മുട്ടോളം ചെളിയിൽ ഇഴഞ്ഞ് മുന്നോട്ടു പോകവേ അതിഭയങ്കര ശബ്ദം. തൊട്ടടുത്തെ തേയിലത്തോട്ടത്തിലേക്ക് ഓടിക്കയറി. മലവെള്ളവും ഉരുളും കുത്തിയൊഴുകി. നിമിഷനേരത്തിൽ എതിർവശത്തെ കുന്നിൽ നിന്നവരെയൊന്നും കാണാനില്ല. കുന്നിന്റെ മുകളില്‍ ഏതാണ്ട് ഒരുമണിക്കൂറോളം പേടിച്ചുവിറച്ചിരുന്നു. ആയുസിന്‍റെ ബലം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത് - ഫയർഫോഴ്സ് അംഗങ്ങൾ ആ ഭയാനക രാത്രി ഓർത്തെടുക്കുന്നു

വയനാട്ടിലെ മഹാദുരന്തത്തിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ ഫയർഫോഴ്സ് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഉരുൾ ജല പ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോൺ കോൾ മുതൽ രാപകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന ഫയർഫോഴ്സ്.

New Update
fire force rescue wayanad

തിരുവനന്തപുരം: എന്തിനും ഏതിനും മലയാളികൾ സഹായത്തിന് ആദ്യം വിളിക്കുന്നത് ഫയർഫോഴ്സിനെയാണ്. വെള്ളത്തിലോ കരയിലോ ഉയരങ്ങളിലോ മലയിലോ എന്ത് അത്യാഹിതമുണ്ടായാലും ഫയർഫോഴ്സിലേക്ക് സന്ദേശങ്ങൾ പ്രവഹിക്കും.

Advertisment

അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലെങ്കിലും കേരളാ ഫയർഫോഴ്സ് അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്ന സേനയാണ്. അസാദ്ധ്യമായതും സാദ്ധ്യമാക്കുന്ന കൈക്കരുത്തും മനക്കരുത്തുമാണ് ഫയർഫോഴ്സിന്റെ കൈമുതൽ.

വയനാട്ടിലെ മഹാദുരന്തത്തിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ ഫയർഫോഴ്സ് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഉരുൾ ജല പ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോൺ കോൾ മുതൽ രാപകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന ഫയർഫോഴ്സ്.

wayanad disaster rescur-3

കേന്ദ്രസേനകളും മറ്റ് രക്ഷാസംഘങ്ങളും എത്തുന്നതിനും മുമ്പെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ദുരിതബാധിതരിലേക്ക് രക്ഷയുടെ കരങ്ങളെത്തിക്കുകയായിരുന്നു ഫയർഫോഴ്സ് അംഗങ്ങൾ. 


ഉരുൾപൊട്ടി എന്നറിയിച്ചു കൊണ്ടെത്തിയ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൽപറ്റ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പുഞ്ചിരിമട്ടത്തെത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ജീവൻ മുറുകെപിടിച്ച് ഒരു കുന്നിൻ്റെ മുകളിൽ അഭയം പ്രാപിച്ചു.


ഭയാനകമായ ആ രാത്രിയും പിന്നിട്ട് അടുത്ത ദിവസങ്ങളിൽ രക്ഷാദൗത്യത്തിൽ സജീവമാവുകയായിരുന്നു ഫയർഫോഴ്സ്. പുലർച്ചെ ഒന്നേമുക്കാലിനാണ് ഫയർഫോഴ്സ് വിവരമറിയുന്നത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയെന്നും വേഗം വരണമെന്നും മണികണ്ഠൻ എന്നയാളാണ് വിളിച്ചത്.

15 പേർ ഉടൻ സംഭവസ്ഥലത്തേക്ക് കുതിച്ചു. അതിശക്തമായ മഴയായിരുന്നു. പോകുന്ന വഴി മണ്ണിടിച്ചിലുമുണ്ടായി. മേപ്പാടി പോളിടെക്‌നിക് കോളേജിന്റെ അടുത്തെത്തിയപ്പോൾ റോഡിൽ മരം വീണ് കിടക്കുന്നു. ആ മരം മുറിച്ചു മാറ്റാൻ അരമണിക്കൂറെടുത്തു. 


ചൂരൽമലയിലെത്തിയപ്പോൾ കൂറ്റാകൂരിരുട്ട്. വഴി നിറച്ചും മുട്ടോളം ചെളി. മുണ്ടക്കൈയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ അങ്ങോട്ടു പോകരുത് പാലം ഒലിച്ചുപോയി എന്ന് നാട്ടുകാർ പറഞ്ഞു. കൈയിലുള്ള ടോർച്ചുമായി തിരച്ചിലിനിറങ്ങാൻ തീരുമാനിച്ചു. അങ്ങനെ നൂറുകണക്കിനാളുകളെയാണ് ഫയർഫോഴ്സ് രക്ഷപെടുത്തിയത്.


