3,500 കോടി കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ കാര്‍ഷിക വികസന ബാങ്ക്. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുതിത്തള്ളും. ബജറ്റ് യോഗം അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമമെന്ന് ആരോപണം. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നിയമ നടപടിക്ക് ഭരണസമിതി

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാര്‍ഷിക പൊതുയോഗം ചേര്‍ന്നാണു ബജറ്റിന് അംഗീകാരം നല്‍കിയതെന്ന് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹന്‍ അറിയിച്ചു. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള തീരുമാനത്തിനും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി അംഗീകാരം നല്‍കി. 

New Update
kerala state cooperative agriculture and rural development bank
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം 3500 കോടി രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള ബജറ്റ് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഐക്യകണ്‌ഠേന പാസാക്കി.

Advertisment

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാര്‍ഷിക പൊതുയോഗം ചേര്‍ന്നാണു ബജറ്റിന് അംഗീകാരം നല്‍കിയതെന്ന് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹന്‍ അറിയിച്ചു. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള തീരുമാനത്തിനും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി അംഗീകാരം നല്‍കി. 


1,05,66,128 രൂപയുടെ വായ്പയാണ് എഴുതിത്തള്ളാന്‍ തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള വായ്പയുടെ പലിശ 10 ശതമാനത്തില്‍ താഴെ മാത്രമായിരിക്കും.


2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ മൊത്തം വായ്പ 7824.75 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് 35.496 കോടി രൂപയുടെ അറ്റാദായമുണ്ടായെന്നും ഷാജിമോഹന്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലായി 2826.26 കോടി രൂപയുടെ വായ്പയാണു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിതരണം ചെയ്തത്. ഇതു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.64 ശതമാനം അധികമാണ്.


വിതരണം ചെയ്ത വായ്പകളില്‍ 45 ശതമാനവും കാര്‍ഷിക മേഖലയ്ക്കുള്ളതാണ്. 1287.19 കോടി രൂപയാണ് ഈയിനത്തില്‍ വായ്പയായി വിതരണം ചെയ്തത്. 34 ശതമാനം ഗ്രാമീണ ഭവന നിര്‍മ്മാണം, 11 ശതമാനം ഹ്രസ്വകാല വായ്പകള്‍, 10 ശതമാനം കാര്‍ഷികേതര മേഖല എന്നിങ്ങനെയാണു വിതരണം ചെയ്ത മറ്റു വായ്പകളെന്നും അദ്ദേഹം വ്യക്തമാക്കി.


ബാങ്ക് ഭരണസമിതി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബജറ്റ് പാസാക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ഷിക പൊതുയോഗം പുറത്തുനിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് അലങ്കോലപ്പെടുത്താനുള്ള സി.പി.എം പ്രതിനിധികളുടെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് സി.കെ ഷാജി മോഹന്‍ പറഞ്ഞു.

വാര്‍ഷിക പൊതുയോഗം ബജറ്റിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണു കോണ്‍ഫറന്‍സ് ഹാളിലേക്ക് ഒരുകൂട്ടം ആളുകള്‍ ഇരച്ചുകയറിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തടസം നിന്ന ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തത്. ഒടുവില്‍, പോലീസെത്തിയാണു പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ അനധികൃത നീക്കത്തിലൂടെ പിരിച്ചുവിട്ട സി.പി.എമ്മിനു ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി കിട്ടിയതിന്റെ പ്രതികാരം അവര്‍ ഇപ്പോഴും തുടരുകയാണ്.

ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ബാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമമാണു നടത്തുന്നത്. യു.ഡി.എഫ് ഭരണസമിതിക്ക് അഞ്ചു വര്‍ഷത്തെ കാലാവധി ഉണ്ടെന്നിരിക്കെ, ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നു പ്രചരിപ്പിച്ചു കാട്ടുന്ന കയ്യൂക്കിനെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


യു.ഡി.എഫിന് 12 അംഗങ്ങളും എല്‍.ഡി.എഫിനു രണ്ടംഗങ്ങളും മൂന്നു സര്‍ക്കാര്‍ നോമിനികളുമാണു ഭരണസമിതിയിലുള്ളത്. ഇത്രയും വലിയ ഭൂരിപക്ഷം ഉണ്ടായിട്ടും ജനാധിപത്യപരമായി ഭരിക്കാന്‍ അനുവദിക്കാത്തത് ആസൂത്രിതമായി സംഘം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭഗമായാണ്.


കഴിഞ്ഞ സെപ്റ്റംബര്‍ 30നാണു ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. 28ന് ചേര്‍ന്ന ബാങ്ക് പൊതുയോഗം സി.പി.എം പ്രതിനിധികള്‍ അലങ്കോലമാക്കിയതിനെ തുടര്‍ന്നു തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.

ഇതിന്റെ പേരില്‍ ബാങ്കില്‍ ഭരണ പ്രതിസന്ധിയുണ്ടെന്നു കാണിച്ചാണു ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളായ രണ്ടുപേരടക്കം മൂന്നു സി.പി.എം അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തു.


ഈ നടപടിയാണു ഹൈക്കോടതി ഉത്തരവിലൂടെ അസാധുവായത്. കരുവന്നൂര്‍, കണ്ടല തുടങ്ങിയ സഹകരണ ബാങ്കുകളില്‍ നടന്ന കോടികളുടെ കൊള്ളയ്ക്ക് സമാനമായി 35 കോടിയിലേറെ ലാഭമുള്ള കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കൊള്ള നടത്തുകയാണു സി.പി.എമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ. നീലകണ്ഠന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി.പി അബ്ദുറഹ്മാന്‍, ടി.എം കൃഷ്ണന്‍, ടി.എ നവാസ്, എസ്.കെ അനന്തകൃഷ്ണന്‍, ടി.എം നാസര്‍, എസ്. മുരളീധരന്‍ നായര്‍, ഒ.ആര്‍ ഷീല, പി.കെ രവി, ഫില്‍സന്‍ മാത്യൂസ്, ജെഎസ് സോമശേഖര തുടങ്ങിയവർ പങ്കെടുത്തു.

Advertisment