തിരുവനന്തപുരം: കൊല്ലം എംഎല്‍എ നടന്‍ മുകേഷിനുള്ള സിപിഎം സംരക്ഷണം അദ്ദേഹത്തിന്‍റെ നിയമസഭാംഗത്വം സംരക്ഷിക്കുന്നതില്‍ മാത്രമായിരിക്കുമെന്ന് സുചന. മുകേഷിനെതിരെയുള്ള കേസുകളില്‍ നടപടി സ്വീകരിക്കുക പരാതിയുടെ ആധികാരികത അന്വേഷിച്ചശേഷമാകും. പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കാന്‍ സിപിഎം രാഷ്ട്രീയാനുമതി നല്‍കിയതായാണ് സൂചന.
മുകേഷിന്‍റെ കാര്യത്തില്‍ സിപിഎമ്മിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായ എതിര്‍പ്പാണുള്ളത്. സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റംഗം ആനി രാജയും അദ്ദേഹം രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ എംഎല്‍എ പദവിയില്‍ നിന്നുള്ള രാജി കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്‍റെ അഭിപ്രായത്തിനു തന്നെയാകും മുന്‍തൂക്കം.
ഒരു നല്ലതും പറയാനില്ലാത്ത ഒരാള്‍ !
മുകേഷിനെ സംബന്ധിച്ച് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്ന ഒരു കാര്യം ഒരു നല്ലകാര്യവും അദ്ദേഹത്തെക്കുറിച്ച് പറയാനില്ലെന്നതാണ്. ആകെയുള്ളത് കൊള്ളാവുന്ന ഒരു നടനെന്നത് മാത്രമാണ്. അതിന്‍റെ പേരിലാണ് അദ്ദേഹം എംഎല്‍എ ആയതും.
സിനിമയിലെയൊ രാഷ്ട്രീയത്തിലെയോ സഹപ്രവര്‍ത്തകരാരും മുകേഷിനെ പരിധിവിട്ട് പിന്തുണയ്ക്കുന്നില്ല. കാരണം നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അറിയുന്നവര്‍ ആര്‍ക്കും അതിശയോക്തിയില്ല. അതല്ല, അതിനുമപ്പുറം പറയുന്നവനാണ് മുകേഷ് എന്ന അഭിപ്രായക്കാരാണ് ഏറെയും.
പവര്‍ ഗ്രൂപ്പിലെ പ്രധാനിയോ ?
മുകേഷിനെതിരെ സഹനടി ഉന്നയിച്ച ഒരു ആരോപണത്തില്‍ തന്നെ പവര്‍ ഗ്രൂപ്പിലെ അംഗമാണ് താനെന്ന ധ്വനിയിലുള്ള മുകേഷിന്‍റെ വാക്കുകള്‍ എടുത്തു പറയുന്നുണ്ട്. താനറിയാതെ അമ്മയില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ ഇടവേള ബാബുവിനെ കണ്ട നടിയെ മുകേഷ് ഫോണില്‍ വിളിച്ച് പറഞ്ഞ വാക്കുകളാണ് മുകേഷിനെ തിരിഞ്ഞു കൊത്തുന്നത്.
"ഞാനറിയാതെ 'അമ്മ'യില്‍ അംഗമാകാമെന്ന് നീ കരുതിയോ, ഞാന്‍ അറിയാതെ മലയാള സിനിമയില്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് നീ മനസിലാക്കിക്കോ" എന്നാണ് നടിയോട് മുകേഷ് പറഞ്ഞത്. അതില്‍ തന്നെ പവര്‍ ഗ്രൂപ്പില്‍ താനും ഉണ്ടെന്ന തുറന്നു പറച്ചിലുണ്ട്.
പരാതികള്‍ ആവര്‍ത്തിക്കുമോ ?
പരാതികളില്‍ ഒത്തുതീര്‍പ്പിന് ആവോളം സമയം വേട്ടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ പോലീസിനെ സമീപിക്കാന്‍ തയ്യാറായവരും ഉണ്ട്. വമ്പന്‍ ഒത്തുതീര്‍പ്പുകള്‍ക്കുള്ള നെട്ടോട്ടങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്.
അത്തരത്തില്‍ മുകേഷ് പണ്ട് വേട്ടയാടിയ മറ്റ് താരങ്ങളും ആരോപണങ്ങളുമായി രംഗത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മുകേഷിനെ പൂര്‍ണമായി സംരക്ഷിക്കാന്‍ സിപിഎം തയ്യാറാകില്ല.
ഭയക്കുന്നത് കൊല്ലംകാരെ !
മുകേഷിനെപ്പോലൊരാളെ രണ്ടാം ആവര്‍ത്തിയും വിജയിപ്പിച്ചു വിട്ടെങ്കിലും ഇത്തവണ കൊല്ലംകാരെ സിപിഎമ്മിന് അല്പം ഭയമൊക്കെയുണ്ട്. മുകേഷിനെക്കൊണ്ട് രാജി വയ്പിച്ചാല്‍ വീണ്ടും ഒരാളെ അവിടെനിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാം എന്ന പ്രതീക്ഷ സിപിഎമ്മിനില്ല. അത്രകണ്ട് ജനവികാരം എതിരാണ്. അതിനാല്‍ തന്നെ രാജി ഒഴിവാക്കാനുള്ള എല്ലാ ശ്രമവും സിപിഎം നടത്തും.