തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ച പിവി അന്‍വറിനെ വീണ്ടും പ്രകോപിപ്പിച്ചത് അന്വേഷണം പ്രഖ്യാപിച്ചിട്ടും അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നടപടിക്രമങ്ങള്‍ പ്രകാരം അജിത് കുമാറിനെ മാറ്റിനിര്‍ത്തണം എന്ന് പറഞ്ഞ പിണറായി ബുധനാഴ്ചയും നടപടിക്കൊരുങ്ങുന്നില്ല എന്ന ഘട്ടം വന്നപ്പോഴാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.
വീട്ടില്‍നിന്ന് പ്രയോഗത്തിലെ ഒളിയമ്പ് !
ഹെഡ്മ്സ്റ്ററെ പദവിയിലിരുത്തി അയാള്‍ക്കെതിരെ പ്യൂണിനെക്കൊണ്ട് അന്വേഷിപ്പിക്കാം എന്ന ഏര്‍പ്പാട് ശരിയാവില്ലെന്നാണ് ഇന്ന് അന്‍വര്‍ ആഞ്ഞടിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായത് അദ്ദേഹത്തിന്‍റെ വീട്ടില്‍നിന്ന് വന്നല്ലെന്നും പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയതെന്നുമുള്ള കടുത്ത പരാമര്‍ശം തന്നെ അന്‍വര്‍ നടത്തി. എന്നു മാത്രമല്ല, 'വീട്ടില്‍നിന്ന് ' പ്രയോഗത്തില്‍ പല ഒളിയമ്പുകളും ഒളിഞ്ഞുകിടപ്പുമുണ്ട്.
വെള്ളിയാഴ്ച നിര്‍ണായകം
പിണറായിയെ സംബന്ധിച്ച്, അജിത് കുമാറിനെ സംരക്ഷിക്കാനുള്ള പിടിവാശി അദ്ദേഹത്തിന് വിനയായി മാറാനാണ് സാധ്യത. ഒടുവില്‍ അജിത്തിനെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടാലും അതിശയപ്പെടാനില്ല.
വെള്ളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തില്‍ പിണറായിക്ക് നിര്‍ണായകമാകാനാണ് സാധ്യത. അതിനു മുമ്പ് സ്വന്തം നിലയില്‍ അങ്ങനൊരു തീരുമാനം എടുത്താല്‍ തല്‍ക്കാലം മുഖ്യമന്ത്രിക്ക് മുഖം രക്ഷിക്കാനാകും.