തിരുവനന്തപുരം: കഴിഞ്ഞ 8 വര്‍ഷവും സര്‍ക്കാരിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന പോലീസിലും പിണറായി വിജയന്‍റെ അതിവിശ്വസ്തരായ ഉന്നത വ്യക്തികള്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ തുറന്നുവിട്ടിരിക്കുന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്‍റെ ശുദ്ധികലശം ലക്ഷ്യം വച്ചാണെന്നാണ് സൂചന.
ആ ശൈലി ഇനി വേണ്ട
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയിലൂടെ പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്നും അകലുകയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥനത്തിലാണ് ഭരണതലപ്പത്ത് സിപിഎമ്മിന്‍റെ കര്‍ശന ഇടപെടല്‍.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്‍വര്‍ നടത്തിയ പരാതികളില്‍ സിപിഎം അന്വേഷണം നടത്താന്‍ തീരുമാനിച്ചതും ഭരണത്തിന്മേല്‍ പാര്‍ട്ടി നിയന്ത്രണം ശക്തമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.
കളി പാര്‍ട്ടിയോട് വേണ്ട !
താഴെത്തലങ്ങളില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന പാര്‍ട്ടി രേഖയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇത്തവണത്തെ സമ്മേളന ലക്ഷ്യം.
അതുണ്ടാകണമെങ്കില്‍ സര്‍ക്കാരില്‍ തിരുത്തല്‍ വേണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പക്ഷേ സര്‍ക്കാരിന്‍റെ പോക്ക് ആ നിലയ്ക്കല്ല. പാര്‍ട്ടി അറിയാതെ ഭരണതലത്തില്‍ ബാഹ്യ ശക്തികള്‍ ഇടപെടുന്നു എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ശശിക്ക് പിടി വീഴും !
ഈ സാഹചര്യത്തില്‍ തെറ്റായ പ്രവണതകള്‍ തിരുത്തിയേ തീരൂ എന്നതാണ് സിപിഎം നേതൃത്വത്തിന്‍റെ തീരുമാനം. തിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെ ആകണമെന്നും പാര്‍ട്ടി ഉറപ്പിച്ചിരിക്കുകയാണ്. പി ശശിക്കെതിരായ അന്വേഷണത്തില്‍ അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ശശിയെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്നുറപ്പാണ്.
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താനെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറാകാത്തതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
അതിനാല്‍ തന്നെയാണ് പിവി അന്‍വര്‍, കെടി ജലീല്‍ എന്നിവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തത്.
ആ കസേര തെറിക്കും !
മാത്രമല്ല, അജിത് കുമാറിനെ മാറ്റാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടാകും എന്നാണ് സൂചന. അതായത് പിണറായി വിജയനെ പാര്‍ട്ടിക്ക് വിധേയനായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.
പിണറായിയെ മാറ്റാനുള്ള നീക്കങ്ങളൊന്നും നിലവില്‍ സിപിഎമ്മിലില്ല. പക്ഷേ അദ്ദേഹത്തിന്‍റെ നിലവിലെ ഏകാധിപത്യ ശൈലി ഇനി അനുവദിക്കില്ലെന്ന സൂചനയാണ് സിപിഎം നേതൃത്വം നല്‍കുന്നത്.
ഘടകകക്ഷികളുടെ കരുനീക്കങ്ങള്‍ !
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗൗരവതരം എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പരസ്യമായി പ്രതികരിച്ചത്. ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഗൗരവതരമായ അന്വേഷണം എന്ന ആവശ്യവും ബിനോയ് ഉന്നയിച്ചു.
തൃശൂരില്‍ പൂരം കലക്കിയതില്‍ ആരോപണ വിധേയര്‍ക്കുള്ള പങ്ക് അന്വേഷിക്കണം എന്നാണ് അവിടെ സ്ഥാനാര്‍ഥിയായിരുന്ന സിപിഐ നേതാവ് വിഎസ് സുനില്‍ കുമാറും ആവശ്യപ്പെട്ടിരിക്കുന്നത്.
കാര്യങ്ങള്‍ ഈ നിലയിക്ക് പോയാല്‍ ശരിയാവില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് - എമ്മിനുമുള്ളത്. പക്ഷേ പതിവു രീതിയില്‍ അവര്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ല. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും തമ്മില്‍ നല്ല ബന്ധത്തിലുമാണ്. പക്ഷേ നിലവിലെ പോക്കില്‍ അവരും തൃപ്തരല്ല.