തിരുവനന്തപുരം: മലപ്പുറത്തെ തള്ളിപ്പറഞ്ഞെന്നും അപമാനിച്ചെന്നും ആരോപണം ഉയർന്നതോടെ ഡൽഹിയിൽ ദി ഹിന്ദു’ദിനപത്രത്തിന് നൽകിയ അഭിമുഖം തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ വാക്കുകൾ പത്രം വളച്ചൊടിച്ചെന്നും ഇക്കാര്യത്തിൽ തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചു.
മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചില്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഹിന്ദുവിനുള്ള കത്തിൽ പറയുന്നു.
‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് പിവി അൻവർ എംഎൽഎ രംഗത്തെത്തിയിരുന്നു.
തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണ് ഹിന്ദുവിലെ അഭിമുഖമെന്നും പിവി അൻവർ ആഞ്ഞടിച്ചു.
ഇതിനു പിന്നാലെയാണ് അഭിമുഖത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. മലപ്പുറം പരാമർശത്തിൽ വൻ പ്രതിഷേധമുയർന്നതോടെയാണ് തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി ഹിന്ദു പത്രത്തോട് ആവശ്യപ്പെട്ടത്.
വാർത്തയിലെ വ്യാഖ്യാനം അനാവശ്യ വിവാദത്തിന് വഴിവച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റായി നൽകുകയായിരുന്നു. ഒരു സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. വിവാദം അവസാനിപ്പിക്കാൻ പത്രം വിശദീകരണം നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്തിലുള്ളത്.
ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മുസ്ലീം തീവ്രവാദികളും സർക്കാരിനെ ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആർ.എസ്.എസ് മേധാവിയുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്. ഇടതുപക്ഷവും സി.പി.എമ്മും ആർ.എസ്.എസിനെയും ഹിന്ദുത്വ ശക്തികളെയും എക്കാലവും എതിർത്തിട്ടുണ്ട്.
സർക്കാരിനെതിരെ ഉയരുന്ന കള്ളക്കഥകൾ കേരളത്തിൽ ആരും വിശ്വസിക്കില്ല. ആരോപണങ്ങൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഏറെക്കാലം യു.ഡി.എഫിനൊപ്പമായിരുന്ന ന്യൂനപക്ഷ സമുദായങ്ങൾ ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണയ്‌ക്കുന്നു.
ഇത് തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കി യു.ഡി.എഫ് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സ്വർണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പൊലീസ് ഇടപെടലുകളും ആരോപണങ്ങൾക്ക് പ്രേരകമായി.
മലപ്പുറം ജില്ലയിൽ നിന്ന് അഞ്ച് വർഷത്തിനിടെ പൊലീസ് പിടികൂടിയത് 123 കോടി രൂപ ഹവാലാ പണവും 150 കിലോ സ്വർണവുമാണ്. ദേശ- സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള പണമാണിത്.
ഈ നടപടിയോടുള്ള പ്രതികരണം കൂടിയാണ് ആരോപണങ്ങൾ. സർക്കാർ മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ ശക്തികൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു.
75 വയസ് പ്രായപരിധി മാനിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മാറി നിൽക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ പാർട്ടിയെടുക്കുന്ന കൂട്ടായ തീരുമാനങ്ങൾക്ക് വിധേയമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
വ്യക്തിക്ക് തീരുമാനിക്കാൻ കഴിയില്ല, താൻ എപ്പോഴും പാർട്ടിക്ക് വേണ്ടിയും വിശാലമായ സമവായം അനുസരിച്ചും പ്രവർത്തിച്ചെന്നുംഅദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിനാൽ സി.പി.എം 'ഇന്ത്യ' മുന്നണിയിൽ തുടരുമെന്നും എന്നാൽ മറ്റ് പാർട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്തരിച്ച സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുമായി നല്ല ബന്ധമുണ്ടായിരുന്നത് പരാമർശിക്കവെ പിൻഗാമിയെ അദ്ദേഹവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും പിണറായി വിശദീകരിച്ചു.
പാർട്ടി താത്‌പര്യങ്ങൾ സംരക്ഷിക്കുന്നയാളെ നടപടിക്രമം അനുസരിച്ച് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കും- മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖത്തിനെതിരേ അൻവർ ആഞ്ഞടിച്ചതിന് പിന്നാലെ മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം ഇന്ന് രാവിലെ നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. അഭിമുഖത്തിലെ വാക്കുകൾ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ അത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്തും. പിണറായിയുടെ നിലപാട് മാറ്റം അവര്‍ക്ക് മനസ്സിലാവുമെന്നും മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഇല്ലെന്നും പി വി അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് പറഞ്ഞിരുന്നു.
മുസ്ലിം വിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ.
ഹിന്ദുവില്‍ വന്ന് നാളെ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല', പി വി അന്‍വര്‍ പറഞ്ഞു.