തിരുവനന്തപുരം: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും റിപ്പോർട്ടർ ടി.വിയെ രണ്ടാം സ്ഥാനത്തു നിന്ന് താഴെയിറക്കാൻ ആർ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് കഴിഞ്ഞില്ല. 38-ാം ആഴ്ചയിലെ ചാനൽ റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് റിപ്പോർട്ടർ ടി.വി തന്നെ. ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് കേവലം 3.32 പോയിന്റ് മാത്രമാണ് റിപ്പോർട്ടറിന് കുറവുള്ളത്.
എന്നാല്‍ റിപ്പോര്‍ട്ടറും 24 ന്യൂസുമായി 10 പോയിന്‍റുകളുടെ വ്യത്യാസം ആണുള്ളത്. അതേസമയം എല്ലാ ചാനലുകള്‍ക്കും പോയവാരം പ്രേക്ഷകര്‍ കുറഞ്ഞത് വാര്‍ത്താ ചാനലുകളോടുള്ള പ്രിയം മലയാളിക്ക് കുറഞ്ഞുവരികയാണെന്നതിന് തെളിവായി.
കളം പിടിച്ച് റിപ്പോര്‍ട്ടര്‍
വരുന്ന ആഴ്ചകളിലും മത്സരം കടുത്താൽ റിപോർട്ടർ ഏഷ്യാനെറ്റിന് കനത്ത വെല്ലുവിളിയായി മാറുമെന്ന് ഇതോടെ തീർച്ചയായി. ഒന്നാം സ്ഥാനം പിടിച്ചെടുക്കുക ലക്ഷ്യമിട്ട് എഡിറ്റോറിയൽ നയത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയും വാർത്താരീതി കൂടുതൽ ജനാഭിമുഖ്യമുളളതുമാക്കിയും കരുതലോടെയാണ് റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റം.
ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് വാർത്താ പരിപാടികൾ മികച്ചതാക്കാൻ തന്ത്രങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് റിപ്പോർട്ടർ ടി.വി. ചാനലിൻെറ റീലോഞ്ച് മുതൽ നടപ്പാക്കുന്ന ന്യൂസ് റൂമുകളിൽ നിന്ന് ജനങ്ങളിലേക്ക് എത്തുന്ന വാർത്താ അവതരണമാണ് റിപോർട്ടറിൻെറ മുഖ്യസവിശേഷത. ഉത്സവങ്ങളും വലിയ പരിപാടികൾ നടക്കുന്ന സ്ഥലത്തും അപകടസ്ഥലത്തും ദുരന്തമുഖത്തും എല്ലാം ഒരു പോലെ ജനങ്ങളിലേക്കിറങ്ങുന്ന വാർത്താവതരണ ശൈലിയാണ് റിപോർട്ടർ സ്വീകരിച്ചത്.
ഷിരൂര്‍ ഒരു വാര്‍ത്താമോഡല്‍
ഷിരൂരിൽ അർജുൻ എന്ന ലോറി ഡ്രൈവറെ കാണാതായപ്പോൾ അവിടെ നിന്ന് തുടർച്ചയായി തത്സമയ സംപ്രേഷണം ആരംഭിച്ചത് റിപോർട്ടറാണ്. ആദ്യം പരിഹസിച്ചവരും കുറ്റംപറഞ്ഞതുമായ ചാനലുൾക്കെല്ലാം പിന്നീട് റിപോർട്ടറിനെ പിന്തുടരേണ്ടി വന്നു എന്നത് ഇപ്പോൾ ചരിത്രമാണ്. ന്യൂസ് റൂമുകളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങിയ റിപോർട്ടർ അവതാരകർ മുണ്ടക്കൈയിലും ചൂരൽമലയിലും എല്ലാ ഔപചാരികതകളും വെടിഞ്ഞ് ദുരന്തബാധിതരെ ചേർത്തുപിടിച്ചു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ അരുൺകുമാറും സുജയ പാർവതിയും അടക്കമുളള അവതാരകരെയെല്ലാം സംഭവസ്ഥലത്തെത്തുകയായിരുന്നു. നെഹ്റു ട്രോഫി വള്ളം കളിക്ക് മുന്നോടിയായി വള്ളത്തിൽ കയറി വാർത്ത പറയുന്ന രീതിയും റിപ്പോർട്ടർ പയറ്റിയിരുന്നു. ഇതെല്ലാം കൊണ്ട് വാർത്താ അവതരണം കൂടുതൽ ജനപ്രിയമായി മാറ്റാൻ റിപ്പോർട്ടറിന് കഴിഞ്ഞു.
ഏഷ്യാനെറ്റ് ആധിപത്യം തകരുമോ ?
