Advertisment

പരീക്ഷകളിലെ റാങ്കുകാരനും ടെന്നിസ് കമ്പക്കാരനായിരുന്ന യെച്ചൂരി, പിന്തിരിപ്പൻ ചിന്തകളില്ലാത്ത കറകളഞ്ഞ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്. പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി ബി.ജെ.പി വിരുദ്ധ കൂട്ടായ്മയ്ക്ക് ഊർജ്ജം പകര്‍ന്ന നേതാവ്. ആന്ധ്രാക്കാരൻ യെച്ചൂരി രാജ്യത്തിനാകെ പ്രിയങ്കരനായത് പ്രവർത്തിയിലെ പ്രായോഗികത കാരണം. സിപി.എമ്മിലെ ജനകീയ മുഖം വിടവാങ്ങുമ്പോൾ

സാമൂഹിക മാറ്റവും സാമ്പത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ നടപടികളിലൂന്നിയായിരുന്നു 72 കാരനായ യെച്ചൂരിയുടെ നിലപാടുകൾ. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sitaram yechuri
Listen to this article
0.75x 1x 1.5x
00:00 / 00:00

 

Advertisment

തിരുവനന്തപുരം:  ഇടത് രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ സി.പി.എമ്മിനെ സമീപകാലത്ത് നിലനിർത്തിയ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നു സീതാറാം യെച്ചൂരി. ഈ പ്രായോഗിതക കാരണമാണ് എതിർപ്പുകളേറെയുണ്ടായിട്ടും സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് ഹാട്രിക്ക് തികയ്ക്കാൻ കഴിഞ്ഞത്. 

സാമൂഹിക മാറ്റവും സാമ്പത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ നടപടികളിലൂന്നിയായിരുന്നു 72 കാരനായ യെച്ചൂരിയുടെ നിലപാടുകൾ. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഗോദാവരിയിലെ റാങ്കുകാരന്‍ 


ആന്ധ്രാപ്രദേശിൽ കിഴക്കൻ ഗോദാവരി സ്വദേശിയാണ് യെച്ചൂരി. സർവേശ്വര സോമയാജി യെച്ചൂരിയുടെയും കൽപ്പകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12 ന് പഴയ മദ്രാസിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം ഹൈദരാബാദിൽ. തെലങ്കാന പ്രക്ഷോഭ നാളുകളിൽ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി.


പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂൾ പഠനം പൂർത്തിയാക്കിയത് സി.ബി.എസ്.സി അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാം റാങ്കോടെ. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഇക്കോണമിക്സിനും ജവഹർലാൽ നെഹ്റു സർവകാലാശാലയിൽ എംഎ ഇക്കോണമിക്സിനും ലഭിച്ചു റാങ്ക്. ജെ.എൻ.യുവിലെ പിഎച്ച്.ഡി പഠനം അടിയന്തരാവസ്ഥകാലത്തെ ഒളിജീവിതത്തിൽ മുടങ്ങി.

വഴിത്തിരിവായത് ജെ.എൻ.യു 


പരീക്ഷകളിലെല്ലാം റാങ്കു നേടിയ, ടെന്നീസ് കമ്പക്കാരനായ പയ്യനെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും നേതാവായി വളർത്തിയതും ഡൽഹി ജെ.എൻ.യു ക്യാമ്പസാണ്. പിന്നീട് പാർട്ടിയിലെ സഹപ്രവർത്തകനായി മാറിയ പ്രകാശ് കാരാട്ട് ജെ.എൻ.യുവിൽ സീനിയറായിരുന്നു.


1974 ൽ എസ്.എഫ്.ഐയിൽ അംഗത്വം. മൂന്നു വട്ടം ജെ.എൻ.യു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്. കേരളവും ബംഗാളും അടക്കിവച്ച എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി. 1984ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ 32-ാം വയസിൽ നേരിട്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 1992 ൽ മദ്രാസിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോൾ പ്രായം നാല്പത് മാത്രം.

