തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അൻവറും അദ്ദേഹമുന്നയിച്ച പ്രശ്നങ്ങളും, മതന്യൂനപക്ഷങ്ങളുമായി സി.പി.എമ്മും സർക്കാരും കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ഉണ്ടാക്കിയ ബന്ധത്തിൽ വൻ വിളളൽ ഉണ്ടാക്കും.
പ്രത്യേകിച്ച് ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ പടിപടിയായുളള നീക്കങ്ങളിലൂടെയും ഭരണ നടപടികളിലൂടെയും മുസ്ളീം ന്യൂനപക്ഷങ്ങളുമായി ഉണ്ടാക്കിയ ഇഴയടപ്പുമുളള ബന്ധമാണ് അൻവറിൻെറ പരാതികളോട് സ്വീകരിച്ച സമീപനത്തോടെ ശിഥിലമാകുന്നത്.
ആർ.എസ്.എസ്. നേതാക്കളുമായി ഊഴം വെച്ച് കൂടിക്കാഴ്ച നടത്തുന്ന എ.ഡി.ജി.പിയോട് എന്തിന് ഈ മൃദുസമീപനം എന്നതാണ് അൻവർ ഉന്നയിച്ച പരാതികളിൽ ഏറ്റവും രാഷ്ട്രീയ മാനമുളളത്. കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടും അത് തെറ്റെന്ന് പോലും പറയാൻ മുഖ്യമന്ത്രി തയാറാകാത്തതോടെ മതനിരപേക്ഷ വിശ്വാസികളായ മുസ്ളീം സമൂഹത്തിൽ പോലും വൻതോതിൽ അവിശ്വാസം പടർത്തിയിട്ടുണ്ട്.
മതേതരത്വ നിലപാടിൽ ഒരിക്കലും കളങ്കം വരുത്തില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ഇതര പാർട്ടികളെ പോലെ ചാഞ്ചാട്ട നിലപാട് സ്വീകരിക്കില്ലെന്നും എപ്പോഴും ഊറ്റം കൊളളുന്ന ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരം സമീപനം ഉണ്ടായതാണ് മുസ്ളീം ജനവിഭാഗങ്ങളിൽ സർക്കാരിനെതിരായി അവിശ്വാസം പടരാൻ കാരണം.
കളങ്കം ചാര്‍ത്തിയ കൂടിക്കാഴ്ച !
ഇടതുപക്ഷത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത സമീപനം ഉണ്ടായതിനെ ഞെട്ടലോടെ അംഗീകരിക്കാൻ ശ്രമിക്കുമ്പോഴാണ് എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച തെറ്റെന്ന് പോലും പറയാൻ കൂട്ടാക്കാത്ത നിലപാട് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. ഇതാണ് സി.പി.എമ്മിൻെറയും സർക്കാരിൻെറയും വിശ്വാസ്യതക്ക് ഭംഗം വരുത്തിയത്. മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയമായി ശരിയല്ലെന്നും പിടിവാശിയുടെ രൂപത്തിലേക്ക് തരംതാഴ്ന്നുവെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ വിമർശനമുണ്ട്.
പാര്‍ട്ടി സെക്രട്ടറി പിണറായിയുടെ പിടിവാശി പ്രവര്‍ത്തകര്‍ അംഗീകരിക്കുമായിരിക്കും, പക്ഷേ മുഖ്യമന്ത്രി പിണറായിയുടെ പിടിവാശി അനാവശ്യം എന്നു തന്നെയാണ് പാര്‍ട്ടിയിലെ പൊതുവികാരം.
എ.ഡി.ജി.പിയോട് സ്വീകരിക്കുന്ന സമീപനം മുസ്ലീം ന്യൂനപക്ഷത്തിനിടയിൽ വലിയ അവിശ്വാസം പരക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് പാർട്ടി നേതൃത്വവും മുന്നണിയിലെ സി.പി.ഐ അടക്കമുളള ഘടകകക്ഷികളും തിരിച്ചറിയുന്നുണ്ട്. നിലപാടിലെ രാഷ്ട്രീയ അപകടം ബോധ്യമായിട്ടും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനോ പാർട്ടി വേദികളിൽ ഉന്നയിക്കാനോ നേതാക്കൾ തയാറാകാത്തതിലും അമർഷം പടരുന്നുണ്ട്.
മാപ്പിള കലാപമല്ലെങ്കിലും
എന്നാൽ ഇതൊന്നും ഗൗനിക്കാത്ത മട്ടിലാണ് മുഖ്യമന്ത്രിയുടെ മുന്നോട്ട് പോക്ക്. മലപ്പുറം അടക്കമുളള മലബാർ ജില്ലകളിലെ പൊലിസിൻെറ തെറ്റായ സമീപനത്തിനെതിരെ പി.വി.അൻവർ എം.എൽ.എ മാത്രമല്ല ശബ്ദം ഉയർത്തുന്നത്. മന്ത്രിസഭാംഗമായ വി.അബ്ദുറഹ്മാൻ, എം.എൽ.എമാരായ കെ.ടി.ജലീൽ, പി.ടി.എ റഹിം എന്നിവർക്കും മുൻ എം.എൽ.എ കാരാട്ട് റസാഖിനും എല്ലാം ഇതേ പരാതിയുണ്ട്.
