തിരുവനന്തപുരം: ഒക്ടോബർ നാലിന് നിയമസഭ സമ്മേളിക്കുമ്പോൾ പി.വി. അൻവർ എം.എൽ.എ എവിടെ ഇരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടത്തേക്കും വലത്തേക്കുമില്ല, നടുപക്ഷത്ത് ഉണ്ടാവുമെന്ന് അൻവർ ആലങ്കാരികമായി പറയുന്നുണ്ട്.
സി.പി.എം പിന്തുണയോടെ സ്വതന്ത്രനായാണ് ജയിച്ചതെങ്കിലും എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്നും പറയുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അൻവർ ഇപ്പോഴത്തെ ഇടത് എം.എൽ.എമാർക്കിടയിലെ സീറ്റ് ഉപേക്ഷിച്ച് പ്രത്യേക ബ്ലോക്കായി സഭയിൽ ഇരിക്കാനാണ് സാദ്ധ്യത.
ഇതിനായി തന്റെ സീറ്റ് മാറ്റണമെന്ന് സ്പീക്കർക്ക് അൻവർ കത്ത് നൽകും. നിലവിൽ കെ.കെ.രമ പ്രത്യേക ബ്ലോക്കായാണ് ഇരിക്കുന്നത്. പക്ഷേ ആർ.എം.പിയുടെ കക്ഷി നേതാവായതിനാൽ അവർക്ക് മുൻഭാഗത്ത് സീറ്റുണ്ട്. അൻവറിന് മുൻഭാഗത്ത് സീറ്റ് കിട്ടണമെന്നില്ല. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ സ്പീക്കർക്ക് കത്ത് നൽകും.
രാജിവയ്ക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചതോടെ, പത്രസമ്മേളനത്തിലും ചാനലുകളിലും മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങൾ അൻവർ സഭയിലും ഉന്നയിക്കുമോ എന്ന ഭയപ്പാടിലാണ് ഇടതു കേന്ദ്രങ്ങൾ.
മുഖ്യമന്ത്രിക്കും പോലീസ് നേതൃത്വത്തിനുമെതിരായ അൻവറിന്റെ ആരോപണങ്ങൾ നിയമസഭയിൽ തുടർച്ചയായി ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. ഈ ആരോപണങ്ങൾ ഉയരുമ്പോൾ അതിലെ കക്ഷിയായ അൻവറിന് സഭയിൽ സ്വന്തം ഭാഗം വിശദീകരിക്കാൻ സ്പീക്കർക്ക് അവസരം നൽകേണ്ടി വരും.
സഭയിൽ പ്രസംഗിക്കാൻ അവസരം കിട്ടിയാൽ ഇപ്പോൾ നടത്തിയതിലും സ്ഫോടനാത്മകമായി അൻവർ പ്രസംഗിക്കാൻ ഇടയുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയാൽ എ.കെ.ജി സെന്റർ പൂട്ടിക്കെട്ടി നേതാക്കൾ ഓടേണ്ടി വരുമെന്നാണ് അൻവറിന്റെ മുന്നറിയിപ്പ്.
സഭയിൽ അൻവർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ സി.പി.എം എം.എൽ.എമാർ പ്രതിരോധിക്കുമെന്ന് ഉറപ്പാണ്. ചുരുക്കത്തിൽ നിയമനിർമ്മാണത്തിനായി ചേരുന്ന സഭാസമ്മേളനം പ്രക്ഷുബ്ദ്ധമാവുമെന്ന് ഉറപ്പായി.
സ്വതന്ത്രനായി വിജയിച്ചതിനാൽ അൻവറിന് ഇപ്പോൾ ഏതെങ്കിലും പാർട്ടിയിൽ ചേരാനാവില്ല. അങ്ങനെയെങ്കിൽ കൂറുമാറ്റ പ്രശ്നം ഉയരാനിടയുണ്ട്. അതിനാൽ അൻവർ ഇപ്പോൾ കോൺഗ്രസിലോ ലീഗിലോ ചേരാനിടയില്ല. പക്ഷേ, യു.ഡി.എഫ് പാളയമാണ് അൻവറിന്റെ ലക്ഷ്യമെന്നാണ് സൂചന.
ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂർ അൻവറിലൂടെയാണ് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം പിടിച്ചെടുത്തത്. അതേ നാണയത്തിൽ അൻവറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പിന്തുണച്ച് നിലമ്പൂർ പിടിച്ചെടുക്കാമെന്ന് യു.ഡി.എഫും വിലയിരുത്തുന്നുണ്ട്.
അൻവർ മാത്രമല്ല, കെ.ടി. ജലീൽ, കാരാട്ട് റസാഖ് അടക്കം ഇടത് സ്വതന്ത്രന്മാരുടെ പട കൂട്ടത്തോടെ യു.ഡി.എഫിലെത്തിയാൽ മുസ്ലീം മേഖലകളിൽ യു.ഡി.എഫിന് വിജയിച്ച് കയറാമെന്നാണ് വിലയിരുത്തൽ.
സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച അൻവർ ഞായറോ, തിങ്കളോ നിലമ്പൂരിൽ തന്റെ അനുയായികളുടെ പൊതുസമ്മേളനം വിളിച്ച് തുടർപദ്ധതികളും നയവും വ്യക്തമാക്കാനിരിക്കുകയാണ്.
താൻ പോരാടിയത് സഖാക്കൾക്ക് വേണ്ടിയാണെന്ന് നിരന്തരം ആവർത്തിച്ച അൻവർ നിലമ്പൂരിലെ സി.പി.എം പ്രവർത്തകരിൽ ഒരുവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഇത് വരുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് ഗുണം ചെയ്യുമെന്ന് അൻവർ കണക്കുകൂട്ടുന്നു. നേതൃത്വത്തിനെതിരേ യുദ്ധം ചെയ്ത് പുറത്തായതാണെന്ന രക്തസാക്ഷി പരിവേഷത്തോടെയാവും അൻവർ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുക.
നിലമ്പൂർ സീറ്റ് മോഹിക്കുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നിലപാട് അൻവറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ നിർണ്ണായകമായി മാറും.
വണ്ടൂരും നിലമ്പൂരും അല്ലാതെ കോൺഗ്രസിന് വിജയസാദ്ധ്യതയുള്ള നിയോജക മണ്ഡലം മലപ്പുറത്തില്ല. പുതിയ പാർട്ടിയിലൂടെ കോൺഗ്രസിലെ ചില നേതാക്കളുടെ എതിർപ്പുകളെ മറികടക്കാനും തന്റെ അനുയായികളെ ഒപ്പം നിറുത്താനും യു.ഡി.എഫിന്റെ പിന്തുണ ഉറപ്പാക്കാനുമാവുമെന്ന് അൻവർ ക്യാമ്പ് കണക്കുകൂട്ടുന്നു.
ലീഗിന് അൻവറിനോട് മമതയോ എതിർപ്പോ ഇല്ല. സർക്കാരിനെതിരെ അൻവർ തുറന്നിട്ട സാഹചര്യം പരമാവധി അവസരമാക്കണമെന്നാണ് ലീഗിന്റെ നിലപാട്. പി.വി.അൻവറിനെ ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയ വാർത്താസമ്മേളനത്തിൽ ഗാന്ധി കുടുംബത്തെ അൻവർ പുകഴ്ത്തിയിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അൻവർ വിശദീകരിച്ചു.
അൻവർ പറഞ്ഞത് രാഷ്ട്രീയ യാഥാർത്ഥ്യമാണെന്നും, അറിഞ്ഞുകൊണ്ട് വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ പറഞ്ഞത്.
പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് തന്റെ വിശ്വാസം. ഡി.വൈ.എഫ്.ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ തന്നോടൊപ്പം ഉണ്ടാകുമെന്നും അൻവർ പറയുന്നതിലൂടെ പാർട്ടി വോട്ടുകളും തനിക്ക് വേണമെന്ന നിലപാടാണ് തെളിയുന്നത്.