കൊച്ചി: എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക. തോമസ്. കെ. തോമസ് എംഎൽഎ സംസ്ഥാന അധ്യക്ഷനാകുമെന്ന് ഉറപ്പായിട്ടുണ്ട്.
കൊച്ചിയിൽ നടന്ന യോഗത്തിൽ 14 ജില്ലാ അധ്യക്ഷന്മാരും തോമസ്.കെ. തോമസിനെയാണ് പിന്തുണച്ചത്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് ആരെ നിയമിക്കണമെന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിയാൻ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 14 ജില്ലാപ്രസിഡന്മാരും നിലപാട് അറിയിച്ചത്.
സംസ്ഥാന ഭാരവാഹികളുമായും കേന്ദ്ര നിരീക്ഷകനായെത്തിയ ജിതേന്ദ്ര അവാദ് അഭിപ്രായം തേടി. സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് രാജിവെച്ച പി.സി. ചാക്കോയും യോഗത്തിൽ പങ്കെടുത്തു.
/sathyam/media/media_files/2025/02/19/lzhwzGEpyRyrdOG36kZh.jpg)
തോമസ്കെ.തോമസിനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന ശശീന്ദ്രൻ പക്ഷത്തിൻെറ നിലപാടാണ് വിജയം കണ്ടത്. ചാക്കോയുടെ രാജിക്ക് പിന്നാലെ തോമസിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ദേശിയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ച ഏ.കെ.ശശീന്ദ്രൻ ശരത് പവാറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും നിലപാടിൽ ഉറച്ചുനിന്നു.
സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള യോഗത്തിലും ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചു. ഒപ്പമുളള പത്ത് ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണയോടെ പി.സി.ചാക്കോ ബദൽ നീക്കം നടത്തുമെന്ന് ശശീന്ദ്രൻ പക്ഷത്തിന് ആശങ്കയുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല.
സി.പി.എമ്മിൻെറ പിന്തുണ ശശീന്ദ്രന് ഒപ്പമാണെന്ന് തിരിച്ചറിഞ്ഞതോടെ ചാക്കോ ഏറ്റുമുട്ടലിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. മുന്നണിയെ നയിക്കുന്ന പാർട്ടിക്ക് തന്നിൽ അവിശ്വാസമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ചാക്കോ അധ്യക്ഷ പദവി രാജിവെക്കാൻ നിർബന്ധിതമായത്.
/sathyam/media/media_files/12zhjBqW4kfbcxMGoAIQ.jpg)
എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽനിന്നുള്ള ശക്തമായ സമ്മർദവും എൻ.സി.പി സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെക്കാൻ കാരണമായി.
സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിനുശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൗനം പാലിക്കുന്ന പിസി ചാക്കോ കൊച്ചിയിലെ യോഗത്തിന് എത്തിയപ്പോഴും മൗനം തുടർന്നു.
ദേശീയ വർക്കിംഗ് പ്രസിഡന്റ് പദവി കൂടി വഹിക്കുന്നത് കൊണ്ട് എൻ.സി.പി ദേശിയ നേതൃത്വത്തിൽ ഇപ്പോഴും പി.സി.ചാക്കോ ശക്തനാണ്. എന്നാൽ സംസ്ഥാന അധ്യക്ഷ പദവി നഷ്ടപ്പെട്ടത് ചാക്കോയ്ക്ക് കനത്ത ക്ഷീണമായി.
/sathyam/media/media_files/2025/02/10/s7aduS7kxCxYI55WT9d2.jpg)
സഹപ്രവർത്തകരോടുളള ധാർഷ്ട്യം കലർന്ന പെരുമാറ്റവും ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിമർശിക്കുന്നവരെയും ശത്രുതാ മനോഭാവത്തോടെ കണ്ടതുമാണ് ചാക്കോയെ ഭാരവാഹികൾക്കിടയിൽ പോലും അപ്രിയനാക്കി മാറ്റിയത്.
സംസ്ഥാന അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കുമെന്നും കേരള ഘടകത്തിൻെറ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുെന്നും കേന്ദ്ര നിരീക്ഷകനായി എത്തിയ എൻ.സി.പി ജനറൽ സെക്രട്ടറി ജിതേന്ദ്ര അവാദ് മാധ്യമങ്ങളെ അറിയിച്ചു.
ജില്ലാ അധ്യക്ഷന്മാരെയും പ്രധാന നേതാക്കളെയും കണ്ട് അവർക്ക് പറയാനുള്ളത് കേട്ടെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പിച്ച തോമസ് കെ.തോമസും സന്തോഷത്തിലാണ്.
കേരളത്തിലെ എൻ.സി.പിയിൽ നേതാക്കൾ തമ്മിൽ തർക്കമൊന്നുമില്ലെന്നും എ.കെ ശശീന്ദ്രനും, പി.സി ചാക്കോയും താനും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണെന്നും തോമസ്.കെ.തോമസ് പ്രതികരിച്ചു.
മാധ്യമങ്ങളിലൂടെയാണ് തന്റെ പേര് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന അജിത് പവാർ പക്ഷത്തെ നേതാവ് പ്രഫുൽ പട്ടേലിൻെറ ഭീഷണിയെ ഭയക്കുന്നില്ല.
സുപ്രീംകോടതി വിധി തനിക്കും ശശീന്ദ്രനും അനുകൂലമാണെന്നും തോമസ്.കെ.തോമസ് പ്രതികരിച്ചു. കേരളത്തിലെ എൻ.സി.പി ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.