പക്ഷിപ്പനി: വിൽപ്പനയും കടത്തും 2025 മാര്‍ച്ച് വരെ നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

author-image
ഇ.എം റഷീദ്
New Update
bird flu-4

തിരുവനന്തപുരം: പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനയും കടത്തും 2025 മാര്‍ച്ച് അവസാനം വരെ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്‍റെ നിര്‍ദ്ദേശം.

Advertisment

നിരീക്ഷണ മേഖലയിലുള്ള സര്‍ക്കാര്‍ ഫാമുകളില്‍ ഉള്‍പ്പെടെയുള്ള ഹാച്ചറികള്‍ അടുത്ത മാര്‍ച്ച് അവസാനം വരെ അടച്ചിടണം. മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്കരിക്കണം. 2025 മാര്‍ച്ച് അവസാനം വരെ കുട്ടനാട് മേഖലയില്‍ എല്ലാ മാസവും സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കണം.

സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ നിര്‍ബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്ക്രീനിങ് നടത്തണം. പന്നിഫാമുകളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ 4 മാസം കൂടുമ്പോഴും സര്‍ക്കാര്‍ സ്വകാര്യ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ കര്‍ശ്ശന നിര്‍ബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം.

ഒരു താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ 3000 മുതല്‍ 5000 വരെ എണ്ണത്തിനെ മാത്രം വളര്‍ത്താന്‍ അനുമതി നല്‍കുക. ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം.

അംഗീകൃത അറവുശാലകള്‍ക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്കരണത്തിന് ലൈസന്‍സ് നല്‍കണം. കോഴി, താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം.

പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.