ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാൻ കള്ളക്കളി. സ്വർണപ്പാളി ഉണ്ണിപോറ്റിക്ക് കൈമാറിയത് ബോർഡിന്റെ മിനുട്ട്സിൽ എഴുതിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 9 ദേവസ്വം ഉദ്യോഗസ്ഥർ മാത്രമാവുമോ പ്രതികൾ ? പോറ്റി തട്ടിയത് 2 കിലോഗ്രാം സ്വർണം. കേരളം നടുങ്ങിയ സ്വർണക്കൊള്ളയിൽ രാഷ്ട്രീയക്കാർ രക്ഷപെടുമോ

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണക്കവർച്ചയിൽ പോറ്റിയാണ് ഒന്നാം പ്രതി. 9 ബോർഡ് ഉദ്യോഗസ്ഥ‌ർ പ്രതികളാണ്. ഇതിൽ വിരമിച്ചവരുമുണ്ട്. ഇവരുടെയെല്ലാം പങ്കാളിത്തം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. 

author-image
nidheesh kumar
New Update
unnikrishnan potty
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ രണ്ടുകിലോ സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാനുള്ള കള്ളക്കളി സജീവം. 

Advertisment

ഉണ്ണികൃഷ്ണൻ പോറ്റിയെയും ഏതാനും ദേവസ്വം ഉദ്യോഗസ്ഥരെയും ചില ഇടനിലക്കാരെയും മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് നീക്കം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ മാത്രമാണ് ഉണ്ണിപ്പോറ്റിയെ അറസ്റ്റ് ചെയ്തത്. 


ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റ് വൈകുകയാണ്. ഈ കേസിൽ എട്ടാം പ്രതിയായി ദേവസ്വം ബോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്ത ശേഷം ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് കേസ് അട്ടിമറിയുടെ സൂചനകൾ മണക്കുന്നത്. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണക്കവർച്ചയിൽ പോറ്റിയാണ് ഒന്നാം പ്രതി. 9 ബോർഡ് ഉദ്യോഗസ്ഥ‌ർ പ്രതികളാണ്. ഇതിൽ വിരമിച്ചവരുമുണ്ട്. ഇവരുടെയെല്ലാം പങ്കാളിത്തം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. 


ഇക്കൂട്ടത്തിലാണ് ബോർഡിനെ രക്ഷിക്കാനുള്ള മനപൂർവ്വമായ ശ്രമം എന്ന് സംശയിക്കാവുന്ന ഒരു വിവരമുള്ളത്. ബോർഡിന്റെ മിനുട്ട്സിൽ എഴുതിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പ് തകിടുകൾ പോറ്റിക്ക് കൈമാറാൻ നാലാം പ്രതി ഉത്തരവ് നൽകിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. 


ഇത് ബോർഡ് ചെയർമാനെയും അംഗങ്ങളെയും രക്ഷിക്കാനാണെന്നാണ് ആരോപണം. ദ്വാരപാലകശിൽപ്പത്തിലെ സ്വർണം കവർന്ന കേസിൽ ബോർഡിനെ പ്രതിയാക്കിയിട്ടില്ല. 

shabarimala gold

അതേസമയം, കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിനുള്ള രണ്ടാമത്തെ കേസിൽ എട്ടാം പ്രതിസ്ഥാനത്ത് ബോർഡ് ഭരണസമിതിയാണുള്ളത്. ഈ കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടുമില്ല. 

ഇതെല്ലാം ബോർഡംഗങ്ങളെയും പ്രസിഡന്റിനെയും കേസിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഒത്തുകളിയാണോയെന്ന് സംശയിക്കാവുന്നതാണ്.


ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയോടെ പോറ്റി ചതിയും വിശ്വാസവഞ്ചനയും കാട്ടി സ്വർണം തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 


ശ്രീകോവിലിൽ നിന്നുതന്നെ ക്ഷേത്രമുതൽ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. സ്വർണംപൊതിഞ്ഞ ചെമ്പുതകിടുകൾ പുതുക്കി നൽകാമെന്ന് 2019ജൂൺ17ന് പോറ്റി ബോർഡിന് അപേക്ഷ നൽകി. 

1998ൽ സ്വർണം പൊതിഞ്ഞതാണെന്ന് രണ്ടാം പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടെന്ന് കള്ള റിപ്പോർട്ടുണ്ടാക്കി.  

unnikrishnan potty-2

ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇ-മെയിലിന് പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങൾ 2024ലും നൽകാമെന്ന് നിയമവിരുദ്ധമായ ശുപാർശ നൽകി.


