Advertisment

പിണറായി സർക്കാരിനെ വിറപ്പിക്കാൻ ഗവർണറായി ആരിഫ് ഖാനെ കേരളത്തിൽ തുടരാൻ കേന്ദ്രം അനുവദിക്കുമോ. സുപ്രീംകോടതിയിലെ നിയമപോരാട്ടം തുടരാൻ ഖാൻ തുടരണമെന്ന് ബിജെപി. ആർക്കും രണ്ടാമൂഴം നൽകേണ്ടെന്ന കേന്ദ്ര തീരുമാനം ഖാന്റെ കാര്യത്തിൽ മാറുമോ. നാളെ കാലാവധി കഴിയുന്ന ഗവർണർക്ക് പകരക്കാരൻ ഉടൻ വരാനിടയില്ല

ഗവർണർമാർക്ക് രണ്ടാമൂഴം നൽകേണ്ടെന്നാണ് ബി.ജെ.പി സർക്കാരിന്റെ നയം. എന്നാൽ ബില്ലുകൾ ഒപ്പിടുന്നതിലടക്കം സുപ്രീംകോടതിയിലുള്ള കേസുകളിലെ തുടർനടപടികളുള്ളതിനാലും ഇടത് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നതിനാലും ഗവർണർക്ക് രണ്ടാം ടേം നൽകിയേക്കാനിടയുണ്ട്.

New Update
arif muhammad khan pinarai vijayan-2

 

Advertisment

തിരുവനന്തപുരം: നാളെ കാലാവധി പൂർത്തിയാക്കുന്ന ഗവ‌ർണർ ആരിഫ് മുഹമ്മദ് ഖാൻ തത്കാലം കേരളത്തിൽ തുടരും. രാഷ്ട്രപതിയുടെ വിജ്ഞാപനം വരുംവരെ അദ്ദേഹത്തിന് തുടരാനാവും. അഞ്ചുവർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക. അതിനാൽ പുതിയ ഗവർണറെ നിയമിച്ച് ഉത്തരവുണ്ടാവും വരെ ഖാന് തുടരാം.

ഗവർണർമാർക്ക് രണ്ടാമൂഴം നൽകേണ്ടെന്നാണ് ബി.ജെ.പി സർക്കാരിന്റെ നയം. എന്നാൽ ബില്ലുകൾ ഒപ്പിടുന്നതിലടക്കം സുപ്രീംകോടതിയിലുള്ള കേസുകളിലെ തുടർനടപടികളുള്ളതിനാലും ഇടത് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നതിനാലും ഗവർണർക്ക് രണ്ടാം ടേം നൽകിയേക്കാനിടയുണ്ട്.


ഗവർണറെ ഉടനടി മാറ്റിയാൽ കേസുകളുടെ നടത്തിപ്പിലും പ്രതിസന്ധിയുണ്ടാവും. രണ്ടാമൂഴം നൽകിയാൽ വീണ്ടും സത്യപ്രതിജ്ഞ വേണ്ടിവരും. കേരളത്തിൽ ഒരു ഗവർണർക്കും ഇതുവരെ രണ്ടാം ടേം കിട്ടിയിട്ടില്ല.


നാളെ അമ്പലംമുക്കിലെ ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷമടക്കം ഗവർണർക്ക് പരിപാടികളുണ്ട്. ഈമാസം പകുതിവരെ രാജ്ഭവനിൽ സന്ദർശകർക്ക് സമയം അനുവദിച്ചിട്ടുമുണ്ട്.

ഖാൻ കേരളത്തിൽ തുടരുമോ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുമോ എന്നാണ് ആകാംക്ഷ. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ഷായുടെ അദ്ധ്യക്ഷതയിൽ കാബിനറ്റ് ഉപസമിതി ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു.

സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാവും ഗവർണർമാരുടെ തുടർച്ചയും സംസ്ഥാനം മാറ്റവുമെല്ലാം തീരുമാനിക്കുക. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടരാൻ സാദ്ധ്യതയേറെയാണ്. സംസ്ഥാനത്ത് ഇതുവരെയും ഒരു ഗവർണർക്കും തുടർച്ച ലഭിച്ചിട്ടില്ല. പുതിയനിയമനം ലഭിച്ചാൽ വീണ്ടും സത്യപ്രതിജ്ഞയുണ്ടാകും.


73കാരനായ ആരിഫ് ഖാൻ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ൽ ബി.ജെ.പിയിൽ ചേർന്ന ഖാൻ, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ളയാളാണ്.


താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22-ാം ഗവർണറായി 2019 സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം. 26-ാംവയസിൽ യുപി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയാണ്. 

പാർട്ടികൾ മാറിദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞയാളാണ് ഖാൻ. ചരൺസിംഗിന്റെ ഭാരതീയ ക്രാന്തിദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ ജനതാദളിലൂടെ ബി.ജെ.പിയിലെത്തി. 1986ൽ മുസ്ളീം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ടു. കോൺഗ്രസ് വിട്ട ശേഷം വി.പി.സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലേക്ക്.

വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായി. പിന്നീട് മായാവതിയുടെ ബി.എസ്.പിയിൽ. യുപിയിലെ ബഹ്‌റൈച്ചിൽ നിന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി പാർട്ടികളുടെ ലേബലിൽ ജയിച്ചു.


കാലാവധി പൂർത്തിയായോ അതിനുമുൻപോ ഗവർണർസ്ഥാനത്ത് ഒഴിവുവരുമ്പോൾ പുതിയ ആളെ നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം വരണം. കാലാവധി കഴിഞ്ഞുപോകുന്ന ഗവർണർ പുതിയ ഗവർണർക്ക് ചുമതല കൈമാറുകയല്ല, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് പുതിയ ഗവർണർ സ്ഥാനമേറ്റെടുക്കുകയാണ്.


സർക്കാരുമായി നിരന്തരംനടത്തിയ ഏറ്റുമുട്ടലുകൾ ബി.ജെ.പി.ക്ക് സംസ്ഥാനരാഷ്ട്രീയത്തിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തൽ കേന്ദ്രഭരണനേതൃത്വത്തിനുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ചാൻസലറെന്നനിലയിൽ ഗവർണർക്കുള്ള അധികാരം അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചത് ആ രംഗത്തുള്ള അഴിമതി പുറത്തുകൊണ്ടുവരാൻ സഹായിച്ചെന്നാണ് കേന്ദ്രവിലയിരുത്തൽ.

Advertisment