തൃശൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയെ വട്ടംകറക്കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ആവര്‍ത്തിച്ച് പുകഴ്ത്തി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മേയര്‍.
തൃശൂരിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള നേതാവാണ് സുരേഷ് ഗോപിയെന്നും വികസന കാര്യങ്ങളില്‍ വലിയ പ്രതീക്ഷയുള്ളയാളാണ് അദ്ദേഹമെന്നും മേയര്‍ പ്രസ്താവിച്ചതോടെ ഇടതുമുന്നണി വെട്ടിലായി. സുരേഷ് ഗോപിയും തിരിച്ച് മേയറെ പുകഴ്ത്തിയിരിക്കുകയാണ്. ഇതോടെ മേയറെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി.
കോര്‍പ്പറേഷനില്‍ യുഡിഎഫും എല്‍ഡിഎഫും 24 സീറ്റുകള്‍ വീതം നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു വിജയിച്ച എം.കെ വര്‍ഗീസിനെ മേയറാക്കിയാണ് ഇടതുപക്ഷം തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചത്. ബിജെപിക്ക് ഇവിടെ 6 കൗണ്‍സിലര്‍മാരാണുള്ളത്.
എന്തായാലും ഇപ്പോള്‍ അതേ മേയര്‍ സ്ഥാനം ഉപയോഗിച്ചാണ് വര്‍ഗീസ് ഇടതുപക്ഷത്തെ വെട്ടിലാക്കിയിരിക്കുന്നത്.
മേയര്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ ?
അതിനിടെ മേയര്‍ എം.കെ വര്‍ഗീസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
മുന്‍ കോണ്‍ഗ്രസുകാരനായ മേയര്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോടോ സിപിഎമ്മിനോടോ പ്രതിപത്തിയില്ല. അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായും അടുത്ത ബന്ധമാണുള്ളത്.
മേയര്‍ മികച്ചയാളാണെന്ന് തൃശൂരില്‍ നിന്നുള്ളയാളുകള്‍ പറയുന്നുണ്ടെന്നാണ് സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത്. ഇതോടെ മേയറെ സുരേന്ദ്രന്‍ റാഞ്ചുമോ എന്ന ആശങ്ക തൃശൂരില്‍ ശക്തമാണ്.