മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പി.സി ചാക്കോയ്ക്ക് ഒപ്പം ഇറങ്ങിയ തോമസ് കെ.തോമസ് ഒടുവിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്. പദവിയിലെത്തുന്നത് മന്ത്രി എ.കെ.ശശീന്ദ്രൻെറ പിന്തുണയോടെയും. ചാക്കോയുടെ പടിയിറക്കം പവാറിനെ അതൃപ്തി അറിയിച്ചുകൊണ്ട്. മന്ത്രിയായി തോമസിനെ നിശ്ചിയിക്കാൻ സി.പി.എം പിന്തുണ ലഭിച്ചില്ലെന്നും പരാതി. ഇനി എൻസിപിയുടെ ഭാവി തോമസിലും ശശീന്ദ്രനിലും !

New Update
thomas k thomas sharat pawar ak saseendran pc chacko

തിരുവനന്തപുരം: തോമസ് കെ.തോമസ് എം.എൽ.എ എൻ.സി.പി സംസ്ഥാന അധ്യക്ഷനാകും. പി.സി.ചാക്കോ അധ്യക്ഷ പദവി രാജിവെച്ച ഒഴിവിലാണ് തോമസ്.കെ.തോമസ് കേരളത്തിലെ എൻ.സി.പിയുടെ നായകനാവുന്നത്.

Advertisment

മന്ത്രി എ.കെ.ശശീന്ദ്രൻെറ പിന്തുണയോടെയാണ് തോമസ്.കെ.തോമസ് എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.


പി.സി.ചാക്കോ രാജിവെച്ച സാഹചര്യത്തിൽ പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിനായി സംസ്ഥാന നേതാക്കളേ ദേശിയ അധ്യക്ഷൻ ശരത് പവാ‍ർ മുംബൈക്ക് വിളിപ്പിച്ചിരുന്നു.


ശരത് പവാറിൻെറ സാന്നധ്യത്തിൽ നടന്ന ച‍ർച്ചയിലാണ് തോമസ്.കെ.തോമസിനെ അധ്യക്ഷനാക്കാൻ ധാരണയായത്. പി.സി.ചാക്കോ, എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എന്നിവരാണ് ശരത് പവാറുമായി ചർച്ച നടത്തിയത്.

thomas

പി.സി.ചാക്കോയുടെ രാജിക്ക് പിന്നാലെ തന്നെ തോമസ് കെ.തോമസിനെ സംസ്ഥാന അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.ശശീന്ദ്രൻ ശരത് പവാറിന് കത്തയച്ചിരുന്നു.


പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംഘടനാ നടപടികൾ പൂ‍ർത്തീകരിച്ച് മതിയെന്നാണ് മുംബൈയിലെ യോഗത്തിൽ ഉണ്ടായ ധാരണ. ഇതനുസരിച്ച് ഈമാസം 25ന് ദേശിയ അധ്യക്ഷൻ നിയോഗിച്ച നിരീക്ഷകൻ കേരളത്തിലെത്തും.


മുൻമന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ ജിതേന്ദ്ര അവാദാണ് പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാനുളള
നടപടികളുടെ നിരീക്ഷകനായി എത്തുക.

എൻ.സി.പിയുടെ ഭരണഘടന അനുസരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ജനറൽ ബോഡിക്കാണ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള അധികാരം.

ak saseendran thomas k thomas


അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ജനറൽ ബോഡി വിളിക്കും. ഒരു ബ്ളോക്ക് കമ്മിറ്റിയിൽ 3 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വീതമാണ് എൻ.സി.പിക്ക് ഉളളത്. 


140 ബ്ളോക്കുകളിൽ നിന്നായി 420 സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് എൻ.സി.പിയിലുളളത്. ആലപ്പുഴയിൽ നിന്നുളള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മരവിപ്പിച്ചിരിക്കുന്നതിനാൽ
അക്കാര്യത്തിൽ പ്രത്യേക തീരുമാനം വേണ്ടിവരും.

സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷവും ഇപ്പോൾ ശശീന്ദ്രൻ പക്ഷത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷനാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.


മന്ത്രിയാവാൻ മോഹിച്ച് കളത്തിലിറങ്ങിയ തോമസ്.കെ.തോമസ് ഒടുവിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയാണ്. 


മന്ത്രിയാവാൻ പി.സി.ചാക്കോയ്ക്ക് ഒപ്പം നിന്ന് കളിച്ച തോമസ്, നീക്കം ഫലം കാണാതേ പോയതോടെ ചാക്കോയുമായി അകന്നിരുന്നു. സി.പി.എം പിന്തുണ ശശീന്ദ്രനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിൻെറ പക്ഷത്തേക്ക് മാറുകയും ചെയ്തു.

pc chacko

പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ് കേരളത്തിൽ നിന്നുളള വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ പി.സി ചാക്കോയെയും എ.കെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും ശരത്പവാർ മുംബൈയ്ക്ക് വിളിപ്പിച്ചത്.


പി.സി.ചാക്കോ ഒറ്റക്കും ശശീന്ദ്രനും തോമസും ഒരുമിച്ചുമാണ് മുംബൈയിലെത്തിയത്.രാവിലെ 11ന് ആരംഭിച്ച ചർച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പൂർത്തിയായത്.


സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുളള രാജിയിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ശരത് പവാർ ചാക്കോയോട് ആരാഞ്ഞു. പദവി ഒഴിയാനുളള തീരുമാനത്തിൽ മാറ്റമില്ലെന്നായിരുന്നു പി.സി. ചാക്കോയുടെ മറുപടി.

എ.കെ.ശശീന്ദ്രനെ  മന്ത്രിസ്ഥാനത്ത് നിന്ന്  മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന പാർട്ടി സംസ്ഥാന ഘടകത്തിലെ തീരുമാനം നടക്കാതെ പോയതിലുളള അതൃപ്തി പി.സി.ചാക്കോ ശരത് പവാറിനെ അറിയിച്ചു.

thomas k thomas ak saseendran pc chacko


മന്ത്രിയായി തോമസിനെ നിശ്ചിയിക്കാൻ സി.പി.എം പിന്തുണ ലഭിച്ചില്ലെന്ന കാര്യവും ചാക്കോ പവാറിനെ ധരിപ്പിച്ചു. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് തോമസ് കെ. തോമസ് പവാറിനോട് അഭ്യ‍ർത്ഥിച്ചു.


തോമസിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ കത്ത് നൽകിയ ശശീന്ദ്രൻ തോമസിനുളള പിന്തുണ ചർച്ചയിലും ആവ‍ർത്തിച്ചു. ഇതോടെയാണ് തോമസ്.കെ.തോമസിനെ അധ്യക്ഷനാക്കാൻ ശരത് പവാറും പച്ചക്കൊടി വീശിയത്.

എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചേ അധ്യക്ഷ തിരഞ്ഞെടുപ്പ് പാടുളളുവെന്ന് പി.സി.ചാക്കോ ശഠിച്ചു. തുടർന്നാണ്  മുതിർന്ന നേതാവുമായ ജിതേന്ദ്ര അവാദിനെ കേരളത്തിലേക്ക് അയച്ച് നടപടികൾ പൂർത്തിയാക്കാൻ ധാരണയായത്.

Advertisment