Advertisment

കണ്ടാല്‍ ദൂരെയെന്നും തോന്നും, നൊടിയിടയില്‍ അരികില്‍ എത്തി ജീവനെടുക്കും. ഇത്തിരി സമയം ലാഭിക്കാന്‍ റെയില്‍ പാളത്തിലൂടെ നടക്കുന്നവര്‍ അറിഞ്ഞിരിക്കണം.. ട്രെയിന്‍ ഇടിച്ചു ഓരോ വര്‍ഷവും ജീവന്‍ നഷ്ടപ്പെടുന്നത് ആയിരത്തോളം പേര്‍ക്ക്

അതിവേഗം കുതിച്ചു പായുന്ന ട്രെയിന്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്നു

New Update
train Untitledres

കോട്ടയം: കണ്ടാല്‍ ദൂരെയെന്നു തോന്നും നൊടിയിടയില്‍ അരികില്‍ എത്തി ജീവനെടുക്കും.. അതിവേഗം കുതിച്ചു പായുന്ന ട്രെയിന്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി ആയിരത്തോളം പേര്‍ ട്രെയിൻ തട്ടി മരിക്കുന്നുണ്ടെന്നാണു റെയില്‍വേയുടെ കണക്കുകള്‍.

Advertisment

പലപ്പോഴും ആത്മഹത്യ ചെയ്യുന്നവരേക്കാള്‍ കൂടുതലാണു ട്രെയന്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം. ഇത്തിരി സമയം ലാഭിക്കാനും അല്‍പം കൂടുതല്‍ നടക്കുന്നത് ഒഴിവാക്കാനും പാളം മുറിച്ചു കടക്കുന്നവരും പാളത്തിലൂടെ നടക്കുന്നവരും ഏറെയാണ്.


 ഇവര്‍ക്കു പറയാന്‍ കാരണങ്ങളേറെയുണ്ടാകുമെങ്കിലും സ്വന്തം ജീവനെക്കാള്‍ സമയത്തിനു വില കല്‍പ്പിക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്. പാളത്തിലൂടെ അശ്രദ്ധരായി നടക്കുന്നവരാണു ട്രെയിന്‍ തട്ടി മരിക്കുന്നവരില്‍ ഏറെയും. പാളങ്ങള്‍ക്കു സമീപം താമസിക്കുന്നവരും ഇത്തരത്തിൽ മരിക്കുന്നുണ്ട്.


ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു തൊഴിലാകള്‍ മരിച്ചതു കഴിഞ്ഞ ദിവസമാണ്. അപകടത്തിന്റെ നടുക്കം ഇനിയും ജനങ്ങൾക്ക് വിട്ടുമാറിയിട്ടില്ല. ദില്ലിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണു ശുചീകരണ തൊഴിലാളികളായ നാലു പേര്‍ മരിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ട്രെയിനുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് 2391 അപകടങ്ങളുണ്ടായതായാണു കണക്കുകള്‍. 2022ല്‍ മാത്രം 1034 പേരും 2023ല്‍ 1357 പേരും അപകടത്തില്‍ പെട്ടു മരിച്ചു.


 ഈ വര്‍ഷം പാലക്കാട് ഡിവിഷനില്‍ മാത്രം ഇതുവരെ 322 അപകടങ്ങളാണു നടന്നിട്ടുള്ളത്. അപകട മരണങ്ങളില്‍ ഏറെയും നടക്കുന്നതു പാലക്കാട് ഡിവിഷന്റെ കീഴിലാണ്. പാലക്കാട് ഡിവിഷനില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ ട്രെയിന്‍ തട്ടി മരിച്ചത് 1327 പേരാണ്.


ട്രെയിനുകളുടെ എണ്ണവും വേഗവും കൂടിയതും എന്‍ജിന്‍ വൈദ്യുതിയിലേക്കു മാറിയപ്പോള്‍ ശബ്ദം കുറഞ്ഞതും അപകടം കൂടാന്‍ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലാണുള്ളത്. കേരളത്തിലെ എല്ലാ സെക്ഷനിലും തിരക്കേറിയിട്ടുണ്ടെന്നാണു റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.

അപകടമേഖലയായി പരിഗണിച്ചിരിക്കുന്ന പ്രദേശങ്ങളാണു റെയില്‍പ്പാളവും പരിസരവും. അവിടെ ആളുകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍ പാളം ഉള്‍പ്പെടെ റെയില്‍വേ പരിധിയില്‍ ട്രെയിന്‍ തട്ടി മരിച്ചാല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നാണു ചട്ടം.


 പെര്‍മിറ്റ് (വര്‍ക്ക്) കാര്‍ഡില്ലാതെ അപകടം സംഭവിച്ചാല്‍ റെയില്‍വേ ഉദ്യോഗസ്ഥനു പോലും നഷ്ടപരിഹാരം ലഭിക്കില്ല. ലെവല്‍ക്രോസുകളിലൂടെ പാളം കടക്കുന്നതും ശിക്ഷാര്‍ഹമാണ്.


അതേ സമയം സംസ്ഥാനത്തു ട്രെയിന്‍ തട്ടി മരിക്കുന്ന കന്നുകാലികളുടെ എണ്ണവും കൂടുതലാണ്. മനുഷ്യരും മൃഗങ്ങളും കടക്കാത്ത രീതിയില്‍ പാളങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

Advertisment