തിരുവനന്തപുരം: പോലീസ് നേതൃത്വത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരേ അതീവ ഗുരുതര ആരോപണങ്ങൾ കത്തിപ്പടരുന്നതിനിടെ, സർക്കാരിന് വെല്ലുവിളിയായി ഒക്ടോബർ 7 മുതൽ 17 വരെ നിയമസഭാ സമ്മേളനം വരുന്നു.
എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ ഭരണപക്ഷ എം.എൽ.എയായ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പ്. സ്വർണക്കടത്ത്, ആളെക്കൊല്ലിക്കൽ, കോടികളുടെ കൈക്കൂലി, ദാവൂദ് ഇബ്രാഹിമിനെപ്പോലെ അധോലോക പ്രവർത്തനം അടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങൾ സഭാതലത്തിൽ കത്തിപ്പടരും.
നിയമ നിർമ്മാണത്തിന് മാത്രമായാണ് നിയമസഭ സമ്മേളിക്കുന്നതെങ്കിലും അൻവറിന്റെ ആരോപണങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അജിത്തിനെതിരേ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
നിയമസഭാ സമ്മേളനത്തിന്റെ സമയമാവുമ്പോഴും ഈ റിപ്പോർട്ട് റെഡിയായിരിക്കും. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് സഭയിൽ വയ്ക്കേണ്ടി വരുമെന്നതും സർക്കാരിന് വെല്ലുവിളിയാണ്.
പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങൾ വിവാദമായെങ്കിലും അത് ഒതുക്കിയ മട്ടിലാണ് സർക്കാർ. എന്നാൽ അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയും അന്വേഷണത്തിന് അജിത്തിന്റെ കീഴുദ്യോഗസ്ഥരെ നിയമിച്ചും ജനങ്ങളെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് അന്വേഷിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും അദ്ദേഹത്തിന് മേൽനോട്ടം മാത്രമാണുള്ളത്. അന്വേഷണ സംഘത്തിലെ മറ്റ് നാലുപേരും എ.ഡി.ജി.പി അജിത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ജി.സ്പർജ്ജൻകുമാറിനാണ് അന്വേഷണ നേതൃത്വം. അദ്ദേഹവും സംഘത്തിലുള്ള തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസും അജിത്കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരാണ്.
സംഘത്തിലുള്ള എസ്.പി എ. ഷാനവാസ്, വിരമിച്ചശേഷം ഐ.പി.എസ് സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞമാസം സർവീസിൽ തിരിച്ചെത്തിയതാണ്. മറ്റൊരു എസ്.പി എസ്. മധുസൂദനൻ എ.കെ.ജി സെന്റർ ആക്രമണക്കേസടക്കം അന്വേഷിച്ച സി.പി.എമ്മിന്റെ വേണ്ടപ്പെട്ടയാളാണ്. ഇവർക്കാർക്കും എ.ഡി.ജി.പി അജിത്തിനെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ തെളിവെടുപ്പിനോ കഴിയില്ല.
ഭരണമുന്നണിയിൽ പെട്ട സി.പി.ഐയും എ.ഡി.ജി.പി അജിത്തിനെതിരേ രംഗത്തെത്തിയതാണ് പുതിയ വെല്ലുവിളി. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ വയനാട്ടിലും ശ്രമിച്ചെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പരസ്യമായി പറഞ്ഞുകഴിഞ്ഞു.
ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ രാഷ്ട്രീയഭേദം മറന്ന് കൊണ്ട് യുവജന സംഘടനകളടക്കം ദുരന്തഭൂമിയിൽ എല്ലാം മറന്ന് രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്നു. മാതൃകാപരമായ രക്ഷാ പ്രവർത്തനമാണ് ദുരന്തഭൂമിയിൽ കണ്ടത്. ഇവർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം.
ഒരു രാഷ്ട്രീയത്തിൽ പോലും ഇല്ലാത്തവരും രക്ഷാ പ്രവർത്തനത്തിന്റെ പേരിൽ ഒന്നിക്കുന്ന കാഴ്ചയാണ് ദുരന്ത ഭൂമിയിൽ തുടക്കം മുതൽ കണ്ടത്. ദുരന്തം നടന്നതറിഞ്ഞ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നാല് മന്ത്രിമാർ ദുരന്തഭൂമിയിലെത്തി എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചു. പ്രതിപക്ഷത്തിന് പോലും പരാതിക്കിടയില്ലാത്ത തരത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
എന്നാൽ ഒരു ദിവസം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് ദുരന്ത ഭൂമിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. ഈ സമയത്താണ് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എ.ഡി.ജി.പി എം. ആർ. അജിത്കുമാർ ശ്രമിച്ചത്. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവർക്ക് ഭക്ഷണം നൽകേണ്ടതില്ലെന്ന് എ.ഡി.ജി.പി തീരുമാനിക്കുകയായിരുന്നു. ഇത് ഏറെ ബഹളത്തിന് ഇടയാക്കി. ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്ന അവസ്ഥയുണ്ടായി.
