തിരുവനന്തപുരം: പരസ്യമായി കാര്യങ്ങൾ തുറന്നു പറയുന്നതിൽ നിന്ന് പാർട്ടി വിലക്കുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പരാതിയിൽ അന്വേഷണം വേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയും ചെയ്തതോടെ എം.എൽ.എ സ്ഥാനം രാജിവയ്ക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് പി.വി അൻവർ കടക്കുമെന്ന അഭ്യൂഹം ശക്തമായി.
ആത്മാഭിമാനം കൈവിടാനില്ലെന്നും "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ എന്നും ഓർമ്മിപ്പിച്ച് ഇന്ന് വൈകിട്ട് നാലരയ്ക്ക് അൻവർ മാധ്യമങ്ങളെ കാണുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ നാലിന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ, സർക്കാരിനെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അടക്കം പോലീസ് നേതൃത്വത്തെയും അതിനിശിതമായി വിമർശിച്ച അൻവറിന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ ഭാഗമായി തുടരാനാവുമോ എന്ന ചോദ്യമുയരുന്നതിനിടെയാണ് രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാവുന്നത്.
രക്തസാക്ഷി പരിവേഷവുമായി രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ജയിച്ചുകയറാമെന്നും ജനപിന്തുണ ഏറുമെന്നും അൻവർ കണക്കുകൂട്ടുന്നുണ്ട്. അതോടെ പാർട്ടിയുടെ കെട്ടുപാടുകളിൽ നിന്ന് രക്ഷപെടുകയുമാവാം. ലീഗിന്റെയും കോൺഗ്രസിന്റെയും പിന്തുണ അൻവറിന് കിട്ടുമെന്നതും ഉറപ്പാണ്.
നിയമസഭയുടെ കാലാവധി തീരാൻ 2026 മെയ് വരെ സമയമുള്ളതിനാൽ അൻവർ രാജിവച്ചാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. പാർട്ടി സമ്മേളനങ്ങളിൽ ഈ രാജി കത്തുന്ന വിഷയമായി മാറുകയും ചെയ്യും. ഇതെല്ലാം കണക്കുകൂട്ടിയാണ് അൻവർ നീങ്ങുന്നതെന്നാണ് സൂചന.
അൻവർ അടങ്ങിയില്ലെങ്കിൽ താനും മറുപടിയുമായി പത്രസമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. സ്വർണക്കടത്ത് പിടിക്കുമ്പോൾ ആർക്കാണ് പൊള്ളുന്നതെന്ന് തുറന്നടിച്ച മുഖ്യമന്ത്രി ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി അടക്കം എ.ഡി.ജി.പി അജിത്കുമാറിനെതിരേ ഉയർന്ന ഏതാനും ആരോപണങ്ങൾ തള്ളുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ അൻവറിനോട് പരസ്യ പ്രസ്താവന ഒഴിവാക്കാൻ അഭ്യർത്ഥിച്ച് സി.പി.എം വാർത്താക്കുറിപ്പ് പുറത്തിറക്കി. പിന്നാലെ തിങ്കളാഴ്ച തൃശൂരിലെ പൊതുപരിപാടിയിൽ പി.വി.അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ലെന്നും പറഞ്ഞ് മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാദ്ധ്യമങ്ങൾ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു. അതിന് ആയുസ് കുറവാണ്. നാടിന്റെ താൽപ്പര്യം സി.പി.എം സംരക്ഷിക്കും. സി.പി.എം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ടുപോവുകയാണ്. സർക്കാർ എന്നത് നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ളതാണ്. ചിലരുടെ ആവശ്യങ്ങൾക്കായി കീഴടങ്ങുകയല്ല വേണ്ടത്.
2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. റോഡ് പോലുമില്ലാത്ത അവസ്ഥ. എട്ട് കൊല്ലം മുമ്പുള്ള കാര്യമാണ്. എന്നാൽ ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയെന്താണ്. ഇതെല്ലാം ഉൾക്കൊണ്ടാണ് ജനം വീണ്ടും എൽ.ഡി.എഫിന് അവസരം നൽകിയത് - മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗമാണ് ശശിക്കെതിരേ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്.