ടെലിവിഷൻ റേറ്റിംഗ് എജൻസിയിയ ബാർക്കിൻെറ പോയിന്റിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് ആണ് - പോയിന്റ് 90.04. കഴിഞ്ഞയാഴ്ചത്തെ റേറ്റിംഗിൽ നിന്ന് മൂന്ന് പോയിന്റ് ഇടിഞ്ഞാണ് ഏഷ്യാനെറ്റ് 90 പോയിൻെറിലേക്കെത്തിയത്. രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 86.72 പോയിന്റാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച റിപ്പോർട്ടറിന് 88.79 പോയിന്റാണുണ്ടായിരുന്നത്.
തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ രണ്ട് പോയിന്റ് റിപോർട്ടറിനും കുറഞ്ഞു. അതേസമയം, നഗരകേന്ദ്രങ്ങളിലെ റേറ്റിങ്ങ് അളക്കുന്ന അർബൻ യൂണിവേഴ്സ് വിഭാഗത്തിൽ റിപോർട്ടർ ഏഷ്യാനെറ്റിനെ പിന്തളളി ഒന്നാം സ്ഥാനത്തെത്തി. ചാനൽ മാർക്കറ്റിങ്ങ് ഏജൻസികൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന റേറ്റിങ്ങ് വിഭാഗമാണിത്.
നഗരങ്ങളില്‍ റിപ്പോര്‍ട്ടര്‍
നഗരകേന്ദ്രങ്ങളിലെ റേറ്റിങ്ങിൽ ഏഷ്യാനെറ്റിൻെറ പിന്നോട്ടടി ചരിത്ര സംഭവവുമാണ്. ചാനൽ തുടങ്ങി ആദ്യ വർഷങ്ങളിൽ ചില ഘട്ടങ്ങളിൽ മനോരമാ ന്യൂസിനും കൊവിഡ് കാലത്ത് ചിലയാഴ്ചകളിൽ 24 ന്യൂസിനും മാത്രമാണ് നഗരമേഖലകളിലെ ഏഷ്യാനെറ്റ് ന്യൂസിൻെറ ആധ്യപത്യത്തെ തകർക്കാൻ കഴിഞ്ഞിട്ടുളളത്.
5 ആഴ്ച മുൻപ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ആർ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ മൂന്നാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞയാഴ്ച 80.92 ആയിരുന്നു അവരുടെ പോയിന്റെങ്കിൽ ഈയാഴ്ച അത് 76.65 ആയി കുറഞ്ഞു. 24 ന്യൂസിൻെറ പോയിൻറിലെ ഇടിവിന് പ്രധാന കാരണം ഫീൽഡിൽ മികച്ച റിപോർട്ടർമാർ ഇല്ലാത്തതാണ്.
പ്രധാന രാഷ്ട്രീയ- സാമൂഹ്യ സംഭവ വികാസങ്ങൾ ഉണ്ടാകുമ്പോഴെല്ലാം എക്സിക്യൂട്ടിവ് എഡിറ്റർമാർ ന്യൂസ് ഡസ്കിൽ നിന്ന് റിപോർട്ട് ചെയ്ത് കുറവ് പരിഹരിക്കുകയാണ് പതിവ്. എന്നാൽ അതൊന്നും പലപ്പോഴും ഫലപ്രദമാകുന്നുമില്ല.
വാർത്തയ്ക്ക് പുറമെ ചില സാമൂഹ്യ ഇടപെടലുകളും റിപ്പോർട്ടർ നടത്തുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ പുനർനിർമ്മാണത്തിനുള്ള ടൗൺഷിപ്പിൽ അവർ നിർമ്മാണ പങ്കാളിത്തം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടൗൺഷിപ്പിന് 150 ഏക്കർ സ്ഥലം നൽകുമെന്നും 100 വീട് വച്ച് നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിക്ക് സൈക്കിൾ സമ്മാനിച്ചും റിപ്പോർട്ടർ ടി വി വാർത്തകളിൽ നിറഞ്ഞിരുന്നു.
ഏഷ്യാനെറ്റിനെന്തുപറ്റി ?
പതിറ്റാണ്ടുകളായി ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു റേറ്റിംഗിലെ കുത്തക. എന്നാൽ വാർത്തകൾ സർക്കാർ വിരുദ്ധ റിപ്പോർട്ടിംഗിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതും വാർത്താവതരണം പഴയമട്ടിൽ തുടരുകയും ചെയ്തതാണ് ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക ഇടിയാൻ കാരണം.
സ്ഥിരം പ്രതികരണ തൊഴിലാളികളായ അഡ്വ. ജയശങ്കര്‍ പോലുള്ളവരുടെ ചാനലിലെ സ്ഥിരം സാന്നിധ്യവും പ്രേക്ഷകരെ മടുപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് രണ്ടാഴ്ചക്കാലം 24 ന്യൂസ് ഒന്നാമതെത്തിയിരുന്നു.
