/sathyam/media/media_files/LCjcxUj9eQXg8jJOkilD.jpg)
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയുടെ വാക്കു വിശ്വസിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗിക അപവാദത്തിലും കേസിലും കുടുക്കിയ നടപടികൾക്ക് കാരണമായ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് അതേപടി പുറത്തുവിട്ട സർക്കാര്‍ സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാന്‍ മടിക്കുന്നതിലെ ശരികേട് ചര്‍ച്ചയാക്കി സംസ്ഥാന രാഷ്ട്രീയം.
മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെയും രാഷ്ട്രീയ ബന്ധമുള്ളവരുടെയും കൊള്ളരുതായ്മകൾ പുറത്തുവരുമെന്ന ഭീതിയിലാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. എന്നാൽ ശിവരാജൻ കമ്മീഷൻ ജുഡീഷ്യൽ കമ്മീഷനായിരുന്നെന്നും ഹേമ കമ്മിഷന് ജുഡീഷ്യൽ അധികാരമില്ലെന്നും സർക്കാർ വാദിക്കുന്നു.
സോളാർ വിവാദനായിക 2013 ജൂലൈ 19ന് എഴുതിയ കത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തിയ ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള നിഗമനത്തിലേക്ക് കമ്മീഷൻ എത്തിയത്.
ലൈംഗിക ചൂഷണത്തിന്റെ തെളിവുകൾ പുറത്തു വിടാതിരിക്കാൻ രാഷ്ട്രീയ നേതാക്കൾ നടത്തിയ ഇടപെടലിൻറെ ഡിജിറ്റൽ തെളിവുകളും കമ്മീഷൻ പരിശോധിച്ചു. സോളാർ പദ്ധതി നടപ്പാക്കാനും നയം സഹായകരമാക്കാനുമായാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടതെന്നാണ് വിവാദ നായികയുടെ മൊഴി.
ഈ പരിചയത്തിലൂടെ പല കാര്യങ്ങൾക്കും ഇടനിലക്കാരിയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നും കമ്മീഷൻ നിഗമനമത്തിലെത്തി.
പരാതിക്കാരിയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്നും അധികാരദുർവ്വിനിയോഗവും അഴിമതിയും ലൈംഗിക ചൂഷണവും കെട്ടുപിണഞ്ഞു കിടക്കുന്നു എന്നുമാണ് കമ്മീഷന്റെ നിഗമനം. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നാണ് കമ്മീഷൻ പറയുന്നത്. അധികാര ദുർവിനിയോഗത്തിനൊപ്പം ലൈഗിംക ചൂഷണവും വിശദമായി പറയുന്നുണ്ട്.
എന്നാൽ തനിക്കെതിരെയുണ്ടായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലാഭത്തിനായി കെട്ടിചമച്ചതാണെന്ന് സി.ബി.ഐയെക്കൊണ്ടു വരെ പറയിച്ച് അഗ്നിശുദ്ധി വരുത്തിയാണ് ഉമ്മൻചാണ്ടി ഈ ലോകത്ത് നിന്ന് മടങ്ങിയത്.
അവസാന കാലത്തുയർന്ന സോളാർ ആരോപണങ്ങളായിരുന്നു ഏറ്റവും കടുപ്പം. സദാസമയവും ആൾക്കൂട്ടത്തിന് നടുവിൽ 'ജീവിക്കുന്ന' ഉമ്മൻചാണ്ടിക്കെതിരേ സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത ആരോപണങ്ങളുടെ പേരിൽ ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന ജാമ്യമില്ലാകുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
ക്ലിഫ്ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലും അതിഥികളെ സ്വീകരിക്കുന്ന മുറിയിലും വച്ച് തനിക്ക് ദുരനുഭവമുണ്ടായെന്നാണ് സോളാർ വിവാദനായിക ആരോപിച്ചത്. അതിന് താന്‍ സാക്ഷിയാണെന്ന് പി സി ജോര്‍ജുകൂടി പറഞ്ഞതോടെ രംഗം കൊഴുത്തു. ഈ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു.