ഇന്ന് രാവിലെയാണ് വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. "നീതിയില്ലെങ്കിൽ നീ തീയാവുക" എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. എന്ന് ഫേസ്ബുക്കിൽ അൻവർ പോസ്റ്റിട്ടത്.
ഇതിനു വരുന്ന കമന്റുകളാണ് ശ്രദ്ധേയം. അതെ സർ നിങ്ങളുടെ ഒപ്പം ഒരു നിഴലായി ഞങ്ങൾ പിന്നിൽ കൂടെയുണ്ട്... അത് സോഷ്യൽ മീഡിയയിലെ കേവലം എഴുത്ത് മാത്രമായിരിക്കില്ല.. പുഴുക്കുത്തുകൾക്ക് പരവതാനിവിരിക്കുന്ന ഏത് രാജാവായാലും പ്രശ്നമില്ല, നീതിയോടൊപ്പം സ്വന്തം അണികൾക്കൊപ്പം നിൽക്കേണ്ട നേതൃത്വം ആയാലും പ്രശ്നമില്ല... നിങ്ങൾക്കൊപ്പം ഉള്ളത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളും സത്യത്തിനൊപ്പം നിലകൊള്ളുന്ന പാർട്ടി അണികളും ആകുമ്പോൾ സത്യത്തിൽ യഥാർത്ഥ ജനകീയ നേതാവ് നിങ്ങളാണ്... നിങ്ങളുടെ ശരിക്കോപ്പമാണ് നിങ്ങൾക്ക് ഒപ്പമാണ് കേരളീയ ജനത... ഒരിഞ്ചു പിന്തിരിയരുത്... ഉപദേശകരും,ആരോപണ വിധേയരും പറഞ്ഞ വാക്കുകൾ മാത്രം അതേപടി വിഴുങ്ങിയ മുഖ്യന് പറഞ്ഞ വാക്കുകൾ തിരുത്തേണ്ടി വരും .. നിങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ഇത് കേരളത്തിലെ ജനങ്ങൾ ഉണ്ട്... ഇല്ല സർ,സത്യം ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഇവർക്കൊന്നുമാകില്ല... ഇതാണ് കമന്റുകളിലൊന്ന്.
അധികാരികൾ കൂടെ ഇല്ലെങ്കിലും അധികാരത്തിലെത്തുന്ന ജനം നീതിയുടെ പക്ഷം ചേർന്നു നിൽക്കുന്നവരുടെ കൂടെയുണ്ടാവും. ചരിത്രപരമായ മറ്റൊരു മണ്ടത്തരം കൂടിയാണ് സി പി എം ഇപ്പോൾ ചെയ്യുന്നത് അതിന് നൽകേണ്ടി വരുന്ന വില വലുതായിരിക്കും - മറ്റൊരു കമന്റ് ഇങ്ങനെ.
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണോ പാർട്ടിയുടെ ഇന്നത്തെ നിലപാട് - ഒരു പാർട്ടി അനുഭാവി തുറന്നെഴുതി.
സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകുമെന്ന അൻവറിന്റെ എഴുത്തിന് ഇങ്ങനെയും ഒരു മറുപടിയുണ്ടായി - പാര്‍ട്ടി സെക്രട്ടറിക്ക് പ്രത്യേകിച്ച് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. മുഖ്യമന്ത്രിക്ക് കൊടുത്താല്‍ മതി. കാരണം മുഖ്യമന്ത്രി വന്ന് ഒരു വാര്‍ത്ത സമ്മേളനം നടത്തിയാല്‍ പിന്നെ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടും അത് തന്നെയാകും. അല്ലാതെ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.അത് ഇന്നത്തെ ഗോവിന്ദന്‍ മാഷിന്റെ പത്ര സമ്മേളനത്തിലൂടെ അദ്ദേഹം തെളിയിക്കുക കൂടി ചെയ്ത്.