മലപ്പുറത്ത് കേസുകൾ കൂടുതൽ എടുക്കുന്നതിനെതിരെ ആദ്യം ശബ്ദം ഉയർത്തയിത് മന്ത്രി അബ്ദുറഹ്മാനായിരുന്നു. ജില്ലയിലെ ന്യൂനപക്ഷ സമൂഹത്തിൽ അടക്കം പുകയുന്ന അസ്വസ്ഥത മനസിലാക്കിയായിരുന്നു അബ്ദുറഹ്മാൻെറ പ്രതികരണം. ഇതിന് ശേഷമാണ് പി.വി.അൻവറും കെ.ടി ജലീലും കാരാട്ട് റസാഖും എല്ലാം പരാതി ഉന്നയിച്ചത്. വ്യാപകമായി ഉയരുന്ന ജനരോഷം പ്രതിഫലിപ്പിക്കാൻ ശ്രമിച്ച പി.വി.അൻവറിനെ ക്രൂശിക്കാൻ ശ്രമിക്കുന്നതും ന്യൂനപക്ഷ വിഭാഗങ്ങളിലുളള അസ്വസ്ഥത കൂട്ടിയേക്കും.
തകര്‍ന്നത് 10 വര്‍ഷത്തെ 'മുസ്ലീം പ്രീണനം'
മലപ്പുറം ജില്ലയിലേത് അടക്കമുളള പരമ്പരാഗത ലീഗ് വോട്ട ബാങ്കായി അറിയപ്പെടുന്ന മുസ്ളീം വോട്ട് ബാങ്കിനെ ഇടത്തേക്ക് അടുപ്പിക്കാൻ വർഷങ്ങളായി നടത്തിയ അധ്വാനമാണ് എ.ഡി.ജി.പി - ആർ.എസ്.എസ് വിവാദത്തിലൂടെ സി.പി.എം പാഴാക്കി കളയുന്നത്. 2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് കെ.പി.എ മജീദിനെ അട്ടിമറിച്ച് ടി.കെ.ഹംസ ജയിച്ചതോടെയാണ് മലപ്പുറം കിട്ടാക്കനിയല്ലെന്ന് സി.പി.എം മനസിലാക്കി തുടങ്ങിയത്.
2005 ലെ സി.പി.എം സംസ്ഥാന സമ്മേളനത്തിന് മലപ്പുറമാണ് വേദിയായത്. മലപ്പുറം ചുവക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംസ്ഥാന സമ്മേളനം അരങ്ങേറിയത്. അതും ഫലം കണ്ടെന്ന് 2006 ലെ നിയമസഭാ തിരഞ്ഞടുപ്പ് തെളിയിച്ചു. ലീഗിൻെറ പൊന്നാപുരം കോട്ടകളായി കരുതപ്പെട്ടിരുന്ന കുറ്റിപ്പുറത്ത് സാക്ഷാൽ പി.കെ.കുഞ്ഞാലിക്കുട്ടിയും മങ്കടയിൽ ഡോ.എം.കെ. മുനീറും തിരൂരിൽ ഇ.ടി.മുഹമ്മദ് ബഷീറും തോറ്റുതൊപ്പിയിട്ടു.
മലപ്പുറത്തേയ്ക്ക് ഒരു പാലം
2006-11 കാലത്തെ വി.എസ്.സർക്കാരിൻെറ കാലത്ത് സച്ചാർ കമ്മിറ്റി റിപോർട്ട് നടപ്പാക്കുന്നതിനായി നിർദ്ദേശങ്ങൾ സ്വരൂപിക്കാൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചും അതിൻെറ അടിസ്ഥാനത്തിൽ മദ്രസാ അധ്യാപകർക്ക് അടക്കം ആനുകൂല്യങ്ങൾ നൽകിയും ന്യൂനപക്ഷത്തെ അടുപ്പിക്കാൻ നല്ല ശ്രമം നടത്തിയിരുന്നു.
എന്നാൽ 2016 ൽ പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് മുസ്ളീം ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ കൃത്യം റോഡ് മാപ് തയാറാക്കി ഇറങ്ങിയത്. ഇതിനുളള രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നു. പൗരത്വ നിയമഭേഗദതി, ഏക സിവിൽ കോഡ് തുടങ്ങി മുസ്ളീം ന്യൂനപക്ഷം ആശങ്ക ഉയർത്തുന്ന വിഷയങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചായിരുന്നു നീക്കം.
അതുവരെ ലീഗിൻെറ മറവിൽ മാത്രമായിരുന്ന സമസ്തയുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലേക്ക് ഇതെത്തി. സമസ്ത നേതാക്കൾ സി.പി.എം വേദിയിലെത്തുക കൂടി ചെയ്തതോടെ മുസ്ളീം ലീഗിനുളളിൽ അങ്കലാപ്പ് സൃഷ്ടിക്കാനുമായി. വഖഫ് നിയമനം പി.എസ്.എസിക്ക് വിട്ടത് പോലെയുളള നിർണായക വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം കണക്കിലെടുത്ത് സർക്കാർ നീങ്ങുക കൂടിയായപ്പോൾ അതുവരെ കടന്നുചെല്ലാത്ത പലമേഖലകളിലേക്കും കടന്നുകയറാൻ സി.പി.എമ്മിന് കഴിഞ്ഞു.
ഇങ്ങനെ നിരന്തര ഇടപെടലിലൂടെ പടുത്തുയർത്തിയ ബന്ധവും ആർജിച്ചെടുത്ത വിശ്വാസവുമാണ് എ.ഡി.ജി.പി അജിത്കുമാറിനെ സംരക്ഷിക്കുന്നതിലൂടെ സി.പി.എം കളഞ്ഞു കുളിക്കുന്നത്. അതുതന്നെയാണ് അന്‍വര്‍ ചോദിക്കുന്നത്, ഇനിയും അജിത്തിനെ ചേര്‍ത്തുപിടിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് ? എങ്കില്‍ സിപിഎമ്മിന്‍റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും പിണറായി എന്നാണ് അന്‍വറിന്‍റെ മുന്നറിയിപ്പ്. സിപിഎമ്മിനെ സംബന്ധിച്ച് അതൊരു പ്രശ്നം തന്നെയാണ്.