വാ‍ർത്താ ചാനലുകളുടെ റേറ്റിം​ഗിൽ വെല്ലുവിളികളില്ലാതെ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്. ​രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും റിപ്പോർട്ടർ ടിവിക്ക് ഗണ്യമായ പോയിന്റ് ഇടിവ്. ട്വൻറി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുന്നു. പതിവുപോലെ നാലും അഞ്ചും സ്ഥാനത്ത് മനോരമയും മാതൃഭൂമിയും. ചലനമുണ്ടാക്കാതെ എറ്റവും പിന്നിൽ മീഡിയാവൺ

ഒരു ഘട്ടത്തിൽ ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്ന റിപോർട്ടർ ടിവിക്ക് പിന്നീട് ആ കുതിപ്പ് നിലനിർത്താനായില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
asianet reporter 24 channel

കോട്ടയം: വാ‍ർത്താ ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിൻെറ മുന്നേറ്റത്തിന് വെല്ലുവിളികളില്ല. ബ്രോഡ് കാസ്റ്റ് ഓ‍ഡിയൻസ് റിസർച്ച് കൗൺസിൽ (BARC) പുറത്തുവിട്ട വാർത്താ ചാനലുകളുടെ 50-ാം ആഴ്ചയിലെ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Advertisment

രണ്ട് മാസം മുൻപ് ട്വന്റി ഫോർ ന്യൂസ് ഒന്നാം സ്ഥാനം നേടിയതോടെ മൂന്നാം സ്ഥാനത്തായി പോയ ഏഷ്യാനെറ്റ് ന്യൂസ് പിന്നീട് മേധാവിത്വം തിരിച്ചുപിടിക്കുന്നതാണ് കണ്ടത്.


വാർത്താവതരണ ശൈലിയിലും സാങ്കേതിക കാര്യങ്ങളിലും മാറ്റം വരുത്തിയാണ് ഏഷ്യാനെറ്റ് വാർത്താചാനലുകൾക്കിടയിലെ നേതൃസ്ഥാനം തിരിച്ച് പിടിച്ചത്. 


മുൻ ആഴ്ചകളിലേത് പോലെ റിപോർട്ടർ ടിവിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തിനും മാറ്റമില്ല. ട്വൻറി ഫോർ ന്യൂസാണ് 50-ാം ആഴ്ചയിലും മൂന്നാത് ഉളളത്. മനോരമ ന്യൂസ് നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തും തുടരുന്നുണ്ട്. 

ശക്തമായ മത്സരം നടക്കുന്ന വാർ‍ത്താ ചാനൽ റേറ്റിങ്ങിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 95.7 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.


മുൻ ആഴ്ചയിലേക്കാൾ 2 പോയിന്റ് വർദ്ധിപ്പിക്കുന്നതിനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. 49-ാം ആഴ്ചയിൽ 93.7 പോയിന്റായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻെറ സമ്പാദ്യം. 


രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിക്ക് 78 പോയിന്റാണ് ലഭിച്ചത്. തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ റിപോർട്ടറിന് പോയിന്റ് കുറയുകയാണ് ഉണ്ടായത്.

മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 1.3 പോയിന്റിൻെറ കുറവാണ് റിപോർട്ടറിന് സംഭവിച്ചത്. ഏതാണ്ട് ഒരുമാസക്കാലമായി റിപോർട്ടറിൻെറ പോയിന്റ് നില ഈ സ്ഥിതിയിൽ തന്നെ നിൽക്കുകയാണ്.


.


ചാനൽ മാനേജ്മെന്റ് ഉൾപ്പെട്ട നിരന്തര വിവാദങ്ങളും പാലക്കാട്ടെ ഇലക്ഷൻ റിപോർട്ടിങ്ങിനിടെ കോൺഗ്രസ് നേതൃത്വം ഇടഞ്ഞതും ബീറ്റ് റിപോർട്ടർമാർക്ക് എതിരെ ആക്ഷേപങ്ങൾ ഉയർന്നതും ചാനലിൻെറ വിശ്വാസ്യതയെ ചോദ്യമുനയിൽ നിർത്തി.

അതാണ് റിപോർട്ടർ ടിവിയുടെ കുതിപ്പ് ഒരു പ്രത്യേക ഘട്ടത്തിൽ നിശ്ചലമായിപ്പോയത്. മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോർ പോയിന്റ് വർദ്ധിപ്പിക്കുമ്പോഴാണ് റിപോർട്ടർ ഒരോ ആഴ്ചയിലും പോയിന്റ് നിലയിൽ താഴേക്ക് പോകുന്നത്.


49-ാം ആഴ്ചയിൽ 64.7 പോയിന്റ് ഉണ്ടായിരുന്ന ട്വന്റി ഫോർ 50-ാം ആഴ്ചയിൽ 67.1 പോയിന്റാണ് നേടിയത്. അടുത്തടുത്ത രണ്ട് ആഴ്ചയിലെ പോയിൻറുകൾ താരതമ്യം ചെയ്യുമ്പോൾ 2.4 പോയിന്റിൻെറ വർദ്ധനവാണ് ട്വന്റി ഫോറിനുളളത്.


ഇതോടെ രണ്ടാം സ്ഥാനത്തുളള റിപോർട്ടറുമായുളള പോയിന്റ് വ്യത്യാസം 10.9 പോയിന്റായി കുറയ്ക്കാൻ ട്വന്റി ഫോറിനായി. രണ്ട് ആഴ്ച മുൻപ് രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുളള പോയിന്റ് വ്യത്യാസം 19 പോയിന്റായിരുന്നു.

ജനപ്രിയ പരിപാടികൾ തിരിച്ചുകൊണ്ടുവന്നും പരിപാടികളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയുമാണ് ട്വന്റി ഫോർ പോയിന്റ് വർദ്ധിപ്പിച്ചത്.


വാർത്താ ചാനൽ റേറ്റിങ്ങിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുളള മനോരമ ന്യൂസും മാതൃഭൂമി ന്യൂസും തമ്മിലുളള മത്സരം ഇഞ്ചോടിഞ്ചായതും 50-ാം ആഴ്ചയിലെ റേറ്റിങ്ങ് ഫലത്തിൻെറ സവിശേഷതയാണ്.


കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ നാലാം സ്ഥാനക്കാരായ മനോരമ ന്യൂസിന് 40.9 പോയിന്റ് ഉളളപ്പോൾ അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് 39.9 പോയിന്റ് ലഭിച്ചു.

നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുളള വ്യത്യാസം കേവലം ഒരു പോയിന്റ് മാത്രം. നേരത്തെ യൂണിവേഴ്സ് വിഭാഗത്തിൽ 60 പോയിന്റ് വരെ ഉണ്ടായിരുന്ന

മനോരമ ന്യൂസിൻെറ പടിപടിയായി ഇടിഞ്ഞാണ് നാൽപ്പതുകളിലേക്ക് എത്തിയത്. എല്ലാ ആഴ്ചയിലും ശരാശരി 35 പോയിന്റ് നേടിയിരുന്ന മാതൃഭൂമി ന്യൂസ് ആകട്ടെ പോയിന്റ് നില പടിപടിയായി ഉയർത്തുന്നുമുണ്ട്.


ഫുഡ്, ട്രാവൽ വാർത്താ ശൈലി ഉപേക്ഷിച്ച് ഗൗരവമുളള വാർത്തകൾ പ്രക്ഷേപണം ചെയ്ത് തുടങ്ങിയതാണ് മാത‍ൃഭൂമി ന്യൂസിന് നേട്ടമായത്. 


ഈയാഴ്ചയിലും ജനം ടിവിയാണ് വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തുളളത്. 20 പോയിന്റാണ് ജനം ടിവിയുടെ നേട്ടം.

17.9 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തും 13.8 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുമുണ്ട്. 9 പോയിന്റുമായി മീഡിയാ വണ്ണാണ് ഏറ്റവും പിന്നിലുളളത്.

Advertisment