മൂന്നാം പ്രതി മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരിനുന്നിട്ടും വെറും ചെമ്പ് തകിടെന്നെഴുതി പോറ്റിയുടെ കൈവശം കൊടുത്തയയ്ക്കാൻ ശുപാർശക്കത്ത് ബോർഡിനയച്ചു. മഹസറിൽ ചെമ്പ് തകിടെന്നെഴുതി കവർച്ചയ്ക്ക് ഇടയാക്കി. സ്ഥലത്തില്ലാത്തവരുടെ പേര് മഹസറിൽ വ്യാജമായെഴുതി.


നാലാം പ്രതി മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ മഹസർ സമയത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ, സ്ഥലത്ത് ഉണ്ടായിരുന്നെന്ന് എഴുതി. ദ്വാരപാലക ശിൽപ്പങ്ങളിലെ തകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവ് നൽകി. 

എട്ടാംപ്രതിയായ തിരുവാഭരണം കമ്മിഷണർ ആർ. ജി രാധാകൃഷ്ണൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് പാളികളുടെ തൂക്കം മഹസറിലെ തൂക്കവുമായി ഒത്തുനോക്കാതെ പോറ്റിയുടെ പക്കൽ നൽകി. 

അന്യസംസ്ഥാനങ്ങളിലടക്കം എത്തിച്ച് പൂജനടത്താൻ പോറ്റിക്ക് അവസരമൊരുക്കി. പാളികൾ ശ്രീകോവിലിൽ സ്ഥാപിച്ചപ്പോൾ തിരുവാഭരണം കമ്മിഷണർ സ്ഥലത്തെത്തിയില്ല. 

സ്വർണം പൂശിയ താങ്ങുപീഠം ദ്വാരപാലക ശിൽപ്പത്തിൽ സ്ഥാപിക്കുന്നതിന് മുൻപ് മഹസർ തയ്യാറാക്കുകയോ തൂക്കം നോക്കുകയോ ചെയ്തില്ല.


2019 ജൂലായ് 19, 20 തീയതികളിൽ പാളികൾ ബംഗളുരുവിലും ഹൈദരാബാദിലുമെത്തിച്ച് വഞ്ചനാപരമായി ഉപയോഗിച്ച ശേഷം 2019 ആഗസ്റ്റ് 29നാണ് ചെന്നൈയിലെ സ്മാർട്ട്  ക്രിയേഷൻസിൽ എത്തിച്ചത്. 


394.9ഗ്രാം സ്വർണം മാത്രം പൂശിയശേഷം ബാക്കി സ്വർണം പോറ്റി കൈക്കലാക്കി. 42.8കിലോഗ്രാം ഭാരമുള്ള തകിടുകൾ സ്വർണം പൂശിയെത്തിച്ചപ്പോൾ 32.26കിലോയായി കുറഞ്ഞു. 

ബംഗളുരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ വീടുകളിലും ക്ഷേത്രങ്ങളിലുമെത്തിച്ച് പൂജനടത്തിയും ലാഭമുണ്ടാക്കി. കാണാതായ താങ്ങുപീഠം പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

പോറ്റി 2004മുതൽ 2008വരെ ശബരിമലയിലെ കീഴ്‌ശാന്തിയുടെ പരികർമ്മിയായിരുന്നു. ശബരിമലയെക്കുറിച്ച് കൃത്യമായ അറിവുണ്ട്. ശ്രീകോവിൽ മേൽക്കൂരയിലും ചുറ്റിലും 1998ൽ സ്വർണം പതിച്ചതായും അറിയാം. 


ദ്വാരപാലക ശിൽപ്പങ്ങളിലും ഇവയിലെ തെക്കും വടക്കും ഭാഗങ്ങളിലെ പില്ലറുകളിലും പൊതിഞ്ഞിട്ടുള്ള രണ്ടുകിലോ സ്വർണമാണ് തട്ടിയെടുത്തത്. പാളികൾ കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെത്തിച്ചു. ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ചെമ്പ് തകിടുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് കൈവശപ്പെടുത്തി. 


ഇത് മറച്ചുവയ്ക്കാൻ 394.9ഗ്രാം സ്വർണം പൂശി. ഇതിനായി വിവിധ സ്പോൺസർമാരിൽ നിന്ന് വൻതോതിൽ സ്വർണം വാങ്ങി. ഇതും മുഴുവനായി ഉപയോഗിക്കാതെ കൈവശപ്പെടുത്തി. 

ഈ സ്വർണം കണ്ടെടുക്കണം. ആരിൽ നിന്നൊക്കെ സംഭാവനകൾ വാങ്ങിയെന്നും കണ്ടെത്തണം. അന്യസംസ്ഥാനങ്ങളിലെത്തിച്ച് തെളിവെടുക്കണം. മറ്റ് പ്രതികളുടെ പങ്ക് വിശദമായി അന്വേഷിക്കണം- ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Advertisment