/sathyam/media/media_files/2025/03/28/ihPzXKNk7V8cDtNH15uF.jpg)
തിരുവനന്തപുരം: പ്രായമായ പൗരന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പുതുതായി രൂപം കൊളളുന്ന വയോജന കമ്മീഷൻെറ ചെയർ പേഴ്സണായി മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എ.കെ.ബാലൻ നിയമിതനായേക്കും.
വയോജന കമ്മീഷൻ തലപ്പത്തേക്ക് എ.കെ.ബാലനെ നിയമിക്കാനുളള ചർച്ചകൾ സി.പി.എം നേതൃത്വത്തിലും സർക്കാർ തലത്തിലും ചർച്ചകൾ നടന്നുകഴിഞ്ഞു.
75 വയസ് പിന്നിട്ടതിനെ തുടർന്ന് സി.പി.എം നേതൃസമിതികളിൽ നിന്ന് ഒഴിവാകുന്ന എ.കെ.ബാലനുളള പുനരധിവാസം എന്ന നിലയിലാണ് അദ്ദേഹത്തെ വയോജന കമ്മീഷൻ തലപ്പത്തേക്ക് പരിഗണിക്കുന്നത്.
അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെയുളള വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ബാലന്റെ പ്രൗഢിക്ക് ചേർന്നതുമാണ്.
രണ്ട് തവണ മന്ത്രിയും നാല് തവണ എം.എൽ.എയും ഒരു തവണ ലോകസഭ അംഗവുമായിരുന്ന എ.കെ.ബാലൻ പാലക്കാട് ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.
1996-2001 കാലത്ത് കെ.എസ്.എഫ്.ഇ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പി.കെ.ജമീല ഇപ്പോൾ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണ്.
വയോജന കമ്മീഷൻ അധ്യക്ഷൻ ആകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകളിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന തിരുവനന്തപുരത്ത് നിന്നുളള നേതാവ് ആനാവൂർ നാഗപ്പന്റെ പേരും ഉയർന്നുവന്നിരുന്നു.
എന്നാൽ ആദ്യമായി നിലവിൽ വരുന്ന വയോജന കമ്മീഷനെ നയിക്കാൻ എ.കെ.ബാലനെ പോലെ പരിചയ സമ്പന്നനായ ആളിനെ തന്നെ നിയോഗിക്കണമെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം. മുൻ നിയമ മന്ത്രിയായ എ.കെ.ബാലൻ അഭിഭാഷകനായും പ്രവർത്തന പരിചയമുണ്ട്.
സർക്കാർ പദവികളിൽ അധികം ഇരുന്നിട്ടില്ലാത്ത ആനാവൂർ നാഗപ്പൻ വഹിച്ചിട്ടുളള ഏറ്റവും ഉയർന്ന പദവി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനമാണ്.
സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിന് ശേഷം എ.കെ.ബാലനെ സംസ്ഥാന വയോജന കമ്മീഷനായി നിയമിച്ചുകൊണ്ടുളള സർക്കാർ തീരുമാനം വന്നേക്കും.
പാർട്ടി നേതാക്കൾക്ക് പരിപാകമായ രീതിയിലാണ് വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുളള മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ഈമാസം 25ന് അവസാനിച്ച നിയമസഭാ സമ്മേളനമാണ് വയോജന കമ്മീഷൻ ബിൽ പാസാക്കിയത്. അധ്യക്ഷനും മൂന്ന് അംഗങ്ങളും അടക്കം നാല് പേർ അടങ്ങുന്നതാണ് സംസ്ഥാന വയോജന കമ്മീഷന്റെ ഘടന.
അധ്യക്ഷൻ അടക്കമുളള 4 അംഗങ്ങളിൽ ഒരാൾ പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്നാണ് വ്യവസ്ഥ.
കമ്മീഷനിലെ എല്ലാ അംഗങ്ങളും വയോജനങ്ങളായിരിക്കണമെന്നും നിയമസഭ പാസാക്കിയ ബില്ലിൽ വ്യവസ്ഥയുണ്ട്. മൂന്ന് വർഷമാണ് വയോജന കമ്മീഷന്റെ കാലാവധി.
തിരുവനന്തപുരം ആസ്ഥാനമാക്കിയായിരിക്കും കമ്മീഷൻ പ്രവർത്തിക്കുക. ഗവൺമെന്റ് സെക്രട്ടറി പദവിക്ക് തുല്യമായ പദവിയിലായിരിക്കും കമ്മീഷൻ ചെയർമാന്റെ നിയമനം.ശമ്പളവും വാഹനവും യാത്രാബത്തയും അടക്കമുളള എല്ലാ ആനുകൂല്യങ്ങളും ഉണ്ടാകും