കോൺഗ്രസിലെ വ്യാജവാർത്തകൾക്ക് ചുക്കാൻ പിടിച്ച മൂവർ സംഘം, നേതാക്കളെ വരുതിയിൽ നിർത്താൻ കെസി വേണുഗോപാലിന്റെ പേരും ദുരുപയോഗം ചെയ്തു ? പിടിക്കപ്പെടുമെന്നായപ്പോൾ പ്രവർത്തകരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംഘടനാ ചുമതല ലഭിക്കുമെന്ന് വീണ്ടും വ്യാജവാർത്ത ? കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനെയും തെറ്റിക്കാൻ നടന്നത് ആസൂത്രിത നീക്കം. നടപടി ഉറപ്പ്

തങ്ങള്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ആധികാരികത ഉറപ്പു വരുത്താനും ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കരുനീക്കങ്ങള്‍ എന്നു വരുത്താനുമാണ് ഇവര്‍ കെസി വേണുഗോപാലിന്‍റെ പേര് ദുരുപയോഗം ചെയ്യുകയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് നേതാക്കളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k sudhakaran vd satheesan kc venugopal

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐക്യം തകര്‍ക്കാന്‍ കരുതിക്കൂട്ടി വ്യാജ വാര്‍ത്ത പരത്തിയ കെപിസിസി ഭാരവാഹികളില്‍ രണ്ടുപേര്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പേരും ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്.

Advertisment

തങ്ങള്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ആധികാരികത ഉറപ്പു വരുത്താനും ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കരുനീക്കങ്ങള്‍ എന്നു വരുത്താനുമാണ് ഇവര്‍ കെസി വേണുഗോപാലിന്‍റെ പേര് ദുരുപയോഗം ചെയ്യുകയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് നേതാക്കളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തത്.

വേണുഗോപാലിന്‍റെ പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിന്‍റെ പിന്തുണ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ കെസിയുടെ അടുപ്പക്കാരനായ ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പേര് വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനും ശ്രമങ്ങളുണ്ടായി.


കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണെന്ന് വരുത്തി തീര്‍ക്കാനായി വിളിച്ചു ചേര്‍ത്ത തട്ടിക്കൂട്ട് ഭാരവാഹി യോഗത്തിന് ചുക്കാന്‍ പിടിക്കുകയും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്ത മൂവര്‍ സംഘത്തിനെതിരെ എഐസിസി നിര്‍ദേശിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം വ്യാജ വാര്‍ത്തകള്‍ക്കും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായിട്ടാണെങ്കിലും അന്വേഷണം വിരല്‍ ചൂണ്ടുന്നത് ഈ മൂവര്‍ സംഘത്തിലേയ്ക്കാണ്.


അതിനിടെ മൂവര്‍ സംഘത്തിലൊരാള്‍, പാര്‍ട്ടിയില്‍ അഴിച്ചുപണി നടന്നേക്കുമെന്നും തന്നെ സംഘടനാ ചുമതല ഏല്‍പ്പിക്കുമെന്നും അഭ്യൂഹം പരത്തി ഇന്ന് വീണ്ടും വ്യാജ വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.

പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്ന മൂവര്‍ സംഘത്തില്‍ താനില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സംഘടനാ ചുമതല കൈമാറിയേക്കും എന്ന തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. ടി.യു രാധാകൃഷ്ണനെ മാറ്റി തനിക്ക് സംഘടനാ ചുമതല നല്‍കുന്നു എന്ന വാര്‍ത്ത വരുമ്പോള്‍ തന്‍റെ നിലപാടുകള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുമെന്നതാണ് തന്ത്രം.


മുമ്പ് ഐ ഗ്രൂപ്പിന്‍റെ ഭാരവാഹിയായിരിക്കുകയും രമേശ് ചെന്നിത്തലയുടെ അടുത്തയാളായി അറിയപ്പെടുകയും ചെയ്ത കൊല്ലംകാരനായ നേതാവാണ് മൂവര്‍ സംഘത്തിലെ പ്രധാനികളിലൊരാള്‍. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോള്‍ ഇപ്പോള്‍ രമേശിനെ ഉപേക്ഷിച്ച് പരസ്യമായി കെസിയ്ക്കൊപ്പം രഹസ്യമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം നിലയുറപ്പിച്ചു.