അഗ്നി രക്ഷാസേനയിലെ 600 പേരാണ് ദുരന്തമുഖത്ത് ഏഴാം ദിവസവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. കൊച്ചിയിൽ നിന്നുമെത്തിയ സ്‌കൂബ ഡൈവിങ്ങ് വിങ്ങിലെ അറുപത് പേരടങ്ങിയ സംഘവും രക്ഷാപ്രവർത്തനത്തിന്റെ തുടക്കം മുതൽ ഇവിടെ സജീവം.

പ്രളയസമാനമായി വെള്ളം ഉയർന്ന ചൂരൽ മലയിലെ കുത്തൊഴുക്കുകളെ മറികടന്ന് മുണ്ടൈക്കയിലേക്കെത്തിയ സ്‌കൂബ ടീം കരയിലും ഒരു പോലെ പ്രവർത്തിച്ചു. വീടുകൾക്കുള്ളിൽ കുടങ്ങിയവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിൽ അഗ്നിരക്ഷാ സേന കൂടുതലായി എത്തിയതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി.

wayanad disaster rescur-2

ഇതിന് തുടർച്ചയായി ദുരന്തമുഖങ്ങളിൽ കൂടുതൽ പരിശീലനം ലഭിച്ച ഫയർ റെസ്‌ക്യു സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, റോപ് റെസ്‌ക്യു ടീം, സിവിൽ ഡിഫൻസ് ടീം, ആപ്താ റെസ്‌ക്യു വളണ്ടിയേഴ്‌സ് എന്നിവരും രംഗത്തെത്തി. റീജിയണൽ ഫയർ ഓഫീസർമാരായ പി.രജീഷ്, അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ തന്നെ ഈ മേഖലയിൽ നിന്നും കൽപ്പറ്റയിലെ ഫയർഫോഴ്‌സ് ഓഫീസിലേക്ക് പ്രദേശവാസിയുടെ വിളി എത്തി. കനത്ത മഴയെ അവഗണിച്ച് 15 അംഗ സംഘം ചൂരൽമലയിലേക്ക് കുതിച്ചു. മേപ്പാടി പോളിടെക്നിക് കോളേജിന് സമീപം വഴിയിൽ വീണു കിടന്ന മരം മുറിച്ചു മാറ്റി വഴിയൊരുക്കിയാണ് സംഘം യാത്ര തുടർന്നത്.

മുണ്ടക്കൈയിലേക്കുള്ള പാലം കടക്കാൻ ശ്രമിച്ചതോടെ പാലം തകർന്നുവീഴുന്നതായി നാട്ടുകാർ പറഞ്ഞു. അതിന് പിന്നാലെയാണ് വലിയ ശബ്ദത്തോടെ ചൂരൽമലയെയും ഉരുൾ വിഴുങ്ങുന്നത്. ഉയരത്തിലുള്ള തോട്ടത്തിലേക്ക് ഓടിക്കയറിയാണ് ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കിയത്. പിന്നീടുള്ള ഭയാനകമായ കാഴ്ചകൾക്കും സേനാംഗങ്ങൾ സാക്ഷികളായി.


ഭയാനക ശബ്ദം കേട്ട് തേയിലത്തോട്ടത്തിലേക്ക് ഫയർഫോഴ്സ് സംഘങ്ങൾ ഓടിക്കയറിയപ്പോൾ മലവെള്ളവും ഉരുളും കുത്തിയെഴികി. രണ്ടാമത്തെ ഉരുൾപൊട്ടലായിരുന്നു അത്. കുന്നിന്റെ മുകളിൽ ഏതാണ്ട് ഒരുമണിക്കൂറോളം പേടിച്ചുവിറച്ചിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് അവർ രക്ഷപ്പെട്ടത്.


വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതുപോലെ തോന്നിയപ്പോഴാണ് കുന്നിറങ്ങി വന്നത്. കുന്നിന്റെ മുകളിലുണ്ടായിരുന്നവരെയൊക്കെ രക്ഷിച്ചു. ആദ്യത്തെ പൊട്ടലിനു ശേഷം ടോർച്ചടിച്ച് കുറേപേർ നിക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ ഉരുൾപൊട്ടലിനു ശേഷം അവരെയാരെയും കാണുന്നില്ല.

wayanad disaster rescue

കുറച്ചു പേരെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞു. കുറേ പേരുടെ മൃതശരീരം കിട്ടി. നേരം വെളുക്കാറായപ്പോഴേക്കുമാണ് മറ്റു സേനകളവിടെയെത്തുന്നത്. അവരും രക്ഷാപ്രവർത്തനത്തിൽ നല്ലരീതിയിൽ സഹകരിച്ചു.

കൂട്ടായ പ്രവർത്തനത്തിലൂടെ അന്ന് വൈകിട്ടോടെ ഏകദേശം 600-ഓളം ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു- കൽപ്പറ്റയിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ അനിൽ ആ ഭയാനക രാത്രി ഓർത്തെടുത്തു.

Advertisment