തിരുവനന്തപുരം: പാർട്ടിയുടെ സ്വതന്ത്ര എം.എൽ.എ പി.വി അൻവർ വ്യാഴാച്ചത്തെ പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഏൽപ്പിച്ച കനത്ത പ്രഹരത്തിൻെറ ആഘാതം ചെറുതല്ല.
6 പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പാരമ്പര്യമുളള നേതാവിനെയാണ് രണ്ട് മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിലൂടെ പി.വി.അൻവർ തകർത്ത് വിട്ടത്. വെള്ളിയാഴ്ച രാവിലെ പേരിനെങ്കിലും മാധ്യമങ്ങളെ കാണാന്‍ തയ്യാറായ പിണറായി എല്ലാം നിക്ഷേധിച്ചതല്ലാതെ കൂടുതലൊന്നും പറയാന്‍ തയാറാകാതിരുന്നത് അതിനാലാണ്.
പാർട്ടിയിലും പുറത്തുമായി പിണറായി നേരിട്ടിട്ടുളള ഏറ്റവും കടുപ്പമുളള എതിരാളിയായ വി.എസ്.അച്യുതാനന്ദൻ പോലും പറയാത്ത അത്ര രൂക്ഷമായ പ്രതികരണങ്ങളാണ് ഭരണകക്ഷി എം.എൽ.എയായ പി.വി.അൻവർ ഉന്നയിച്ചിരിക്കുന്നത്.
മരുമകന് വേണ്ടിയാണോ എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച അൻവർ, പത്രസമ്മേളനത്തിൻെറ ഒരുഘട്ടത്തിൽ എം.ആർ.അജിത് കുമാർ എന്താ അടുത്ത മരുമകനാണോയെന്നും കൂടിയുളള കടന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
ലാവ്ലിന്‍ കാലത്ത് പോലും കേള്‍ക്കാത്തത്
മുഖ്യമന്ത്രി കെട്ടുപോയ സൂര്യനാണെന്നും സി.പി.എമ്മിൽ ആർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പോലും രക്ഷയില്ലെന്നുമുളള അൻവറിൻെറ പത്രസമ്മേളനങ്ങളിലെ പരാമർശങ്ങൾ പലതും ലക്ഷ്യവേധിയാണ്. ലാവലിൻ അഴിമതി ആരോപണവും കേസും ഉണ്ടായകാലത്ത് പോലും നേരിടാത്ത തരത്തിലുളള ആക്രമണമാണ് സ്വന്തം കൂടാരത്തിൽ നിന്ന് പിണറായിക്ക് നേരെ ഉണ്ടായത്.
കേരളത്തെ നടുക്കിയ ടി.പി.ചന്ദ്രശേഖരൻെറ കൊലപാതക കാലത്തും പിണറായിക്ക് ഈവിധം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ എന്ന പരാമർശത്തിലാണ് അൻവർ പ്രതിപക്ഷത്തിന് ഒപ്പം ചേരുന്നത്.
സഖാക്കളുടെ മനസറിഞ്ഞ്
എന്നാൽ പത്ര സമ്മേളനത്തിലൂടെ ഉന്നയിച്ച ബാക്കി കാര്യങ്ങളെല്ലാം പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേക്ക് നേതാക്കൾ പരസ്പരം പങ്കുവെക്കുന്നതോ, പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കുന്നതോ, നേതൃത്വത്തെ രഹസ്യമായി അറിയിക്കുന്നതോ ആണ്.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹം അന്തരിച്ച മുതിര്‍ന്ന നേതാവ് കൊടിയേറി ബാലകൃഷ്ണന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം. പൊലിസ് ഭരണത്തെപ്പറ്റി ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ തന്നെ സി.പി.എമ്മിനകത്ത് വിമർശനം നുരയുകയായിരുന്നു.
