തിരുവനന്തപുരം: മൂന്നു ദിവസം മുൻപേ തൃശൂരിൽ ക്യാമ്പ് ചെയ്തിട്ടും പൂരത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെടാതിരുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ ക്രൈംബ്രാഞ്ചിന്റെയോ ഡിജിപിയുടെ പ്രത്യേക സംഘത്തിന്റെയോ ആഭ്യന്തര സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ആണ് സർക്കാർ ആലോചിക്കുന്നത്.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ ജുഡീഷ്യൽ അന്വേഷണവും പരിഗണനയിലുണ്ട്. പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. എന്നാൽ പാറമേക്കാവ് ദേവസ്വം സി.ബി.ഐ അന്വേഷണമാണ് തേടുന്നത്.
ഇതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയിലെത്തിയാൽ സർക്കാരിന് തിരിച്ചടിയുണ്ടായേക്കാനിടയുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് തലയൂരാനാണ് ശ്രമം.
എന്നാൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശ് അജിത്തിന്റെ ജൂനിയറാണെന്നതാണ് പ്രശ്നം. അതിനാലാണ് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറിയുടെ മേൽനോട്ടത്തിലെ അന്വേഷണം പരിഗണിക്കുന്നത്.
പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പുതിയൊരു സംഘം രൂപീകരിച്ച് അന്വേഷണം കൈമാറാനും ഇടയുണ്ട്. പൂരം കലക്കൽ രാഷ്ട്രീയ വിവാദമായി വളരുകയും ഒക്ടോബർ നാലിന് നിയമസഭ സമ്മേളിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പലതരം അന്വേഷണങ്ങൾ സർക്കാർ പരിഗണിക്കുന്നത്.
പൂരംകലക്കൽ അന്വേഷിച്ച എ.ഡി.ജി.പി അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപി തള്ളിക്കളഞ്ഞിരുന്നു. പൂരം കലക്കിയതിന് പിന്നിൽ പോലീസിന് പങ്കില്ലെന്നും തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവ് മാത്രമാണ് പ്രശ്നമായതെന്നുമായിരുന്നു അജിത്തിന്റെ റിപ്പോർട്ടിൽ.
എന്നാൽ എ.ഡി.ജി.പിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചത്. ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്, ഗൂഢാലോചനയിലടക്കം വിശദമായ തുടരന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ സുരക്ഷാസ്കീം തള്ളിക്കളഞ്ഞ് എ.ഡി.ജി.പിയാണ് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.
മൂന്നുദിവസം മുൻപേ തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി പൂരദിവസം വെളുപ്പിന് ഒരുമണിക്കുശേഷം ഫോൺ ഓഫ് ചെയ്ത് പൊലീസ് അക്കാഡമിയിലെ ഗസ്റ്റ്ഹൗസിൽ വിശ്രമിക്കാൻ പോയി.
പ്രശ്നങ്ങളുണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ല. അങ്കിത് അശോകനെയാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ പ്രശ്നങ്ങളുണ്ടായാൽ സ്ഥലത്തുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് അത് പരിഹരിക്കാനുള്ള ചുമതലയെന്നതിനാൽ എ.ഡി.ജി.പിക്ക് ഒഴിയാനാവില്ല.
ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകളൊന്നും റിപ്പോർട്ടിലില്ല. സ്വയം വെള്ളപൂശിയാണ് എ.ഡി.ജി.പി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതും. പൂരം കലക്കിയതിൽ പൊലീസിന്റെ വീഴ്ചകൾ കണ്ടെത്താനാണ് എ.ഡി.ജി.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. എന്നാൽ വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട്.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അഞ്ച് മാസം കാലതാമസം വരുത്തി. പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്.
പ്രശ്നങ്ങൾ തുടങ്ങിയതറിഞ്ഞ് ഫോൺ ഓഫ് ചെയ്ത് എ.ഡി.ജി.പി പോലീസ് അക്കാഡമി ഗസ്റ്റ് ഹൗസിലേക്ക് വിശ്രമത്തിനു പോയെന്നാണ് ആരോപണം. മന്ത്രിമാർ വിളിച്ചിട്ടും കിട്ടിയില്ല. പൂരദിവസത്തെ അവധിയെടുപ്പും ദുരൂഹമാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പുതുതായി അന്വേഷിക്കും.
തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നും തുടരന്വേഷണം അടക്കം നടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
പാർട്ടി തീരുമാനപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷമേ പാർട്ടിക്ക് ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടെടുക്കാനാവൂ എന്നും റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കിയിരുന്നു.
ഡി.ജി.പിയുടെ ശുപാർശയോടെ റിപ്പോർട്ട് ചൊവ്വാഴ്ച തനിക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമം പാലിച്ച്, റിപ്പോർട്ട് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്ക് അയച്ചു.
ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി പരിശോധിച്ച് തുടർ തീരുമാനം അറിയിക്കാം. തുടരന്വേഷണം ആവശ്യമാണെങ്കിൽ അതും നടത്താം. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് വയ്ക്കുന്നത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർപൂരം കലക്കിയതിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ അന്വേഷിച്ചതിലെ വൈരുദ്ധ്യവും സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഡി.ജി.പിയുടെ ഇടപെടലുകൾ ദുരൂഹമാണെന്നും വിശദമായ അന്വേഷണം പുതുതായി നടത്തണമെന്നാണ് സി.പി.ഐയുടെ നിലപാട്.