ഇതുസംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
എന്നാൽ ഫേസ്ബുക്കിൽ ഇങ്ങനെ ഒരു വിശദീകരണം ഗോപാലകൃഷ്ണൻ നൽകുന്നുണ്ടെങ്കിലും ഖേദപ്രകടനം നടത്താൻ താൻ തയാറാണെന്ന കോടതിയിലെ ഒത്തുതീർപ്പ് രേഖ പുറത്തു വന്നിട്ടുണ്ട്.
ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ ഖേദ പ്രകടനം നടത്താൻ തയാറാണെന്ന് തന്നെയാണ് ഒത്തുതീർപ്പ് രേഖയിൽ പറയുന്നത്.
ഇതിൽ ഗോപാലകൃഷ്ണനും പി.കെ ശ്രീമതിയും ഇരുവരുടേയും അഭിഭാഷകരും ഒപ്പിട്ടിട്ടുണ്ട്.
ആരോപണം തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ ഖേദം പ്രകടിപ്പിക്കാം എന്ന് കോടതിയിൽ സമ്മതിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ അത് പറയുകയും ചെയ്തിട്ട് പിന്നീട് അത് മാറ്റിപ്പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായിരിക്കുന്നത്.
രേഖ പുറത്ത് വന്നത് ഗോപാലകൃഷ്ണൻ ഉന്നയിച്ച വാദങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടാണ് പി.കെ ശ്രീമതിക്കുള്ളത്.
കോടതിയിൽ തങ്ങൾ നേടിയ വിജയം സൂചിപ്പിച്ച് കൊണ്ട് അഭിഭാഷകനും സി.പി.എം നേതാവുമായ അരുൺ കുമാറും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.