വോട്ടെണ്ണൽ ദിനത്തിലും കാര്യമായ ചലനമുണ്ടാക്കാതെ വാർത്താ ചാനലുകൾ. ആഴ്ചയിൽ ഒന്നാമതെങ്കിലും വോട്ടെണ്ണൽ ദിനത്തിൽ എഷ്യാനെറ്റ് മൂന്നാമത്. ട്വന്റി ഫോറിന് ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ വൻ കുതിപ്പ്. രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഡിജിറ്റൽ രംഗത്ത് റേറ്റിങ്ങിൽ മികവില്ലാതെ റിപോർട്ടർ ടിവി. നില മെച്ചപ്പെടുത്താതെ മനോരമയും മാതൃഭൂമിയും. ഇക്കുറിയും അവസാനക്കാരായി മീഡിയ വൺ

റിപോർട്ടർ ഡിജിറ്റൽ രംഗത്ത് വലിയ പ്രേക്ഷക പിന്തുണ കാണിക്കുന്നുണ്ടെങ്കിലും റേറ്റിങ്ങിൽ ആ മികവ് ആവർത്തിക്കാൻ അവർക്കായില്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
asianet reporter 24 channel

കോട്ടയം:  ഉപതിരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ ദിവസം അടങ്ങുന്ന ആഴ്ചയിലെ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്.

Advertisment

വോട്ടണ്ണലും അനന്തര സംഭവവികാസങ്ങളും വാർത്തയായ 48-ാം ആഴ്ചയിലെ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) റേറ്റിങ്ങിൽ കേരള യൂണിവേഴ്സ് വിഭാഗത്തിൽ 93.5 പോയിൻെറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താചാനലുകളുടെ റേറ്റിങ്ങിൽ അജയ്യത തുടർന്നത്.

റിപോർട്ടർ ടിവി തന്നെയാണ് ഈ വാരത്തിലും രണ്ടാം സ്ഥാനത്ത്. യൂണിവേഴ്സൽ വിഭാഗത്തിൽ 77.6 പോയിന്റ് നേടിയാണ് റിപോർട്ടർ രണ്ടാം സ്ഥാനം നിലനിർത്തിയത്.


വോട്ടെണ്ണൽ ദിവസത്തെ മികച്ച പ്രകടനം റേറ്റിങ്ങിൽ ഗുണം ചെയ്തെങ്കിലും പൊതു റേറ്റിങ്ങിൽ ട്വന്റിഫോർ ഈയാഴ്ചയും മൂന്നാം സ്ഥാനത്താണ്. 59.81 പോയിന്റ് നേടിയാണ് ട്വന്റിഫോർ മൂന്നാം സ്ഥാനത്തെത്തിയത്. എന്നാൽ മുൻ ആഴ്ചയിലേക്കാൾ പോയിന്റ് നിലയിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ലഭിച്ചത് ട്വന്റിഫോറിനാണ്.


47-ാം ആഴ്ചയിൽ 54.40 പോയിന്റ് ഉണ്ടായിരുന്ന ട്വന്റി ഫോറിന് 48-ാം ആഴ്ചയിലെ റേറ്റിങ്ങിൽ 5.41 പോയിന്റ് അധികം നേടാനായി. എന്നാൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് തൊട്ട് മുന്നിലത്തെ ആഴ്ചയിലേക്കാൾ 1.21 പോയിന്റും രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 2.07 പോയിന്റും മാത്രമാണ് വർദ്ധിപ്പിക്കാനായത്.

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ദിവസത്തെ പകൽ സമയത്തെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് ട്വന്റി ഫോർ ന്യൂസാണ്. 7.22 പോയിന്റ് നേടിയാണ് ട്വന്റിഫോർ ഒന്നാമതായത്. . ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തുമാണ്.

വോട്ടെണ്ണൽ ദിവസം ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ ട്വന്റി ഫോറിന് വൻ കുതിപ്പായിരുന്നു. വോട്ടണ്ണലിൻെറ ഉദ്വേഗം നിറഞ്ഞ മൂഹൂ‍ർത്തങ്ങളിൽ യൂട്യൂബിൽ മാത്രം രണ്ടര ലക്ഷത്തിൽപരം ആളുകൾ തത്സമയം ട്വന്റി ഫോർ കാണുന്നുണ്ടായിരുന്നു.‍


ഡിജിറ്റൽ രംഗത്ത് ലഭിച്ച പ്രീതി അന്നേ ദിവസത്തെ റേറ്റിങ്ങിലും പ്രതിഫലിച്ചതാണ് ട്വന്റി ഫോർ മുന്നിൽ എത്താൻ കാരണം. റിപോർട്ടർ ഡിജിറ്റൽ രംഗത്ത് വലിയ പ്രേക്ഷക പിന്തുണ കാണിക്കുന്നുണ്ടെങ്കിലും റേറ്റിങ്ങിൽ ആ മികവ് ആവർത്തിക്കാൻ അവർക്കായില്ല