വയനാട് എക്സിക്യൂട്ടിവിലെ തീരുമാന പ്രകാരം പ്രതിപക്ഷ നേതാവ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ സുധാകരനെ തെറ്റിദ്ധരിപ്പിച്ച് ഭാരവാഹി യോഗം വിളിച്ചുകൂട്ടാനുള്ള ബുദ്ധി ഇയാളുടെ സംഭാവനയായിരുന്നു.

sudhakaran kc venugopal vd satheesan

ആ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ വക്രീകരിച്ച് വ്യാജവാര്‍ത്തയാക്കി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം എന്ന നിലയില്‍ വാര്‍ത്ത പുറത്തുവിട്ടത് പത്തനംതിട്ടക്കാരനായ 'പഴകിയ' നേതാവാണത്രെ. കെസിയുടെ ഗ്രൂപ്പിന്‍റെ താത്വികാചാര്യനായാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും സജീവമായ ഇയാളാണ് വ്യാജ വാര്‍ത്തകളുടെ സൃഷ്ടിയും പ്രചരണവും നടത്തുന്നതത്രെ.


'താനൊന്നുമറിഞ്ഞില്ലേ...' എന്ന മട്ടില്‍ ഇന്ന് പുതിയൊരു വ്യാജ വാര്‍ത്തയുണ്ടാക്കി പുതിയ സംഘടനാ ചുമതലക്കാരനാകാന്‍ കാത്തിരിക്കുന്ന നേതാവാണ് സിപിഎം ഫ്രാക്ഷനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കുന്നതിലെ പ്രധാനി.


സംഘടനാ തലത്തിലും പാര്‍ലമെന്‍ററി തലത്തിലും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നിലും ശോഭിക്കാതെ തോല്‍ക്കാനായി ജനിച്ചവനായി നടക്കുന്ന ഈ നേതാവിനാണത്രെ കെസിപിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും രണ്ടു തട്ടില്‍ നില്‍ക്കണമെന്ന് ഏറ്റവും വാശി. ഫലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് ഈ മൂവര്‍ സംഘവും ഇവര്‍ക്ക് പിന്നിലെ ചെറു ഗ്രൂപ്പുകളും.

ks vd

കെപിസിസി പ്രസിഡന്റിന്റെ അടുപ്പക്കാരാണെന്നറിയപ്പെടുന്ന മറ്റു ചില പ്രധാന ഭാരവാഹികളും ഇവർക്ക് ഒത്താശ ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കിടയിൽ അടുത്തകാലത്തുണ്ടായ ഭിന്നതയിൽ മലബാർ കാരനായ ഭാരവാഹി ഇവരുമായി തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ ഒറ്റയാനാണ്. 


മേൽപ്പറഞ്ഞ മൂവര്‍ സംഘത്തിന്റെ സംരക്ഷകനായ പ്രധാന ഭാരവാഹിയുടെ ചില ഇത്തിൾകണ്ണികളായ നേതാക്കളും പാർട്ടി വിരുദ്ധ നീക്കങ്ങളുടെ പിണിയാളുകളാണ്. അതിലൊരാൾ പഴയ സിം കാർഡ് മോഷണ കേസിലെ പ്രതിയായിരുന്ന ആളാണത്രെ. കക്ഷിയുടെ പുതിയ പരിപാടി കോൺഗ്രസ് ഭാരവാഹിത്വം നൽകാമെന്ന പേരിൽ പാർട്ടിയിലെ കുട്ടി നേതാക്കളിൽ നിന്ന് പണം തട്ടുകയാണത്രേ.


ഒരു കോൺഗ്രസ് മുൻമന്ത്രിയുടെ ബന്ധുവും സഹായിയും പിന്നീട് ബിനാമിയുമായി നിന്ന് ഒടുവിൽ അയാളെയും പറ്റിച്ച മുൻ യുവ നേതാവാണ് ഇത്തിള്‍ കണ്ണികളിലെ മറ്റൊരു പ്രധാനി. ഇവരെല്ലാം കൂടി ശ്രമിക്കുന്നത് കോൺഗ്രസിലെ ഐക്യം തകർത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ വിജയത്തിന്റെ ശോഭ കെടുത്താനാണ്. അതിനായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെപിസിസി പ്രസിഡന്‍റിനെയും ഇവർ തന്ത്രപരമായി കൈകാര്യം ചെയ്യുന്നുണ്ട്.


നേതാക്കളുടെ നിലവാരമില്ലായ്മയും ഗൂഢ നീക്കങ്ങളും തിരിച്ചറിഞ്ഞ് അവരെ മാറ്റിനിർത്തി പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ പ്രസിഡണ്ടിന് കഴിയുന്നുമില്ല.


അതേസമയം വാർത്ത ചോർത്തൽ വിഷയത്തിൽ എഐസിസി നിർദേശപ്രകാരം അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ  കർശന അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് ഹൈക്കമാന്‍റ് ആലോചിക്കുന്നത്.

Advertisment