അടുത്ത ദിവസം റവന്യൂ വകുപ്പ് മന്ത്രി ദുരന്തഭൂമിയിൽ എത്തിയപ്പോൾ സി.പി.ഐ ജില്ലാ സെക്രട്ടറി അടക്കം ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം ഇടപെട്ടാണ് ഉടൻ തന്നെ തീരുമാനം മാറ്റിയത്. മന:പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുളള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് അന്നേ തങ്ങൾ സംശയിച്ചിരുന്നുവെന്നും ഇ.ജെ.ബാബു പറഞ്ഞു.
അജിത്തിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ നിയമസഭയിൽ സി.പി.ഐ പിന്തുണയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഏറെക്കാലമായി വിവാദ വിഷയങ്ങളിൽ സി.പി.ഐയുടെ പിന്തുണ സഭയിൽ സി.പി.എമ്മിന് കിട്ടാറില്ല. പോലീസ് അതിക്രമങ്ങളെക്കുറിച്ച് നിരവധി ചർച്ചകളുണ്ടായപ്പോഴെല്ലാം സി.പി.എമ്മിനെ അനുകൂലിക്കാതെ മൗനം പാലിക്കുകയായിരുന്നു സി.പി.ഐ.
അതേസമയം, അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് സർക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു. ചുമതലയിൽ നിന്നുമാറ്റിയാൽ അൻവറിന്റെ ആരോപണങ്ങളെല്ലാം സർക്കാർ ശരിവയ്ക്കുന്നെന്ന് വിലയിരുത്തപ്പെടുമെന്നാണ് വിലയിരുത്തൽ.
അജിത്തിനെ ക്രമസമാധാനത്തിൽനിന്ന് മാറ്റിയാൽ കൂടുതൽ ആരോപണങ്ങളുമായി ആളുകൾ രംഗത്തെത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ഇക്കാര്യം പോലീസ് മേധാവി തന്നെ സർക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്.
അജിത്തിനു പിന്നാലെ പി. ശശിയെയും മാറ്റേണ്ടിവരുമെന്നും ഇത് തെറ്റുതിരുത്തലിന് തുല്യമാവുമെന്നും രാഷ്ട്രീയക്കളികൾക്ക് വഴങ്ങേണ്ടെന്നുമാണ് തീരുമാനം.
ഡി.ജി.പിയുടെ അന്വേഷണത്തിൽ കുറ്റംതെളിഞ്ഞാൽ മാത്രം മാറ്റിയാൽ മതിയെന്ന് തീരുമാനിച്ച് അജിത്തിന് തുടരാൻ സർക്കാർ പച്ചക്കൊടികാട്ടുകയായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഘടകകക്ഷിയായ സി.പി.ഐയെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തതാണ് വെല്ലുവിളി.
ഈ സർക്കാരിന്റെ നിയമനിർമ്മാണത്തിനായുള്ള അവസാന സമ്മേളനമാണ് അടുത്തമാസം ചേരുന്നത്. വയോജന സംരക്ഷണബിൽ, മലബാർ ദേവസ്വം ഭേദഗതി ബിൽ, ഡിജിറ്റൽ റീസർവേയിൽ കണ്ടെത്തുന്ന മിച്ചമുള്ള സ്വകാര്യഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ഡിജിറ്റൽ സർവേ ബിൽ, നാല് വർഷ ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ, വിദേശ സർവകലാശാല നിയമ ഭേദഗതി ബിൽ, ആംനെസ്റ്റി സ്‌കീം നിറുത്തലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം, ഹെഡ്‌ലോഡ് വർക്കേഴ്സ് ഭേദഗതി ബിൽ, ഈസ് ഓഫ് ബിസിനസ്സ് സംബന്ധിച്ച ബിൽ എന്നിവയാണ് പരിഗണനയ്ക്ക് വരിക.
ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റാത്തത് സഭയെ ഇളക്കിമറിക്കാനാണ് എല്ലാ സാദ്ധ്യതയും.