വോട്ടണ്ണൽ വാരത്തിലെ റേറ്റിങ്ങ് അളക്കപ്പെട്ട ആഴ്ചയിലും പത്രമുത്തശിമാരുടെ കുടുംബങ്ങളിൽ നിന്നുളള ചാനലുകൾക്ക് നിലമെച്ചപ്പെടുത്താനായില്ല. പതിവ് പോലെ മനോരമ ന്യൂസ് നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്.

40.20 പോയിന്റ് നേടി നാലാം സ്ഥാനത്ത് തുടരാനായെങ്കിലും വോട്ടണ്ണൽ വാരത്തിൽ പോയിന്റ് നിലയിൽ വർദ്ധനവ് വരുത്താൻ മനോരമാ ന്യൂസിന് ആയില്ല. മുൻ ആഴ്ചയേക്കാൾ 0.66 പോയിന്റ് കുറയുകയാണ് മനോരമക്ക് സംഭവിച്ചത്.


വ്യത്യസ്തമായ അവതരണശൈലിയും മിഴിവാർന്ന ഗ്രാഫിക്സും സജീവമായ സ്ക്രീനുമുളള ചാനലുകളിലേക്ക് മനോരമയുടെ സ്ഥിരം പ്രേക്ഷകരും കൂടുമാറിയതിൻെറ വ്യക്തമായ തെളിവാണ് വോട്ടെണ്ണൽ വാരത്തിലെ പോയിന്റ് ഇടിവ്.


അഞ്ചാം സ്ഥാനത്ത് നിന്ന് കരകയറാൻ ആയില്ലെങ്കിലും മാതൃഭൂമി ന്യൂസിന് വോട്ടണ്ണൽ വാരത്തിൽ പോയിന്റ് കൂട്ടാൻ കഴിഞ്ഞത് ആശ്വാസകരമാണ്. 48-ാം ആഴ്ചയിൽ 35.67 പോയിന്റ് നേടിയ മാതൃഭൂമി ന്യൂസിന് തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 2.61 പോയിന്റ് അധികം നേടാനായി. 

21.13 പോയിൻറുമായി ജനം ടിവി ആറാമതും 20.57 പോയിന്റുമായി കൈരളി ന്യൂസ് ഏഴാമതുമുണ്ട്. ജനം ടിവിക്കും കൈരളി ന്യൂസിനും വോട്ടെണ്ണൽ വാരത്തിൽ പോയിന്റ് കുറയുകയാണ് ചെയ്തിട്ടുളളത്. 12.90 പോയിന്റ് നേടി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 


വാർത്താ ചാനൽ റേറ്റിങ്ങിൽ അവസാനക്കാരായ മീഡിയാ വണ്ണിൻെറ നിലയിൽ മാറ്റമൊന്നുമില്ല. വോട്ടണ്ണൽ വാരത്തിൽ മുൻ ആഴ്ചയിലേക്കാൾ 0.40 പോയിന്റ് കുറഞ്ഞ് മീഡിയാ വൺ 9.38 പോയിന്റ് നേടി ഒൻപതാം സ്ഥാനത്തുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ വാർത്താ ചാനലായ ന്യൂസ് മലയാളം 24x7 ഈ വാരത്തിലും റേറ്റിങ്ങ് ചാർട്ടിൽ ഇടം പിടിച്ചിട്ടില്ല. 


ശൈശവ ദശയിൽ തന്നെ നിൽക്കുന്ന ചാനലിൽ നിന്ന് ചീഫ് എഡിറ്ററായിരുന്ന എം,.പി ബഷീറും അസോസിയേറ്റ് എഡിറ്ററായിരുന്ന എ.യു.രഞ്ജിത്തും കൊച്ചി ബ്യൂറോയിലെ റിപോർട്ടർ റാഫിയും ചാനൽ വിട്ടതാണ് ഏറ്റവും പുതിയ വാർത്ത.

ബഷീറിനെയും രഞ്ജിത്തിനെയും മാനേജ്മെൻറ് ഒഴിവാക്കിയതാണ്. ന്യൂസ് ഡയറക്ടർമാരായ ടി.എം.ഹർഷൻ, സനീഷ് ഇളയിടത്ത് എന്നിവരുമായി ഭിന്നതയിലായതാണ് ബഷീറിൻെറ പുറത്താക്കലിൽ കലാശിച്ചത്.

Advertisment