/sathyam/media/media_files/2025/04/05/SOSh6CbbBhEo5sEjyip2.jpg)
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ബാലറ്റിലൂടെ ഒരു സർക്കാർ തെരഞ്ഞെടുക്കപ്പെട്ടതിന്റെ 68 മത് വാർഷിക ദിനമാണ് ഇന്ന്.
സിപിഐ നേതൃത്വത്തിലാണ് 1957 ൽ ആദ്യത്തെ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറിയത്.
അന്ന് സിപിഐ നേതാവായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് അധികാരമേറ്റത്. ജന്മിത്തം കൊടികുത്തി വാണിരുന്ന കാലഘട്ടമായിരുന്നു ആ കാലം.
അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ ജന്മിത്തം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി ക്ക് തുടക്കം കുറിച്ചു. കാർഷിക ബന്ധ നിയമത്തിലൂടെ കർഷകന് ഭൂമിയിൽ അവകാശം നൽകുന്ന നടപടി സ്വീകരിച്ചത് ആ സർക്കാരായിരുന്നു.
പക്ഷെ അധിക നാൾ അധികാരത്തിൽ തുടരാൻ അന്നത്തെ ഇ എം എസ് മുഖ്യമന്ത്രി യായ സർക്കാറിനു കഴിഞ്ഞില്ല. 1959 ൽ പൊട്ടിപുറപ്പെട്ട വിമോചന സമരത്തെ തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ടു.
ഒരു സംസ്ഥാന സർക്കാരിനെ ആ നിലയിൽ പിരിച്ചു വിടുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു എന്നാണ് ഇടതുപക്ഷം അന്നും ഇന്നും വിലയിരുത്തുന്നത്.
ആ സർക്കാരിൻറെ ചുവട് പിടിച്ചു കൊണ്ട് പിന്നീടിങ്ങോട്ടു അധികാരത്തിൽ വന്ന ഓരോ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും ഭൂപരിഷ്ക്കരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കേരളത്തിൽ നടപ്പാക്കാൻ നീക്കം നടത്തി.
അന്ന് ഒറ്റ പാർട്ടിയായിരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനും സർക്കാരിനെ നയിക്കുന്നതിലുമെല്ലാം എം എൻ ഗോവിന്ദൻ നായർ ഉൾപ്പെടെയുള്ള നേതാക്കൾ നിർണായക പങ്ക് വഹിച്ചു.
പിന്നീട് അധിക കാലം കഴിയുന്നതിനു മുൻപ് തന്നെ 1964 ൽ സിപിഐ പിളർന്നു. തുടർന്ന് സിപിഎമ്മും സിപിഐയും ഇടതു -വലതു പാളയങ്ങളിൽ നിലയുറപ്പിച്ചു കൊണ്ട് ശക്തി തെളിയിക്കാനുള്ള കടുത്ത ശ്രമങ്ങളിലായി.
സിപിഐ കോൺഗ്രസ്സിനൊപ്പം ചേർന്ന് സർക്കാരുണ്ടാക്കി. സിപിഐയുടെ പ്രമുഖ നേതാവായിരുന്ന സി അച്യുതമേനോൻ മുഖ്യമന്ത്രിയായി.
കരുണാകരൻ മുഖ്യമന്ത്രിയായ ഘട്ടത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത സി അച്യുതമേനോനും സിപിഐയും അടിയന്തരാവസ്ഥയെ പിന്തുണച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് പാത്രമായി.
വർഷങ്ങൾക്ക് ശേഷം 1979 ലാണ് സിപിഐ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ ഐക്യം മുൻനിർത്തി സിപിഎമ്മിനൊപ്പം ചേർന്ന് ഇന്നത്തെ എൽ ഡി എഫിന് രൂപം കൊടുത്തത്.
എൽഡിഎഫിന്റെ ആധിപത്യം സിപിഎമ്മിലേക്കെത്തി. സിപിഐ രണ്ടാം കക്ഷി ആയി.
ആദ്യ മന്ത്രസഭയെ ഇഎംഎസ് സർക്കാർ എന്ന് സിപിഎമ്മും സിപിഐ സർക്കാർ എന്ന് സിപിഐയും ആവർത്തിച്ചു വിശേഷിപ്പിക്കുന്ന സാഹചര്യത്തിലാണ് ആദ്യ മന്ത്രിസഭയുടെ 68 മത് വാർഷികമാവുന്നത്.
സിപിഐ നേതൃത്വത്തിൽ വാർഷികാഘോഷം തൃശൂരിൽ സംഘടിപ്പിക്കുകയും ചെയ്തു.
അതേസമയം ഇപ്പോൾ നടന്നു വരുന്ന സിപിഐ സമ്മേളനങ്ങളിൽ എൽ ഡിഎഫ് വിടണമെന്ന ചർച്ചകൾ ചിലർ ഉയർത്തുന്നുണ്ട്. സിപിഎമ്മിന്റെ ചവിട്ടേറ്റ് അവിടെ തുടരുന്നതിലും ഭേദം അതാണെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്.