തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എന്‍സിപിയുടെ ഔദ്യോഗിക തീരുമാനമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പരസ്യമായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടി പിളര്‍പ്പിലേയ്ക്ക്.
മൂന്നാം തീയതി എന്‍സിപി നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതോടെ അതിനു മുമ്പ് പാര്‍ട്ടി പിളര്‍ത്താനുള്ള അണിയറ നീക്കങ്ങള്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം തീയതി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ കത്തുമായി മുഖ്യമന്ത്രിയെ കാണാനാണ് പിസി ചാക്കോയുടെയും തോമസ് കെ തോമസിന്‍റെയും നീക്കം. ശശീന്ദ്രനെ നീക്കി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് കത്തിലൂടെ ശരത് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
അങ്ങനെ വന്നാല്‍ സ്വാഭാവികമായും മുന്നണി മര്യാദ പാലിക്കാന്‍ മുഖ്യമന്ത്രിക്ക് ഇത് അനുസരിക്കേണ്ടി വരും. അതിനാല്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പായി പിളര്‍പ്പിനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ നീക്കം.
ദുര്‍ബല പക്ഷം
മുതിര്‍ന്ന നേതാവ് പികെ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് ശശീന്ദ്രനെ പിന്തുണയ്ക്കുന്നത്. 4 ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ ഇവര്‍ക്കുണ്ട്. എന്നാല്‍ 7 ജില്ലാ കമ്മറ്റികളുടെ പിന്തുണയാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇവരെ കൂട്ടി മന്ത്രിയെ മാറ്റേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രിയേയും ഇടതു മുന്നണിയേയും അറിയിക്കാനാണ് ശശീന്ദ്രന്‍റെ നീക്കം. മുഖ്യമന്ത്രി അതിന് സമ്മതം മൂളിയാല്‍ പിസി ചാക്കോയും തോമസ് കെ തോമസും കൂട്ടരും മുന്നണി വിടുമെന്നാണ് ശശീന്ദ്രന്‍റെ പ്രതീക്ഷ.
ഈ സാഹചര്യത്തില്‍ നേതാക്കളെല്ലാവരും ഇടതു മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ സംസ്ഥാന ഭാരവാഹികളെ അടക്കം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വെടക്കാക്കി തനിക്കാക്കാന്‍ ശശീന്ദ്രന്‍
അതേസമയം പിസി ചാക്കോയും തോമസ് കെ തോമസും മുന്നണി വിടുമെന്നത് ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ പ്രചാരണമാണെന്നാണ് പറയപ്പെടുന്നത്. തുടര്‍ച്ചയായി മന്ത്രിസ്ഥാനം വഹിക്കുന്ന ശശീന്ദ്രന്‍ പദവി മാറണം എന്നതു മാത്രമാണ് ചാക്കോ പക്ഷത്തിന്‍റെ ആവശ്യം. പിളര്‍പ്പ് അവര്‍ ആഗ്രഹിക്കുന്നുമില്ല.
7 ഡിസിസികളും സംസ്ഥാന ഭാരവാഹികളില്‍ ബഹുഭൂരിപക്ഷവും ചാക്കോ പക്ഷത്ത് ഉറച്ചു നില്‍ക്കുകയാണ്. തൃശൂരില്‍ നിന്നും കോഴിക്കോട്ടുനിന്നുമുള്ള നേതാക്കളാണ് ശശീന്ദ്രന് ഒപ്പമുള്ളത്. ദേശീയ നേതൃത്വം പൂര്‍ണമായും ചാക്കോയെയാണ് പിന്തുണയ്ക്കുന്നത്. അതിനാല്‍ തന്നെ ശശീന്ദ്രന്‍റെ നീക്കം വിജയം കാണുക പ്രയാസമാണ്.
പിളര്‍പ്പ് താങ്ങില്ല
മാത്രമല്ല, അന്‍വര്‍ വിവാദത്തില്‍ സര്‍ക്കാരും മുന്നണിയും പ്രതിസന്ധി നേരിടുന്നതിനിടെ ഘടകകക്ഷിയില്‍ പിളര്‍പ്പ് ഉണ്ടാകുന്നത് ഭരണമുന്നണിക്കെതിരായ ജനവികാരം സൃഷ്ടിക്കും എന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ശശീന്ദ്രനോട് മാറാന്‍ മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചേക്കാം.
അതിനിടെ മന്ത്രി സ്ഥാനത്തിനു വേണ്ടി ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന പൊതുവികാരവും എന്‍സിപിയില്‍ ഉടലെടുത്തിട്ടുണ്ട്.
ഇത് തോമസ് കെ തോമസിന് ഗുണം ചെയ്യും. ഫലത്തില്‍ അടുത്തയാഴ്ച തോമസ് കെ തോമസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത തെളിയുന്നത്.