തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്നിലാരെന്ന ചര്‍ച്ചയാണ് തിങ്കളാഴ്ച പകല്‍ രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ ചില നടപടികള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ അതിവിശ്വസ്തരായ എഡിജിപി എം.ആര്‍ അജിത് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചാണ് അന്‍വറിന്‍റെ കടുത്ത ആരോപണങ്ങള്‍.
ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം അന്‍വര്‍ ആരോപണം ഉന്നയിച്ച അജിത് കുമാറിന്‍റെയും പത്തനംതിട്ട എസ്‌പിയുടെയും കസേര തെറിക്കുകയും ചെയ്തു. ഇതോടെ അന്‍വറിന്‍റെ പിന്നില്‍ ആരാണെന്ന ചോദ്യം ഉയരുകയാണ്.
അന്‍വര്‍ അരുമയാണെങ്കില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതി വിശ്വസ്തനായിരുന്നു പി.വി അന്‍വര്‍. ആ വിശ്വസ്തതയ്ക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്നാണ് തലസ്ഥാനത്തെ പിന്നാമ്പുറ സംസാരങ്ങള്‍. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണോ അന്‍വര്‍ അന്തംവിട്ട ആരോപണങ്ങളുമായി രംഗത്തു വന്നത്.
അങ്ങനെ വിശ്വസിക്കാമെങ്കില്‍ ഒപ്പം നിന്ന് വിശ്വാസമില്ലായ്മ കാണിച്ച 'വിശ്വസ്തരെ' പുറത്താക്കാന്‍ കണ്ടെത്തിയ വഴിയാണ് അന്‍വര്‍ എന്ന വജ്രായുധം. അതാണ് ശരിയെങ്കില്‍ പി ശശിയുടെയും തൊപ്പി തെറിക്കും.
സാധ്യതകള്‍ അങ്ങനെയും
അതിനു പല കാരണങ്ങളുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷം തന്‍റെ വിശ്വസ്ത സംഘത്തില്‍ ഉള്‍പ്പെട്ട പലരും അത്ര വിശ്വസ്തരല്ലെന്ന് മുഖ്യമന്ത്രിക്ക് സംശയമുണ്ടെന്നാണ് കേട്ടുകേള്‍വി.
ശശി ഉള്‍പ്പെടെയുള്ള ആ വിശ്വസ്തരെ പലരെയും പാര്‍ട്ടി പറഞ്ഞ് തിരുത്തിയിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ ഒപ്പം നിന്ന് തന്നോട് കൂറുകാണിക്കാത്തവരെ തെറിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചതാകാം.
തലതൊട്ടപ്പന്‍ ഗോവിന്ദന്‍ മാഷോ !
അതല്ല സത്യമെങ്കില്‍ ഉറപ്പാണ്, അന്‍വറിന് പിന്നില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംഘവുമാണ്. പാര്‍ട്ടിക്ക് വഴങ്ങാതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ഉപജാപ സംഘങ്ങളെ തെറിപ്പിക്കാന്‍ അന്‍വറിന് 'ക്വട്ടേഷന്‍' നല്‍കിയത് ഗോവിന്ദനാകാം. അതില്‍ മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പിനപ്പുറം അദ്ദേഹത്തോടുള്ള കരുതലുമാകാം.
അങ്ങനെയാണ് സത്യമെങ്കില്‍ അതിലെ അപകടം മണത്ത മുഖ്യമന്ത്രി അതില്‍ വീണിരിക്കാം. അതായിരിക്കാം അവരുടെ വഴിയേ തന്നെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയും തുനിഞ്ഞത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പ് പി ശശിയെ ഒതുക്കാന്‍ കണ്ണൂര്‍ ലോബി കരുക്കള്‍ നീക്കിയിട്ടുണ്ടെന്നര്‍ത്ഥം.
കാക്കിയില്‍ കറയെന്ന് പൊതുവികാരം
ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്ന പൊതു വികാരം പാര്‍ട്ടിയില്‍ കുറെ നാളുകളായുണ്ട്. ഇപ്പോള്‍ ആഭ്യന്തര വകുപ്പ് എന്നു പറഞ്ഞാല്‍ അത് പി ശശിയും എം.ആര്‍ അജിത് കുമാറുമാണ്. ഡിജിപിക്കുപോലും കാര്യമായ റോള്‍ ഇല്ലെന്നതാണ് അവസ്ഥ.
എന്തായാലും അജിത് കുമാറിന് അത്ര സുഖകരമായിരിക്കില്ല വരാനുള്ള നടപടികള്‍ എന്നാണ് സൂചന. കാരണം, അജിത് കുമാറിനെതിരെ മുഖ്യമന്ത്രിയെ വിശ്വസിപ്പിക്കാന്‍ പോന്ന ചില തെളിവുകള്‍ ഇടം വലം നിന്ന അജിത്തിന്‍റെ ഏതോ ശത്രുക്കള്‍ അന്‍വറിന്‍റെ പക്കല്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. അതിലാണ് അജിത്തിന്‍റെ വീഴ്ച. പകരം ഇനി ആഭ്യന്തര വകുപ്പില്‍ വാഴാന്‍ പോകുന്നവരും അജിത്തിന് പ്രിയപ്പെട്ടവരാകില്ല.