തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസും യുഡിഎഫും കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും സുപ്രധാന രാഷ്ട്രീയ നീക്കങ്ങളിലേയ്ക്ക് കടന്നത് അട്ടിമറിയ്ക്കാന്‍ കെപിസിസി ഓഫീസിലെ മൂവര്‍ സംഘം വ്യാജവാര്‍ത്ത ചമച്ചത് സംസ്ഥാനത്തെ മീഡിയ രംഗത്തെ സിപിഎം ഫ്രാക്ഷനെ ഉപയോഗപ്പെടുത്തിയെന്ന് ആരോപണം.
അടിയന്തിര ഭാരവാഹി യോഗം ചേര്‍ന്നെന്നും യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നെന്നുമുള്ള വാര്‍ത്തകളുടെ സൃഷ്ടി മീഡിയ രംഗത്തെ സിപിഎം ഫ്രാക്ഷന്‍റെ സഹായത്തോടെയാണെന്ന അതീവ ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.
ഇതിനായി യോഗം ചേര്‍ന്നെന്ന് വരുത്താന്‍ കെപിസിസി പ്രസിഡന്‍റിനെ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് ചിലര്‍ ചേര്‍ന്ന് നടത്തിയ നാടകങ്ങളുടെ പരിസമാപ്തിയായിരുന്നു വ്യാജ വാര്‍ത്ത. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ പ്രസിഡന്‍റിനുവേണ്ടിയെന്ന നിലയില്‍ നടത്തുന്ന ഓപ്പറേഷനുകള്‍ പലതും പാര്‍ട്ടിയുടെ അടിവേരു തകര്‍ക്കുന്ന തരത്തിലായി മാറുകയാണ്.
ഇന്ദിരാ ഭവനില്‍ കെപിസിസി പ്രസിഡന്‍റിന്‍റെ ഉപജാപ സംഘമായി കൂടിയിരിക്കുന്ന മൂവര്‍ സംഘമാണ് ഇതിനു പിന്നില്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ 20 : 18 മിന്നും വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലെ ഐക്യം പ്രഘോഷിച്ച് വയനാട് നടന്ന കെപിസിസി ദ്വദിന എക്സിക്യൂട്ടീവിലെ തീരുമാനങ്ങളാണ് കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസില്‍ പതിവില്ലാത്തവിധം ഒരു വര്‍ഷത്തിലേറെ മുന്നേ തദ്ദേശ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചു നടന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അജണ്ടയും തീരുമാനങ്ങളും ഇടതുപക്ഷ കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. അടുത്ത ഒരു വര്‍ഷത്തിനു ശേഷം നടക്കേണ്ട തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഏകോപനത്തിന് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന മുഴുവന്‍ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വന്‍ വിജയം ഒരുക്കിയത് വിഡി സതീശന്‍ എന്ന നേതാവിന്‍റെ ഇലക്ഷന്‍ മാനേജ്മെന്‍റിന്‍റെ വിജയമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളില്‍ തുടങ്ങി സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം നിര്‍ണായക നീക്കങ്ങള്‍ നടത്തി ഒറ്റയ്ക്ക് പട നയിച്ചാണ് 20 -ല്‍ 18 -ഉം എന്ന വിജയം കൈയ്യടക്കിയത്.
അതേ വിഡി സതീശന്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഏകോപന ചുമതലയിലെത്തിയത് കോണ്‍ഗ്രസിനേക്കാളധികം ഞെട്ടിച്ചത് ഇടതു കേന്ദ്രങ്ങളെയാണ്. അത് തകര്‍ക്കണമെങ്കില്‍ സതീശനെ ആക്രമിക്കുകയും കോണ്‍ഗ്രസിലെ ഐക്യം തകര്‍ക്കുകയം വേണമെന്നത് ഇടതു കേന്ദ്രങ്ങളുടെ തന്ത്രമാണ്. അതിനുള്ള ചുമതല ഇടതുപക്ഷം അതീവ രഹസ്യമായി വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടത് അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരെെയാണ് ഏല്‍പിച്ചിട്ടുള്ളത്.
വാര്‍ത്താ കമ്പക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുക മാധ്യമ പ്രവര്‍ത്തകര്‍ക്കാണെന്നതിനാലാണ് മാധ്യമ രംഗത്തെ സിപിഎം ഫ്രാക്ഷന് ഈ ചുമതല നല്‍കിയത്. ആ തന്ത്രം വിജയം കണ്ടതിന്‍റെ സൂചനകളാണ് കോണ്‍ഗ്രസ് ഭാരവാഹി യോഗത്തില്‍ സതീശനെതിരെ വിമര്‍ശനം എന്ന നിലയില്‍ വാര്‍ത്ത പുറത്തുവരാന്‍ കാരണം.
ഐ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ സുധാകര പക്ഷത്തേയ്ക്ക് കൂറുമാറിയ കെപിസിസി ഭാരവാഹിയാണ് സതീശനെ വിമര്‍ശിക്കാന്‍ അടിയന്തിര ഭാരവാഹിയോഗം എന്ന ആശയം മുന്നോട്ടുവച്ചതെന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിലായിരുന്ന കെ സുധാകരനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ യോഗത്തില്‍ പങ്കെടുപ്പിച്ചതത്രെ.
എന്തായാലും ഇത്തരക്കാരെ കണ്ടെത്തുകയും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റങ്ങളൊക്കെ വൃഥാവിലാകും എന്നുറപ്പ്.