തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ആഞ്ഞടിച്ച പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ സിപിഎം നേതൃനിര ഒന്നാകെ രംഗത്തു വന്നെങ്കിലും എഡിജിപിയുടെ നിലവിലെ കസേര തെറിക്കും എന്നുറപ്പ്.
അജിത് കുമാര്‍ മാറിയിരിക്കും എന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ തുറന്നടിക്കല്‍ തന്നെ സര്‍ക്കാരിനുള്ള താക്കീതാണ്.
അതിനാല്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് തല്‍ക്കാലം മാറ്റാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പകരം ചിലപ്പോള്‍ ഇന്‍റലിജന്‍സോ വിജിലന്‍സോ പോലുള്ള ചുമതലകള്‍ അദ്ദേഹത്തിന് കൈമാറിയാലും അത്ഭുതപ്പെടാനില്ല.
അജിത് കുമാറിനു പകരം എച്ച് വെങ്കിടേഷ്, മനോജ് എബ്രഹാം എന്നിവരിലൊരാള്‍ പരിഗണിക്കപ്പെട്ടേക്കാം.
അതേസമയം അജിത് കുമാറിനെ ഇപ്പോള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാലും പാര്‍ട്ടി അദ്ദേഹത്തെ കൈയ്യൊഴിയില്ല. നിലവിലെ ഡിജിപി അടുത്തിടെ വിരമിക്കാനിരിക്കെ ആ പദവിയിലേയ്ക്കുപോലും അജിത് കുമാര്‍ പരിഗണിക്കപ്പെട്ടേക്കാം.