Advertisment

തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന ഉത്തരവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. മുസ്ലീം വോട്ടുകളേറെയുള്ള കണ്ണൂരിൽ, 24 കാരനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി വിയർക്കും. പരമാവധി ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ച് ജയരാജനെ പൂട്ടാൻ സിബിഐ. അരിയിൽ ഷുക്കൂർ കേസ് സിപിഎമ്മിന് വാട്ടർലൂ ആവുന്നു

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയിരുന്നത്. ഇതിനെ സി.ബി.ഐയും എതിർത്തു.

New Update
p jayarajan tv rajesh
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവർ നൽകിയ ഹർജികൾ കോടതി തള്ളിയത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കും. ഇരു നേതാക്കളും ഇനി വിചാരണ നേരിടേണ്ടിവരും.  

Advertisment

എം.എസ്.എഫ് പ്രവ‌ർത്തകനായിരുന്ന ഷുക്കൂറിന്റെ കൊലപാതകത്തിൽ ജയരാജൻ 33ഉം രാജേഷ് 34ഉം പ്രതിസ്ഥാനത്താണുള്ളത്. ആകെ 34 പ്രതികളാണുള്ളത്. 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലായിരുന്നു 24 വയസ് മാത്രം പ്രായമുള്ള അരിയിൽ ഷുക്കൂറിനെ സി.പി.എമ്മുകാർ പരസ്യവിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തിയതെന്നാണ് കേസ്.


ആദ്യ അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിൽ  ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാൻ രവിയുടെ മകൻ ബിജുമോൻ എന്നിവരടക്കം 18 പേരുണ്ടായിരുന്നു. ഇതിൽ ബിജുമോൻ ഉൾപ്പെടെ 8 പേർ കണ്ണൂർ കോടതിയിൽ കീഴടങ്ങി.

ariyil shukoor

ഗൂഢാലോചനയുടെ അന്വേഷണത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണുവും ഡിവൈഎഫ്ഐ നേതാക്കളും പിന്നാലെ അറസ്റ്റിലായി. ഷുക്കൂറിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിത്തിന്റെ ബൈക്കിന്റെ ടൂൾ ബോക്സിൽ നിന്നായിരുന്നു.

ജയരാജനെയും രാജേഷിനെയും ചോദ്യം ചെയ്തതിന് പിന്നാലെ തളിപ്പറമ്പിലെ ഏരിയാ സെക്രട്ടറി പി.വാസുദേവൻ, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനായിരുന്ന കെ.മുരളീധരൻ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുത്തു. പിന്നാലെ ഡിവൈഎഫ്ഐ നേതാവ് എ.വി ബാബു അറസ്റ്റിലായി.


മൊഴികളും സാഹചര്യതെളിവുകളും എതിരായതോടെ പി.ജയരാജനെ അറസ്റ്റ് ചെയ്തു. വ്യാപക അക്രമങ്ങൾ ഇതേത്തുടർന്നുണ്ടായി. പിന്നാലെ ടി.വി രാജേഷ് കണ്ണൂർ കോടതിയിൽ കീഴടങ്ങി. 2016 ഫെബ്രുവരിയിൽ ജസ്റ്റിസ് ബി.കെമാൽപാഷ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. 2019 ഫെബ്രുവരിയിൽ പി.ജയരാജനും രാജേഷിനുമെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമ‌ർപ്പിച്ചു.


കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട്  സി.പി.എം നേതാക്കൾ നൽകിയ ഹർജി തീർപ്പാക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന ഷുക്കൂറിന്റെ അമ്മ ആതിക്ക കോടതിയിൽ ഹർജി നൽകി. കുറ്റപത്രത്തിന്റെ പകർപ്പു ആതിക്കയ്ക്ക് നൽകി. കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും അവർ കോടതിയെ ബോധിപ്പിച്ചു.

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയിരുന്നത്. ഇതിനെ സി.ബി.ഐയും എതിർത്തു.


കാറിന് കല്ലെറിഞ്ഞു എന്ന ആരോപണത്തെത്തുടർന്ന് ഷുക്കൂറിനെ വധിക്കാനുള്ള പ്രേരണ ജയരാജിനും രാജേഷിനും ഉണ്ടായിരുന്നെന്നും അതിനായി പ്രാദേശികനേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് ആത്തിക്ക ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് അംഗീകരിച്ചാണ് ജയരാജന്റെയും രാജേഷിന്റെയും ഹർജി തള്ളി വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടത്.


സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ജയരാജനും മുൻ എം.എൽ.എ ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.

ആക്രമണത്തെ തുടർന്ന് ജയരാജനും ടി.വി .രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഷുക്കൂറിനെ പിടികൂടിയ സി.പി.എം പ്രവർത്തകർ ഇയാളുടെ ചിത്രമെടുത്ത് നേതാക്കൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്ക് മൊബൈലിൽ അയച്ചു കൊടുത്ത് ആളെ ഉറപ്പു വരുത്തിയെന്നും തുടർന്ന് കീഴാറയിലെ പാടത്തിട്ട് കുത്തിക്കൊന്നെന്നുമാണ് കേസ്.


പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് മാതാവ് ആതിക്ക നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.  സി.ബി.ഐ കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ വിടുതൽ ഹർജി നൽകിയത്.


അതിനിടെ,  അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകൻ ടി.പി. ഹരീന്ദ്രന്റെ ആരോപണം വൻ വിവാദമായിരുന്നു. ഈ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശത്തിൽ ലീഗ് ഏറെക്കാലം ഇടഞ്ഞു നിൽക്കുകയായിരുന്നു. അഭിഭാഷകന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൃത്യമായ ഗുഢാലോചനയാണെന്നാണ് ലീഗ് നിലപാട്.

Advertisment