പിന്നാലെ റിപ്പോർട്ടർ ടി.വി അടക്കം മറ്റ് ചാനലുകളും ഒന്നാം സ്ഥാനത്തിനായി മത്സരം തുടങ്ങി. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ റേറ്റിംഗിൽ 24 ന്യൂസിനെ മറികടന്ന് റിപ്പോർട്ടർ ടി.വി രണ്ടാമതെത്തിയിരിക്കുകയാണ്. നഗര മേഖലയിലെ റേറ്റിങ്ങ് ഉയർത്തിക്കാട്ടി ഒന്നാം സ്ഥാനത്തിന് തൊട്ടരികിലാണ് തങ്ങളെന്നാണ് റിപ്പോർട്ടറിലെ ജേർണലിസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്.
മനോരമയ്ക്കിതെന്ത് പറ്റി ?
നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിന് 41.14 പോയിന്റുകൾ മാത്രമാണുള്ളത്. എല്ലാ ആഴ്ചയിലെയും ഇടിവ് ഇത്തവണയും തുടര്‍ന്നു. മുന്‍ ആഴ്ചയില്‍ 44.37 ആയിരുന്നു മനോരമയുടെ പോയിന്‍റ്. ചാനലിന്‍റെ എഡിറ്റോറിയല്‍ പോളിസി അമ്പേ പരാജയമാണെന്നത് ഇനിയും മനസിലാക്കാത്തവര്‍ ഉണ്ടെങ്കില്‍ അത് മനോരമ മാനേജ്മെന്‍റ് മാത്രമായിരിക്കും.
ചാനലിന്‍റെ വാര്‍ത്താ വിഭാഗം തലവനെതിരെ ചില ഗുരുതര ആരോപണങ്ങള്‍ ഒരു പ്രമുഖ പൌരാവകാശ പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുണ്ട്. കാലങ്ങളായി തലസ്ഥാനത്തെ അധികാര കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ കേട്ട ചില അനന്തപുരി രഹസ്യങ്ങളാണ് കക്ഷി വിളിച്ച് പറഞ്ഞിരിക്കുന്നത്. അത്തരം ആളുകളുമായാണ് പുതിയൊരു പരീക്ഷണങ്ങളും ഇല്ലാതെയുള്ള മനോരമയുടെ പോക്ക്.
പോരാട്ടത്തില്‍ ഒപ്പം ചേര്‍ന്ന് ന്യൂസ് മലയാളം 24 x 7
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 35.5, ആറാം സ്ഥാനത്തുള്ള കൈരളി ന്യൂസിന് 18.97 പോയിന്റുമാണുള്ളത്. ജനം ടി.വി യാണ് ഏഴാം സ്ഥാനത്ത്- 18.09 പോയിന്റ്. എട്ടാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണ്- പോയിന്റ് 14.96. ഒമ്പതാം സ്ഥാനത്ത് മീഡിയ വൺ ടി.വിയുമാണ്.
പുതുതായി തുടങ്ങിയ 'ന്യൂസ് മലയാളം 24 x 7' ഉം ഇത്തവണ റേറ്റിങ്ങില്‍ കയറി. അവരുടെ പോയിന്‍റ് നില വരുന്ന ആഴ്ചകള്‍ മുതലാകും ദൃശ്യമാകുക. പഴയ മംഗളം ചാനല്‍ മേധാവി ആര്‍ അജിത്കുമാറാണ് ന്യൂസ് മലയാളത്തിന്‍റെ അമരക്കാരന്‍. മംഗളം ചാനലിന്‍റെ ലോഞ്ചിങ്ങില്‍ ഒറ്റ വാര്‍ത്തകൊണ്ട് മണിക്കൂറുകള്‍ക്കകം ഒരു മന്ത്രിയെ രാജിവയ്പ്പിച്ച ചരിത്രമുണ്ട് അജിത്കുമാറിന്. പക്ഷേ ഇപ്പോള്‍ സിഇഓ ആയ അജിത്കുമാറിന് ചാനലില്‍ വാര്‍ത്തകളുടെ ചുമതലയില്ല.
പഴയ ഇന്ത്യാ വിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം ബി ബഷീര്‍, ഹര്‍ഷന്‍ പൂപ്പാറക്കാരന്‍, ഇ. സനീഷ് എന്നിവരൊക്കെയാണ് ന്യൂസ് മലയാളം ടീമിലുള്ളത്. വാര്‍ത്തയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ വന്നതോടെ തുടക്കത്തില്‍ ചീഫ് എഡിറ്ററായിരുന്ന എം ബി ബഷീറിനെ ആ പോസ്റ്റില്‍ നിന്നും മാറ്റി ന്യൂസ് ഡയറക്ടര്‍ ആക്കിയിരുന്നു. റേറ്റിങ്ങില്‍ ചലനം സൃഷ്ടിക്കാനായില്ലെങ്കില്‍ വരും മാസങ്ങളില്‍ ഈ ചാനലിലും ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.