/sathyam/media/media_files/fpEA0hwWPRnLnZt1ijsK.jpg)
ദില്ലി:രാജ്യ തലസ്ഥാനത്ത് തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയർന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 ലേക്കെത്തിയിട്ടുണ്ട് വില. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മൺസൂൺ മഴ കനത്തതോടെ പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നതിന് സാധാരണയേക്കാൾ 6 മുതൽ 8 മണിക്കൂർ വരെ അധിക സമയമെടുക്കും. ഇത് വില ഉയരാൻ കരണമാക്കുന്നുണ്ട്. പച്ചക്കറികളുടെ കയറ്റുമതി വൈകുമ്പോൾ അവ കേടാകാനുള്ള സാധ്യത കൂടുതലാണ് ഉള്ളി, ബീൻസ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയവയുടെ വിലയും ഉയർന്നേക്കാമെന്ന് വ്യപാരികൾ അഭിപ്രായപ്പെടുന്നു.
അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വിറ്റത് 10,000 കിലോ തക്കാളിയാണ്. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ ഒഎൻഡിസി വഴി ഓൺലൈനായി സബ്‌സിഡി നിരക്കിൽ തക്കാളി വില്പന തുടങ്ങിയിരുന്നു. ഒരു കിലോ തക്കാളി 70 രൂപയ്ക്ക് സബ്‌സിഡി നിരക്കിൽ വില്പന നടത്തുമെന്ന് പ്രഖ്യാപിച്ച് ആറ് ദിവസത്തിനുള്ളിൽ 10,000 കിലോ തക്കാളി വിറ്റതായി ഒഎൻഡിസി അറിയിച്ചു. രാജ്യത്ത് തക്കാളി വില 200 കടന്നതോടെയാണ് കേന്ദ്രം സബ്‌സിഡി അനുവദിച്ചത്