എന്നാൽ ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ് വകവയ്ക്കാതെ സർക്കാർ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. സി.ബി.ഐ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സോളാർ ആരോപണത്തിൽ സത്യത്തിന്റെ കണികപോലും കണ്ടെത്താനായില്ല. ക്ലിഫ്ഹൗസിൽ പരിശോധനയും തെളിവെടുപ്പുമായി സി.ബി.ഐ രംഗം കൊഴുപ്പിച്ചെങ്കിലും ഗുണമുണ്ടായില്ല. ഉമ്മൻചാണ്ടിയെ കാണാൻ ക്ലിഫ്ഹൗസിൽ എത്തിച്ചെന്ന് പരാതിക്കാരി പറയുന്ന രണ്ട് ഡ്രൈവർമാരും ആ ദിവസം ക്ലിഫ്ഹൗസിൽ പോയിട്ടില്ലെന്ന് കണ്ടെത്തിയതാണ് നിർണായകമായത്.
ദൃക്സാക്ഷിയായി പി.സി.ജോർജ്ജിനെ കെട്ടിയിറക്കാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും സി.ബി.ഐ തള്ളിക്കളഞ്ഞു. സോളാർ റിന്യൂവബിൾ എനർജി പോളിസി സംസ്ഥാനത്ത് നടപ്പാക്കാനും അതിനുള്ള കേന്ദ്രാനുമതി ലഭ്യമാക്കാനും ഉമ്മൻചാണ്ടിക്കു വേണ്ടി സഹായി തോമസ് കുരുവിള രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നും 1.9കോടി രൂപ താൻ ഡൽഹിയിലെത്തി നൽകിയെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. ഈ ആരോപണം കളവാണെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.
പണം കൈമാറിയതിന്റെ രേഖകൾ ഹാജരാക്കാനോ ബാങ്കിടപാട് രേഖകൾ നൽകാനോ പരാതിക്കാരിക്ക് കഴിഞ്ഞില്ല. കേസിൽ വ്യാജമൊഴികളും കെട്ടിച്ചമച്ച സാക്ഷികളുമാണുള്ളതെന്നും അടിമുടി കൃത്രിമമാണെന്നും കണ്ടെത്തിയ സി.ബി.ഐ ഉമ്മൻചാണ്ടിക്കെതിരായ കേസ് എഴുതിത്തള്ളി.
സോളാർ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രിയായിക്കെ ഉമ്മൻചാണ്ടി നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്കെതിരേ, പരാതിക്കാരി കത്തിലുന്നയിച്ച ആരോപണങ്ങൾ അതേപടി ആവർത്തിച്ചിരുന്നു.
ഹൈക്കോടതി ഈ ഭാഗം റദ്ദാക്കിയിരുന്നു. സോളാർ ആരോപണങ്ങൾ വിശ്വസനീയമല്ലെന്ന് ഡി.ജി.പിമാരായിരുന്ന അനിൽകാന്ത്, രാജേഷ് ദിവാൻ ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ സർക്കാരിനെ അറിയിച്ചിരുന്നതാണ്. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമോപദേശവുമുണ്ടായിരുന്നു. ഇപ്പോഴത്തെ പോലീസ് മേധാവി ഷേഖ് ദർവേഷ് സാബിഹ് അന്വേഷിച്ചിട്ടും ഉമ്മൻചാണ്ടിക്കെതിരേ ഒരു തെളിവുമുണ്ടായിരുന്നില്ല.
എന്നിട്ടും സി.ബി.ഐയെ സർക്കാർ ക്ഷണിച്ചുവരുത്തുകയായിരുന്നു. രാഷ്ട്രീയ ലാഭത്തിനുള്ള വജ്രായുധമായിരുന്ന സോളാർ ആരോപണങ്ങൾ ഉമ്മൻചാണ്ടിക്കു മുന്നിൽ രണ്ടുവട്ടം ചീറ്റിപ്പോവുകയായിരുന്നു. സോളർ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായത് അനീതിയെന്ന് ഉമ്മൻചാണ്ടി നിയമസഭയിൽ തുറന്നുപറഞ്ഞിരുന്നു.
ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെമ്പല്‍ കൊണ്ട സര്‍ക്കാരാണ് ഇപ്പോള്‍ മലയാള സിനിമയിലെ ഉന്നതരുടെ മാനം സംരക്ഷിക്കാന്‍ ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതിഞ്ഞു സൂക്ഷിക്കാന്‍ ഓഡിഐ നടക്കുന്നത് എന്നതാണ് കൌതുകം. അങ്ങനെ തെറ്റ് ചെയ്തവരുടെ മുഖം മൂടി സംരക്ഷിക്കേണ്ടത് ഒരു സര്‍ക്കാരിന്‍റെ കടമയായി മാറുന്നത് എങ്ങനെയാണ് ? വിവരാവകാശ കമ്മീഷന് അതില്‍ എന്താണിത്ര താല്‍പര്യം ?