തിരുവനന്തപുരം: കേരളത്തിലെ വാർത്താ ചാനലുകൾ തമ്മിലുള്ള യുദ്ധം മുറുകുകയാണ്. റേറ്റിംഗിൽ ഒന്നാമതെത്താനാണ് ഈ യുദ്ധം. ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ (ടിആർപി) നിലവിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് ആണെങ്കിലും നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് റിപ്പോർട്ടർ ടിവി.
37-ാം ആഴ്ചയിലെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് 93.74 പോയിന്റും റിപ്പോർട്ടറിന് 88.79 പോയിന്റുമാണുള്ളത്. മുൻ ആഴ്ചയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ മൂന്നാം സ്ഥാനത്തേക്ക് പോയി. 80.92 ആണ് അവരുടെ പോയിന്റ്.
പതിറ്റാണ്ടുകളായി ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു റേറ്റിംഗിലെ കുത്തക. എന്നാൽ നെഗറ്റീവ് റിപ്പോർട്ടിംഗ് കാരണം സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കുകയും സിപിഎം പോഷക സംഘടനകൾ ചാനൽ കാണുന്നതിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക ഇടിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് 24 ന്യൂസ് ഒന്നാമതെത്തിയതോടെ റിപ്പോർട്ടർ ടിവി അടക്കം മറ്റ് ചാനലുകളും ഒന്നാം സ്ഥാനത്തിനായി മത്സരം തുടങ്ങി. എന്നാൽ പുതിയ റേറ്റിംഗിൽ 24 ന്യൂസിനെ മറികടന്ന് റിപ്പോർട്ടർ ടിവി രണ്ടാമതെത്തിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്തിന് തൊട്ടരികിലാണ് തങ്ങളെന്നാണ് റിപ്പോർട്ടറിലെ ജേർണലിസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്.
മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിനേക്കാൾ ഏതാണ്ട് പകുതി പോയിന്റുകൾ കുറവാണ് നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിന്. 24 ന്യൂസിന് 80.92 പോയിന്റുള്ളപ്പോൾ മനോരമയ്ക്ക് 44.37 പോയിന്റുകൾ മാത്രമാണുള്ളത്.
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 35.76, ആറാം സ്ഥാനത്തുള്ള കൈരളി ന്യൂസിന് 19.72 പോയിന്റുമാണുള്ളത്. ജനം ടി.വി യാണ് ഏഴാം സ്ഥാനത്ത് - 16.71 പോയിന്റ്. എട്ടാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണ് - പോയിന്റ് 15.65. ഒമ്പതാം സ്ഥാനത്ത് മീഡിയ വൺ ടിവിയും പത്താം സ്ഥാനത്ത് പുതുതായി തുടങ്ങിയ ന്യൂസ് മലയാളം ചാനലുമാണ്.
പടിപടിയായി മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടിയാണ് റിപ്പോര്‍ട്ടര്‍ ടിവി റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. കഴിഞ്ഞ വർഷം വരെ റേറ്റിംഗിൽ ഏഴാമതായിരുന്ന ചാനലാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെയാണ് ടിആര്‍പിയില്‍ റിപ്പോർട്ടറിന്റെ വൻ മുന്നേറ്റം. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്.
2016ല്‍ അഴീക്കോട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. തോറ്റതിനെത്തുടന്ന് വീണ്ടും റിപ്പോർട്ടറിൽ തിരിച്ചെത്തി. ഇത്തവണയും അഴീക്കോട് സീറ്റാണ് നികേഷിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്.
എന്നാൽ സോഷ്യൽമീഡിയയിൽ റിപ്പോർട്ടറിന് അഭിനന്ദനങ്ങളും എതിർപ്പുകളും ഉയരുന്നുണ്ട്. കേരളാ വിഷന്റെ ബോക്സ് ഓണാക്കുമ്പോൾ ആദ്യം വരുന്നത് റിപ്പോർട്ടർ ആയതിനാലാണ് റേറ്റിംഗ് കൂടിയതെന്നാണ് ചിലരുടെ അഭിപ്രായം. റേറ്റിംഗിൽ മുന്നിലെത്തിയെങ്കിലും നിലവാരം താഴുന്നുവെന്നാണ് ചിലരുടെ കമന്റ്.
അടുത്തിടെ മലപ്പുറം എസ്‌പിയായിരുന്ന സുജിത്ത് ദാസ് അടക്കം മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പീഡന പരാതി ആദ്യം പുറത്തുവിട്ടത് റിപ്പോർട്ടറായിരുന്നു. എന്നാൽ ചാനൽ ഉടമകൾ പ്രതികളായ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാനായിരുന്നു ഇതെന്നാണ് ആരോപണം.
ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.