എന്നാൽ അതൊന്നും ചെവിക്കൊളളാനോ തിരുത്താനോ സംഘടനാ നേതൃത്വമോ ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയോ തയാറായിരുന്നില്ല. അതുകൊണ്ട് ഈ ആക്ഷേപങ്ങൾ അഗ്നിപർവ്വതം പോലെ പാർട്ടിക്കകത്ത് നീറിപ്പുകയുകയായിരുന്നു. അതാണ് അൻവർ എന്ന സംഘടനാ കെട്ടുപാടുകളില്ലാത്ത സ്വതന്ത്ര എം.എൽ.എയിലൂടെ പൊട്ടിത്തെറിച്ചത്.
അന്‍വര്‍ ആരുടെ നാവ് ?
പാർട്ടിക്കാർ പറയാനാഗ്രഹിച്ച കാര്യങ്ങളാണ് അൻവർ കുടം തുറന്ന് പുറത്തുവിട്ടത്. അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും പദവി മോഹങ്ങളില്ലാത്ത നേതാക്കൾക്കിടയിലും നല്ല സ്വീകാര്യതയുണ്ട്.
ഇന്നലെ വൈകുന്നേരം മുതല്‍ അന്‍വറിനെ തള്ളി മന്ത്രിമാരും നേതാക്കളും ഇടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ചുവടെയുള്ള കമന്റുകളില്‍ ബഹുഭൂരിപക്ഷവും അന്‍വറിനെ തുണച്ചുകൊണ്ടുള്ളതാണ്. അത് ഭയന്നാണ് മുഖ്യമന്ത്രി തളളിപ്പറഞ്ഞതിനെ പിന്നാലെ അൻവറിനെ തളളി പാർട്ടിയും രംഗത്ത് വന്നതിൻെറ കാരണവും മറ്റൊന്നല്ല.
ആരോപണങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴൊക്കെ അതെല്ലാം പാർട്ടിക്കെതിരായ ആക്രമണമാക്കി മാറ്റുന്നതാണ് പിണറായി ഇതപര്യന്തം സ്വീകരിക്കുന്ന ശൈലിയാണ്. എന്നാൽ അൻവർ ഉന്നയിക്കുന്ന പരാതികളും ആരോപണങ്ങളും പൊലിസിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും എതിരെയാണ്.
അപ്പോഴും ചോദ്യം അജിത്കുമാര്‍ ?
സംഘപരിവാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത് കുമാറിനെ തളളിപ്പറയാൻ പോലും മുഖ്യമന്ത്രി തയാറാകാത്തത് എന്താണെന്ന ചോദ്യമാണ് അൻവർ ഉയർത്തുന്നത്. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുക പോലുളള കടുത്ത നടപടിയാണ് അൻവറിനെ കാത്തിരിക്കുന്നതെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു.
പാർട്ടി നേതൃത്വം അത് പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ പ്രതികരണം നൽകുന്ന സൂചന. എന്നാൽ ഇതൊന്നും കൊണ്ട് പാർട്ടിയുടെ അംഗമല്ലാത്ത അൻവറിൻെറ നാവിന് നിയന്ത്രണം കൊണ്ടുവരാനാകുമോ എന്ന് സംശയമാണ്. അന്‍വര്‍ ഇനിയും ആഞ്ഞടിക്കും.
അതിനെ പ്രതിരോധിക്കുക പാര്‍ട്ടിക്ക് മുന്‍കാലങ്ങളിലേതുപോലെ അത്ര എളുപ്പമല്ല. കാരണം കണ്ണൂരും പാലക്കാടും ഓഞ്ചിയവും അല്ല മലപ്പുറം ! സിപിഎമ്മിന്‍റെ ഒരു സ്വപ്ന ഭൂമിയായിരുന്നു അവിടം. അതിന്‍റെ കടയ്ക്കലാണ് അന്‍വര്‍ ആഞ്ഞു വെട്ടിയിരിക്കുന്നത്.