പാര്‍ട്ടി സെക്രട്ടറി എന്ന് പറഞ്ഞാല്‍ പണ്ടൊക്കെ ഒരു വില ഉണ്ടായിരുന്നു.ഇന്നിപ്പൊ അതും ഇല്ല....അതിനേക്കാള്‍ നല്ലത് ഗോവിന്ദന്‍ മാഷ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം കൂടി പിണറായി വിജയന് നല്‍കുകയാണ് നല്ലത്....!
അതിനിടെ എ.ഡി.ജി.പി അജിത് ഇടപെട്ടെന്ന് അൻവർ ആരോപിക്കുന്ന എടവണ്ണയിലെ വെടിവച്ചു കൊലപ്പെടുത്തൽ കേസിലും പുതിയ വെളിപ്പെടുത്തലുമായി അൻവർ രംഗത്തെത്തി. അൻവർ പറയുന്നത് ഇങ്ങനെ - എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു.ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.
എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ,ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും,കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ, അതായത് ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.
പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക് കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും ആ തെളിവ് നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും പിന്നീട് ഈ ഫോൺ കാണാതാവുകയും ചെയ്യുകയായിരുന്നു. ഇത് തന്നെയാണ് ഈ കേസ്സിലെ ദുരൂഹതയും.
അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്. ഈ വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസ്സിന്റെ പുനരന്വേഷണം നടത്തുകയും വേണം.
പി.വി.അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത് എന്ന നിർബന്ധം എനിക്കുണ്ട്. നാളെ ഒരു കാലത്ത് പി.വി.അൻവർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു.
സ്വർണക്കടത്തുകാരിൽ നിന്ന് പണം പറ്റുന്നു എന്നടക്കം അൻവർ പരാതി നൽകിയെങ്കിലും അൻവറിന്റെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധപ്പെട്ടുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിച്ചത്.
സർക്കാരിന് മുന്നിൽ അൻവർ ഉന്നയിച്ച പ്രശ്നങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിന്റെ ഭാഗമായി പാർട്ടിക്ക് നൽകിയിട്ടുള്ള കാര്യങ്ങളിൽ പരിശോധന നടത്തി വരികയാണ്. ഇതിന് ശേഷം അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായ പലവിധത്തിലുള്ള പ്രസ്താവനകൾ വലത് പക്ഷ ശക്തികൾ ആയുധമാക്കുമ്പോൾ മാദ്ധ്യമങ്ങൾ ആഘോഷപൂർവ്വം ഉപയോഗിക്കുകയാണ്.
ഇത്തരം പ്രസ്താവനകളിൽ നിന്ന് അൻവർ പിന്മാറണം. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗമായതിനാൽ അദ്ദേഹത്തെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി മുന്നണി ,പാർലമെന്ററി പാർട്ടി യോഗങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കും.
ആവശ്യമായ തിരുത്തലുകൾ വരുത്താൻ അദ്ദേഹത്തിന് കഴിയണം. ഇനി ഇത്തരം പ്രസ്താവനകളും രീതികളും അവലംബിക്കരുത്. പി.ശശിക്കെതിരായ ആരോപണം ഗൗരവത്തിലുന്നയിച്ചാൽ അത് ഗൗരവമുള്ളതാവണമെന്നില്ല. ഗൗരവമുള്ള ഏത്പ പ്രശ്നവും ഗൗരവപൂർവ്വം കൈകാര്യം ചെയ്യും- എം.വി ഗോവിന്ദൻ വ്യക്തമാക്കി.
പി.വി.അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിക്കു നൽകിയ പരാതിയിൽ തൽക്കാലം അന്വേഷണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
പാർട്ടിക്കും സർക്കാരിനും മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ച ശേഷം ആവർത്തിച്ചുള്ള ഇത്തരം പ്രസ്താവനകൾ അൻവർ ഒഴിവാക്കേണ്ടതായിരുന്നു. ശശിക്കെതിരെ പരാതിയിൽ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങളിൽ തെളിവില്ലെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ.