തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ ജുഡീഷ്യൽ അന്വേഷണത്തിൽ കുടുക്കിയതിന് സമാനമായ ദുർവിധിയാണോ പിണറായിയെയും കാത്തിരിക്കുന്നതെന്ന് ഇടതു കേന്ദ്രങ്ങളിൽ ആശങ്ക.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്ന പോലീസ് അതിൽ 30 ശതമാനം സ്വർണം അടിച്ചുമാറ്റുകയാണെന്നും ഇക്കാര്യത്തിൽ സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് അൻവറിന്റെ നിലപാട്.
ഇതിനായി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകുമെന്നാണ് പ്രഖ്യാപനം. സ്വർണക്കടത്ത് പിടികൂടാൻ കസ്റ്റംസിന് മാത്രമാണ് അധികാരമെന്നിരിക്കെ, പോലീസ് പിടികൂടുന്ന സ്വർണം അവർക്ക് കൈമാറാതെ സ്വന്തമായി ഉരുക്കിയെടുക്കുന്നതിലാണ് അട്ടിമറി സംശയിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി അജിത്കുമാറിനും ഇതിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും അൻവർ ഹൈക്കോടതിയെ സമീപിക്കുക. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ സി.ബി.ഐ അന്വേഷണത്തിനോ സാദ്ധ്യതയേറെയാണ്.
അൻവറിന്റെ ആരോപണങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കരിപ്പൂർ വിമാനത്താവളം വഴി ഏകദേശം 150 കിലോ സ്വർണം ആണ് പൊലീസ് പിടികൂടിയത്. കസ്റ്റംസിന്റെയും സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളുടെയും കണ്ണുവെട്ടിച്ചാണ് ഇത്രയധികം സ്വർണം കടത്തിയത്.
പി.വി.അൻവറിന്റെ ഭാഷ കടമെടുത്താൽ അതിൽ ഏറെ സ്വർണം പൊലീസ് കണക്കിൽപ്പെടുത്താതെ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ആരോപണം. കണക്ക് പ്രകാരമുള്ള സ്വർണത്തിന്റെ ഏകദേശ വില 100 കോടി രൂപയിൽ അധികം വരും.
അൻവറിന്റെ ആരോപണപ്രകാരം പൊലീസ് മറച്ചുവച്ച സ്വർണത്തിന്റെ വില കണക്കാക്കിയാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ ഇരട്ടി വരും. ഇത് കസ്റ്റംസും മറ്റു കേന്ദ്ര ഏജൻസികളും അടങ്ങുന്ന കേസ് ആയതിനാലും മുൻപ് കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കള്ളക്കടത്ത് നടന്നിട്ടുള്ളതിനാലും ഇക്കാര്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനങ്ങിയില്ലെങ്കിലും കോടതിയിൽ ഹർജിയെത്തിയാൽ അന്വേഷണം ഉറപ്പാണെന്ന് വിലയിരുത്തപ്പെടുന്നു.
സോളാർ കേസിൽ പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയൽ അടക്കം സമരങ്ങളെത്തുടർന്നാണ് ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജഡ്ജിയായിരുന്നു അന്വേഷണം നടത്തിയത്. തന്റെ ഓഫീസടക്കം എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലും ഉൾപ്പെടുത്തി. എന്നാൽ സോളാർ അന്വേഷണ കമ്മീഷൻ പരിധിവിടുകയും ഉമ്മൻചാണ്ടിക്ക് തന്നെ വിനയാവുകയും ചെയ്തു.
2016ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തോൽവിക്ക് ഇടയാക്കിയ കാരണങ്ങളിലൊന്ന് ഈ അന്വേഷണമായിരുന്നു. തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു ജുഡീഷ്യൽ അന്വേഷണം.
ഇത് അംഗീകരിച്ചാൽ പ്രതിപക്ഷത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തിയത്. അതോടെ ക്രൈംബ്രാഞ്ച്, ഡി.ജി.പി തല അന്വേഷണം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ യുദ്ധ പ്രഖ്യാപനം നടത്തിയ അൻവർ പിണറായി ആഭ്യന്തര മന്ത്രി സ്ഥാനം ഉടനെ ഒഴിയണമെന്നും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും തുറന്നടിച്ചിട്ടുണ്ട്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിധത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം സംശയനിഴലിൽ നിർത്തിയുള്ള ഗുരുതര ആരോപണങ്ങളും അൻവർ ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ കാട്ടുകള്ളനെന്ന് വിശേഷിപ്പിച്ച അൻവർ പിണറായി ആണ് ഇതിന് പിന്തുണയേകുന്നതെന്നും വ്യക്തമാക്കി. പാർട്ടിയിൽ കുടുംബത്തെ വളർത്തുന്നു. മരുമകൻ റിയാസിനെ മാത്രമേ മുഖ്യമന്ത്രി കാണുന്നുള്ളൂ. സൺ ഇൻ ലോ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാൻ കാരണം.
ഈ ഒരു മനുഷ്യനു വേണ്ടി പാർട്ടി സംവിധാനം തകർക്കരുത്. അതിനു പാർട്ടി സംവിധാനം കൂട്ടുനിൽക്കണോ. റിയാസിന് വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് വന്നാൽ നടക്കില്ല. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം - അൻവർ പറഞ്ഞു.