ഉടമസ്ഥാവകാശമോ പാട്ടാവകാശമോ ഇല്ലാത്ത ഭൂമിയിൽ ബാർ ലൈസൻസ് അനുവദിക്കാനാകില്ലെന്ന സർക്കാർ നിലപാടിന് അംഗീകാരം; ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന് ഹൈക്കോടതിയിൽ തിരിച്ചടി; ബാർ ലൈസൻസ് നിലനിർത്തണമെന്ന ആവശ്യം കോടതി തള്ളി; വിജയം കണ്ടത് റവന്യു വകുപ്പിന്റെ പോരാട്ടം

തലസ്ഥാനത്തെ പ്രമുഖരുടെ വിനോദകേന്ദ്രമായ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന് ഹൈക്കോടതിയിൽ തിരിച്ചടി

New Update
trivandrum tennis club high court

കൊച്ചി: തലസ്ഥാനത്തെ പ്രമുഖരുടെ വിനോദകേന്ദ്രമായ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന് ഹൈക്കോടതിയിൽ തിരിച്ചടി. പാട്ടക്കുടിശിക വരുത്തിയതിനെതിരെ റവന്യു വകുപ്പിൽ നിന്നും ഉണ്ടായ നടപടികൾക്കെതിരായി ക്ലബ് അധികൃതർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ക്ലബ്ബിന് വൻതിരിച്ചടി നേരിട്ടത്.

Advertisment

ക്ലബിൻെറ ബാർ ലൈസൻസ് നിലനിർത്തണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഉടമസ്ഥാവകാശമോ പാട്ടാവകാശമോ ഇല്ലാത്ത ഭൂമിയിൽ ബാർ ലൈസൻസ് അനുവദിക്കാനാകില്ലെന്ന സർക്കാർ നിലപാട്  ഹൈക്കോടതി ശരിവെച്ചു.


പാട്ടക്കുടിശിക നൽകാതെ  ക്ലബ്ബധികൃതർ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിന് കൈവശത്തിലെടുക്കാമെന്നും വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.


തലസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായ കവടിയാറിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. ഭൂമിക്ക് കോടികൾ വിലമതിക്കുന്ന പ്രദേശത്ത് പ്രധാന റോഡിൻെറ സൈഡിൽ കണ്ണായ സ്ഥലത്തുളള ഭൂമി കൈവശം വെച്ചിരിക്കുന്ന ക്ലബ് വർഷങ്ങളായി പാട്ടക്കുടിശിക അടക്കാതെ കൈവശം വെച്ചിരിക്കുകയാണ്.

കോടികൾ വിലമതിക്കുന്ന ശാസ്തമംഗലം വില്ലേജിലെ 4.27 ഏക്കർ വിസ്തൃതിയുളള സർക്കാർ ഭൂമിയാണ് ടെന്നീസ് ക്ലബ് അധികൃതർ കൈവശം വെച്ചിരിക്കുന്നത്. ക്ലബിൽ അംഗത്വമുളള ഐ.എ.എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ വ്യവസായികൾ, നിയമവിദഗ്ധർ തുടങ്ങിയവരുടെ സ്വാധീനത്തിലാണ് പാട്ടക്കുടിശിക അടക്കാതെ ഭൂമി കൈവശം വെച്ചുപോന്നിരുന്നത്.


റവന്യു വകുപ്പിൻെറ ആവർത്തിച്ചുളള നിർദ്ദേശം വന്നിട്ടും വ്യവസ്ഥകൾ പാലിച്ച് പാട്ടക്കുടിശിക അടക്കാൻ ക്ലബ് അധികൃതർ കൂട്ടാക്കിയിരുന്നില്ല. ഒടുവിൽ ക്ലബിൻെറ പേരിലുളള ബാർ ലൈസൻസ് റദ്ദാക്കിയതോടെയാണ് ക്ലബ് അധികൃതർ അനങ്ങി തുടങ്ങിയത്.


സാധുതയുള്ള പാട്ടം നിലവിലില്ലാത്തതിനാൽ ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബാറിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് 2020 ൽ റവന്യു വകുപ്പ്, എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് എക്സൈസ് കമ്മീഷണർ ബാർ ലൈസൻസ് അപേക്ഷ നിരസിച്ചത്.

ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചതിനെതിരെ ടെന്നീസ് ക്ലബ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. ക്ലബിൻെറ  റിട്ട് പരിഗണിച്ച ഹൈക്കോടതി ബാർ ലൈസൻസിനുളള ഫീസായ 25 ലക്ഷം രൂപ കൈപ്പറ്റി കൊണ്ട്  ബാർ ലൈസൻസ് പുതുക്കി നൽകാൻ ജൂലൈയിൽ  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ റവന്യു വകുപ്പിന്റെ ശക്തമായ നിലപാടിനെ തുടർന്ന്, നികുതി വകുപ്പ് ഇടക്കാല ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പാട്ടക്കുടിശ്ശിക ഈടാക്കുന്നതിനെതിരെയും ഭൂമി ഒഴിപ്പിക്കലിനെതിരെയും ക്ലബ്ബ് സമർപ്പിച്ച ഹർജികളും ബാർ ലൈസൻസ് ഉപാധികളോടെ പുതുക്കുന്നതിനുളള സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനുമെതിരെ  സർക്കാർ നൽകിയ അപ്പീലും ഒരുമിച്ചു പരിഗണിച്ച ഹൈക്കോടതി ക്ലബധികൃതർക്ക് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഇതാണ് ബാർ ലൈസൻസ് നിരാകരിക്കുന്ന ഉത്തരവിൽ കലാശിച്ചത്.


നഗരസഭാ പ്രദേശത്തെ പാട്ടങ്ങൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള 1995 ലെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിട്ടും അത് പാലിക്കാൻ ടെന്നിസ് ക്ലബ് അധികൃതർ തയാറായിരുന്നില്ല. ചട്ടം പ്രാബല്യത്തിൽ വന്ന്  5 മാസങ്ങൾക്കകം പാട്ടം പുതുക്കാൻ അപേക്ഷ സമർപ്പിക്കണമെന്ന് വ്യവസ്ഥ തങ്ങൾക്ക് ബാധകമല്ലെന്നായിരുന്ന ക്ലബിൻെറ വാദം.


ഈ വാദത്തിൽ ഉറച്ചുനിന്ന ക്ലബ് അധികൃതർ അതുകൊണ്ടുതന്നെ  നിയമ പ്രകാരമുളള അപേക്ഷ സമർപ്പിച്ചുമില്ല. ഇതേതുടർന്ന് സർക്കാർ സ്വമേധയാ പാട്ടത്തുക നിശ്ചയിക്കുകയും കുടിശ്ശിക തുകയായ 20 കോടിയോളം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കളക്ടർ ക്ലബ് അധികൃതർക്ക് ഡിമാൻഡ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ, തുക അടയ്ക്കാതെ ലാൻഡ് റവന്യു കമ്മീഷണർക്കും സർക്കാരിനും അപ്പീലും  റിവിഷൻ എന്നിവ ഫയൽ ചെയ്യുകയാണ് ക്ലബ്ബധികൃതർ ചെയ്തത്. ടെന്നിസ് ക്ലബ് നൽകിയ  അപ്പീലും, റിവിഷൻ ഹർജിയും സർക്കാർ  നിരസിക്കുകയും ചെയ്തു.

രാജഭരണ കാലത്താണ് കവടിയാർ കൊട്ടാരത്തിന് വിളിപ്പാടകലെ ടെന്നീസ് ക്ലബ് സ്ഥാപിച്ചത്. കായിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ ഗോദവർമ രാജയായിരുന്നു ക്ലബിനെ വളർത്തിയത്.

എന്നാൽ കാലം ചെന്നതോടെ ടെന്നീസ് പരിശീലനത്തേക്കാൾ ബാറിനും ഒത്തുകൂടലുകൾക്കുമുളള കേന്ദ്രമായി ക്ലബ് മാറി. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുടെ പ്രധാന താവളമായി അറിയപ്പെട്ടിരുന്ന ടെന്നിസ് ക്ലബിൽ ഉദ്യോഗസ്ഥ പ്രമുഖരും നിയമ വിദഗ്ധരും എല്ലാം  ഒത്തുകൂടുമായിരുന്നു.

ഇ. ചന്ദ്രശേഖരൻ റവന്യു മന്ത്രിയായിരുന്ന കാലത്താണ് പാട്ടക്കുടിശിക വരുത്തിയ ടെന്നീസ് ക്ലബിന് എതിരെ ശക്തമായ നിലപാട് എടുത്തത്. രണ്ടാം പിണറായി സർക്കാരിലെ റവന്യു മന്ത്രി കെ. രാജനും അത് തുടർന്നതോടെയാണ് നിയമ യുദ്ധത്തിൽ സര്‍ക്കാര്‍ വിജയം കണ്ടത്.

Advertisment