നേതൃനിരയിലെ മൂവര്‍ സംഘം 

പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, യെച്ചൂരി എന്നിവർക്ക് പാർട്ടി ദേശീയ നേതൃത്വത്തിൽ ചുമതല നൽകുന്നത് ഒരേകാലത്ത്. 1988 ൽ തിരുവനന്തപുരത്ത് നടന്ന 13-ാം പാർട്ടി കോൺഗ്രസിൽ നിലവിൽ വന്ന സെക്രട്ടേറിയറ്റിലും അംഗങ്ങളായ ഈ മൂവർ സംഘത്തിന്റെ കൈയിലായിരുന്നു പിന്നീടങ്ങോട്ട് പാർട്ടി നേതൃത്വം. 

അവർക്കിടയിൽ ആശയപരമായ ഭിന്നതയുണ്ടായതും ചരിത്രം. 2015 ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുന്നത് കാരാട്ടിൽ നിന്നാണ്. 2018 ൽ ഹൈദരാബാദിലെ 22-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് എസ്.ആർ.പി എതിർസ്ഥാനാർത്ഥിയി വന്നെങ്കിലും പിൻവാങ്ങി. 


2005 മുതൽ 2018 വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്റേറിയൻ ആയി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്റെ ശബ്‌ദമായി മുഴങ്ങി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗമായിരിക്കെ ടുജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്‌തി ചൂണ്ടിക്കാട്ടിയും മറ്റുമുള്ള ഇടപെടലുകൾ ശ്രദ്ധേയം.


പാര്‍ലമെന്റിലെ തന്ത്രഞ്ജ്ജന്‍ 

2015 ൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാരിന് ഭേദഗതിക്കു വഴങ്ങേണ്ടി വന്നത് യെച്ചൂരി അടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടുകൾ മൂലമായിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനിയുമായി സഭയിൽ കൊമ്പുകോർത്തു. 

രാജ്യസഭാംഗമായി യെച്ചൂരി തുടരണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. എങ്കിലും പാർട്ടി നേതൃ സ്ഥാനത്ത് പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി അദ്ദേഹം സജീവമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കും ഊർജ്ജം നൽകുന്നതായിരുന്നു യെച്ചൂരിയുടെ സാന്നിദ്ധ്യം.

സുന്ദരയ്യയുടെ ശിഷ്യന്‍, സുര്‍ജിത് വഴികാട്ടി !


പഠിക്കാൻ മിടുക്കാനായിരുന്ന യെച്ചൂരിയെ മുഴുവൻ സമയ പാർട്ടിക്കാരനാക്കാൻ വീട്ടിൽ സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള ചുമതല സി.പി.എം ആദ്യ ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ പി. സുന്ദരയ്യയ്ക്കായിരുന്നു. പിന്നീട് വഴികാട്ടിയായത് അന്തരിച്ച മുൻ ജനറൽസെക്രട്ടറി ഹർകിഷൻസിംഗ് സുർജിത്. 


കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നേതാക്കളുമായി അടുപ്പം പുലർത്തുന്നതിലും മുന്നണി രാഷ്‌ട്രീയ സംവിധാനത്തിന്റെ വക്താവായതിലും സുർജിത്തിന്റെ സ്വാധീനം കാണാം. 1996, 89-91 ബി.ജെ.പി സർക്കാർ കാലഘട്ടങ്ങളിൽ ഇടത് ഏകോപനസമിതികളിൽ പ്രധാന പങ്കുവഹിച്ചത് സുർജിതിന്റെ നിർദ്ദേശപ്രകാരം. 

ബസവപുന്നയ്യ, സുർജിത്, ഇ.എം.എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം നടത്തിയ യാത്രകളും മറ്റു പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും യെച്ചൂരിയിലെ നേതാവിനെ പാകപ്പെടുത്തുന്നതിൽ ഏറെ നിർണായകമായി.

Advertisment