മന്ത്രിസ്ഥാനം മോഹിച്ച തോമസ്.കെ.തോമസിന് ലഭിച്ചത് എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവി. പാർട്ടിയിലെ മന്ത്രിമാറ്റം അടഞ്ഞ അധ്യായമാണെന്ന് അധ്യക്ഷന്റെ ആദ്യ പ്രതികരണം. പാർട്ടിയെ ഐക്യത്തോടെ നയിക്കുന്നതിനൊപ്പം സി.പി.എം കണ്ണുവെച്ചിരിക്കുന്ന കുട്ടനാട് സീറ്റ് സംരക്ഷിക്കുകയാണ് തോമസ് കെ.തോമസിന് മുന്നിലുളള ദുഷ്കരമായ ദൗത്യം. മുഖ്യമന്ത്രിയുടെ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിൽ തോമസ്

New Update
thomas

കോട്ടയം: കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട തോമസ്.കെ.തോമസിന് എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം നൽകി പാർട്ടി ദേശിയ നേതൃത്വം.

Advertisment

കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് ഇതാദ്യമായാണ് സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തുന്നത്.

മന്ത്രിപ്പോരിൽ പി.സി.ചാക്കോയെ മല‍ർത്തി അടിച്ച് കരുത്തുകാട്ടിയ മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗത്തിൻെറ നിർലോഭമായ പിന്തുണയാണ് തോമസ്.കെ.തോമസിനെ അധ്യക്ഷ സ്ഥാനത്ത് എത്താൻ സഹായിച്ചത്.


പി.സി.ചാക്കോ പക്ഷക്കാരനും നിലവിൽ വൈസ് പ്രസിഡന്റായിരുന്ന പി.എം.സുരേഷ് ബാബുവിനെയും ശശീന്ദ്രൻെറ വിശ്വസ്തനായ മറ്റൊരു വൈസ് പ്രസിഡന്റ് പി.കെ.രാജനെയും സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായും നിയമിച്ച് ദേശിയ അധ്യക്ഷൻ ശരത് പവാർ കേരളത്തിലെ പാർട്ടിയുടെ സംതുലനം കാത്തു.


കോൺഗ്രസിൽ നിന്ന് എത്തിയ പി.എം സുരേഷ് ബാബുവിനെ അധ്യക്ഷനാക്കണമെന്നായിരുന്നു പി.സി.ചാക്കോയുടെ ആഗ്രഹം.എന്നാൽ ശശീന്ദ്രൻ പക്ഷം അതിനെ അനുകൂലിച്ചിരുന്നില്ല. 

സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ചാക്കോയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്ന ശശീന്ദ്രൻ വിഭാഗം. അതിനായി ഒപ്പുശേഖരണവും തുടങ്ങിയിരുന്നു. 

ak saseendran pinarai vijayan thomas k thomas pc chacko

പാർട്ടിയിൽ ഭൂരിപക്ഷമില്ലെന്ന് ബോധ്യമായ ഘട്ടത്തിലാണ് ചാക്കോ രാജി വെച്ചത്. ഇതോടെയാണ് തോമസ്.കെ.തോമസിനെ സംസ്ഥാന അധ്യക്ഷൻ ആക്കാനുള്ള ശശീന്ദ്രൻ വിഭാഗത്തിന്റെ പരിശ്രമം ഫലം കണ്ടത്. തർക്കങ്ങളും പ്രശ്നങ്ങളുമില്ലാതെ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് പുതിയ സംസ്ഥാന അധ്യക്ഷൻ തോമസ്.കെ.തോമസ് പറഞ്ഞു.


സ്ഥാനം ഏറ്റെടുക്കുന്നത് സന്തോഷകരമായ കാര്യമാണ്. തർക്കങ്ങളില്ലാതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ്  ആഗ്രഹം. പറയത്തക്ക പ്രശ്നങ്ങളൊന്നും പാർട്ടിയില്ല.


പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിന് പരമാവധി ശ്രമിക്കുമെന്നും തോമസ് കെ.തോമസ് പ്രതികരിച്ചു. പാർട്ടിയിലെ മന്ത്രിമാറ്റം അടഞ്ഞ അധ്യായമാണെന്നും ആ വിഷയം വിട്ടുകളയുക ആണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇനി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ചെയ്യുകയാണ് തൻെറ കർത്തവ്യം. അതാണ് പാർട്ടി ദേശിയ അധ്യക്ഷൻ തന്നെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന ചുമതല.


ഒരുപാട് പേർ പുതിയതായി എൻസിപിയിലേക്ക് വരുമെന്നും തോമസ്.കെ.തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പരിചയ സമ്പന്നനായ നേതാവിൻെറ രാഷ്ട്രീയ കൗശലത്തോടെയുളള പ്രതികരണങ്ങളും തോമസ്.കെ.തോമസിൽ നിന്നുണ്ടായി.


thomas k thomas ak saseendran pc chacko

തോമസ്.കെ.തോമസിനെ നിരന്തരം വിമർശിക്കുകയും പരിഹസിക്കുകയും ഇടിച്ച് താഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കുറിച്ചുളള ചോദ്യങ്ങൾക്കാണ് രാഷ്ട്രീയ കൗശലത്തോടെയുളള പ്രതികരണങ്ങൾ നൽകിയത്.

വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ച തോമസ്.കെ.തോമസ് വെള്ളാപ്പള്ളി എസ്എൻഡിപിയുടെ സമുന്നതനായ നേതാവാണെന്നും ആവർ‍ത്തിച്ചുകൊണ്ടിരുന്നു.


തന്റെ കുറവുകളെ കുറിച്ചായിരിക്കും വെളളാപ്പളളി പറഞ്ഞത്. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും തോമസ്.കെ.തോമസ് പറഞ്ഞു.


പാർട്ടിയെ ഐക്യത്തോടെ നയിക്കുന്നതിനൊപ്പം സ്വന്തം നിയമസഭാ മണ്ഡലം സംരക്ഷിക്കുകയാണ് തോമസ് കെ.തോമസിന് മുന്നിലുളള ദുഷ്കരമായ ദൗത്യം. സി.പി.എം ആലപ്പുഴ നേതൃത്വം കണ്ണുവെച്ചിരിക്കുന്ന സീറ്റാണ് കുട്ടനാട്.

സീറ്റിൽ സി.പി.എം ജില്ലാ നേതൃത്വം ഉന്നം വെച്ചിരിക്കുന്നതിനെ കുറിച്ച് ബോധവാനായ തോമസ്.കെ.തോമസ് മുഖ്യമന്ത്രിയുടെ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.

കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുന്ന സംബന്ധിച്ച ചർച്ച മുന്നണിയിലാണ് ഉണ്ടാകുക. ഉടൻ മുഖ്യമന്ത്രിയെ  കാണുമെന്നും അദ്ദേഹം തന്നെ വിളിച്ചിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

Advertisment